Cricket

ലങ്കയെ വീണ്ടും തരിശാക്കി ഇന്ത്യന്‍ പെണ്‍പട

ലങ്കയെ വീണ്ടും തരിശാക്കി ഇന്ത്യന്‍ പെണ്‍പട
X

കൊളംബോ: ലങ്കന്‍ പര്യടനത്തിലെ മൂന്നാം ട്വന്റി20യിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. അഞ്ചു വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ ലങ്കയെ കീഴ്‌പ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങിനയച്ചപ്പോള്‍ അവരുടെ ചെറുത്തുനില്‍പ് എട്ട് വിക്കറ്റിന് 131 റണ്‍സില്‍ അവസാനിച്ചു. മറുപടിക്കിറങ്ങിയ ഇന്ത്യ 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു. ഇതോടെ അഞ്ച് മല്‍സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ മൂന്ന് മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. ആദ്യ മല്‍സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മല്‍സരം സമനിലയില്‍ അവസാനിച്ചിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങിനിറങ്ങേണ്ടി വന്ന ശ്രീലങ്ക 35 റണ്‍സെടുത്ത ശശികല സിരിവര്‍ധനെയുടേയും (32 പന്തില്‍ 35) നീലാക്ഷി ഡി സില്‍വയുടേയും (20 പന്തില്‍ 31) ബാറ്റിങ് മികവില്‍ 20 ഓവറില്‍ 131 എന്ന ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തുകയായിരുന്നു. റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ച ഇന്ത്യന്‍ ബൗളര്‍ളര്‍മാരുടെ മികച്ച പ്രകടനമാണ് ലങ്കയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും അരുന്ധതി റെഡ്ഡിയും രണ്ട് വീതം വിക്കറ്റുകളും രാധാ യാദവും അനുജ പാട്ടീലും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ടീം ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാന ഇത്തവണയും നിരാശപ്പെടുത്തി. 6 റണ്‍സെടുത്ത് മന്ദാന മടങ്ങിയപ്പോള്‍ ആദ്യ മല്‍സരത്തില്‍ തിളങ്ങിയ മിതാലി രാജിനും (13) കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇരുവരും പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 38 മാത്രം. എന്നാല്‍ മൂന്നാമതായി ക്രീസിലെത്തിയ യുവതാരം ജെമീമ റോഡ്രിഗസ് ആക്രമണ ബാറ്റിങ് പുറത്തെടുത്തതോടെ ഇന്ത്യ വിജയതീരമണിഞ്ഞു. 40 പന്തില്‍ 6 ബൗണ്ടറികളും 2 സിക്‌സറുകളുമടക്കം 57 റണ്‍സ് നേടിയ ജെമീമയാണ് ടീമിന്റെ വിജയ ശില്പി. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ 19 പന്തില്‍ 24 റണ്‍സെടുത്തു.
Next Story

RELATED STORIES

Share it