Cricket

നായകന്‍ രോഹിത് ശര്‍മ തകര്‍ത്തടിച്ചു: ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം

നായകന്‍ രോഹിത് ശര്‍മ തകര്‍ത്തടിച്ചു: ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം
X

ദുബയ്: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ തുടക്കത്തില്‍ പകരക്കാരനായിറങ്ങി ബംഗ്ലാദേശിന്റെ നാലു വിക്കറ്റ് വീഴ്ത്തി ജഡേജയും പിന്നീട് നായകന്‍ രോഹിത് ശര്‍മ തകര്‍ത്തടിക്കുകയും ചെയ്ത മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 173 റണ്‍സിന് പുറത്താക്കിയപ്പോള്‍ കുറഞ്ഞ വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇന്ത്യ നായകന്റെ തകര്‍പ്പന്‍ പ്രകടന മികവില്‍ 36.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 174 റണ്‍സെടുത്ത് വിജയം കാണുകയായിരുന്നു. 104 പന്തില്‍ അഞ്ച് ഫോറും മൂന്ന് പടുകൂറ്റന്‍ സിക്‌സറും പറത്തി നായകന്‍ 83 റണ്‍സാണ് പുറത്താകാതെ നേടിയത്.
പാകിസ്താനെതിരായ മല്‍സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതോടെയാണ് ബംഗ്ലാദേശിനെതിരായ ആദ്യ സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ രവീന്ദ്ര ജഡേജയെ പകരക്കാരനായി ഇറക്കിയത്. 10 ഓവറില്‍ വെറും 29 റണ്‍സ് വഴങ്ങി നാലുവിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംറയും മൂന്ന് വീതം വിക്കറ്റുകളും വീഴ്ത്തി.
വന്‍ തകര്‍ച്ചയിലേക്ക് കൂപ്പു കുത്തിയ ബംഗ്ലാദേശിനെ വാലറ്റത്ത് മെഹദി ഹസനും ക്യാപ്റ്റന്‍ മഷറഫെ മൊര്‍ത്താസയും (26) ചേര്‍ന്നാണ് കരകയറ്റിയത്. 42 റണ്‍സെടുത്ത മെഹദിയാണ് ടോപ്‌സ്‌കോറര്‍.ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏവരെയും ഞെട്ടിച്ച് ബൗളിങ് തിരഞ്ഞെടുത്തപ്പോള്‍ ശരിക്കും ശരിയായ തീരുമാനമായിരുന്നു അതെന്ന് ഉറ്റുനോക്കിയ എല്ലാം ആരാധകര്‍ക്കും മനസ്സിലായി.
തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാരെ ബൗണ്ടറി കടത്തുന്നതില്‍ നന്നേ പാടു പെട്ട ബംഗ്ലാ ഓപണര്‍മാര്‍ക്ക് പിന്നീട് വിക്കറ്റും നഷ്ടപ്പെടുത്തേണ്ടി വന്നു. അഞ്ച് ഓവറിനുളളില്‍ ഇവര്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ രണ്ട് വിക്കറ്റിന് 16 റണ്‍സ്. ലിറ്റന്‍ ദാസിനെ (7) ഭുവി, കേദാര്‍ ജാദവിന്റെ കൈകളിലെത്തിച്ച് ബംഗ്ലയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചപ്പോള്‍ തുടര്‍ന്നുള്ള നാലാം പന്തില്‍ നസ്മുല്‍ മോമിനുല്‍ ഷാന്റോയെ(7) ധവാന്റെ കൈകളിലെത്തിച്ച് ബൂംറയും കരുത്ത് കാട്ടിയതോടെ ബംഗ്ലാദേശ് തകര്‍ച്ച മണത്തു. തുടക്കം നന്നായെങ്കിലും അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഷക്കീബും മടങ്ങി. ജഡേജയാണ് ഷക്കീബിനെ (17) വീഴ്ത്തിയത്. മുഷ്ഫിഖുര്‍ റഹീം തുടക്കം ഗംഭീരമാക്കിയെങ്കിലും 21 റണ്‍സില്‍ ഒതുങ്ങി കളം വിട്ടു.
തുടര്‍ന്ന് വന്ന മഹ്മൂദുള്ള (25) കളം നിറഞ്ഞ് കളിക്കാന്‍ ശ്രമിച്ചെങ്കിലും ഭൂവനേശ്വര്‍ കുമാറിന്റെ എല്‍ബിയില്‍ കുരുങ്ങാനായിരുന്നു വിധി. എട്ടാം വിക്കറ്റില്‍ മെഹദിയും മൊര്‍ത്താസയും ചേര്‍ന്ന് ജീവശ്വാസം നല്‍കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ ബംഗ്ലാ നിരയ്ക്ക കരകയറാന്‍ കഴിഞ്ഞില്ല. പോരാട്ടം 173ല്‍ അവസാനിച്ചു.
ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപണിങിനിറങ്ങിയ ധവാനും രോഹിതും ചേര്‍ന്ന് ബംഗ്ലാ പേസര്‍മാരെ കണക്കിന് ശിക്ഷിച്ചു. സ്‌കോര്‍ 61ല്‍ നില്‍ക്കേ ഇന്ത്യക്ക് ആദ്യ മല്‍സരത്തിലെ സെഞ്ച്വറി വീരന്‍ ധവാനെ (40) നഷ്ടമായി. റായിഡു(13) കത്തിക്കയറും മുമ്പേ പവലിയനിലേക്ക് മടങ്ങി. തുടര്‍ന്നെത്തിയ ധോണിയുമായി(33) നായകന്‍ രോഹിത് ശര്‍മ കൂട്ടുകെട്ട് സ്ഥാപിച്ചതോടെ ഇന്ത്യ ടോപ് ഗിയറില്‍ തന്നെ മല്‍സരം തുടര്‍ന്നു. ഒടുവില്‍ ഇന്ത്യക്ക് വിജയതീരത്തെത്താന്‍ നാല് റണ്‍സ് മാത്രം ബാക്കി നില്‍ക്കേ ധോണി മടങ്ങിയതോടെ കാര്‍ത്തികിനെ (പുറത്താവാതെ 1*) കൂട്ടുപിടിച്ച് നായകന് രോഹിത് ശര്‍മ തന്നെ ഇന്ത്യന്‍ ജയം അനായാസമാക്കി.
Next Story

RELATED STORIES

Share it