ടി ജി മോഹന്‍ദാസിന്റെ ഹര്‍ജി തളളി, ശബരിമല എല്ലാവരുടേതുമെന്ന് ഹൈക്കോടതി; ഇരുമുടിക്കെട്ടില്ലാതെയും മല കയറാംതിരുവനന്തപുരം : ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നും ഇരുമുടി കെട്ടില്ലാതെ മല കയറാമെന്നും കോടതി വ്യക്തമാക്കി.
പതിനെട്ടാം പടി കയറുന്നതിന് മാത്രമാണ് ഇരുമുടിക്കെട്ടെന്ന നിബന്ധന. പതിനെട്ടാംപടിയിലൂടെ അല്ലാതെ ദര്‍ശനം നടത്തുന്നതിന് ഇരുമുടിക്കെട്ട് നിര്‍ബന്ധമല്ലെന്നും സ്ത്രീയായാലും പുരുഷനായാലും സംരക്ഷണം നല്‍കണമെന്നും കോടതി പറഞ്ഞു.

ശബരിമലയില്‍ അഹിന്ദുക്കളുടെയും വിഗ്രഹാരാധനയില്‍ വിശ്വാസമില്ലാത്തവരുടെയും പ്രവേശനം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ബിജെപി നേതാവ് ടിജി മോഹന്‍ദാസ് ഹര്‍ജി നല്‍കിയത്. കേരളത്തിന്റെ മതേതരത്വം തകര്‍ക്കുന്ന സ്വഭാവമുളളതാണെന്ന് വിലയിരുത്തി അതൃപ്തി രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഹര്‍ജി തളളിയത്.

ഹിന്ദുമതത്തില്‍ വിശ്വാസമുണ്ടെന്ന് എഴുതിവാങ്ങിയ ശേഷമേ അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിക്കാവൂ എന്നായിരുന്നു ഹര്‍ജിലെ ആവശ്യം. സോമനാഥ്, തിരുപ്പതി, ക്ഷേത്രങ്ങളില്‍ ഈ രീതിയാണുളളത്. ഹിന്ദു പൊതു ആരാധനാലയ പ്രവേശന നിയമത്തിലെ വ്യവസ്ഥ പാലിക്കണം.

ശബരിമലയില്‍ അഹിന്ദുക്കളെയും വിശ്വാസികളെയും പ്രവേശിപ്പിക്കാന്‍ പൊലീസ് നടത്തിയ ശ്രമത്തെ പറ്റി പൊലീസ് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു.

സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവ് മറയാക്കി വിഗ്രഹാരാധനയെ എതിര്‍ക്കുന്നവരും ഇരുമുടിക്കെട്ടില്ലാത്തവരുമായ സ്ത്രീകളെ പൊലീസ് സംരക്ഷണത്തോടെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത് ഭക്തര്‍ക്ക് വേദനയുണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സര്‍ക്കാരും കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.

RELATED STORIES

Share it
Top