Youth

വേമ്പനാട്ട് കായലില്‍ ഇനി ബന്തിപ്പൂവും സൂര്യകാന്തിയും വിരിയും;ഫ്‌ളോട്ടിങ് കൃഷിരീതിയുമായി യുവ കര്‍ഷകന്‍ സുജിത്

ആലപ്പുഴയിലെ രണ്ടര ഏക്കറോളം ചൊരിമണലില്‍ സൂര്യകാന്തിപ്പൂവ് വിരിയിച്ചും ഉളളിയും ഉരുളക്കിഴങ്ങും വിളയിച്ചും ശ്രദ്ദേയനായ യുവ കര്‍ഷകനാണ് സുജിത്.ഫ്‌ളോട്ടിങ്് കൃഷി രീതിയിലൂടെ പുതിയ പരീക്ഷണത്തിനാണ് സുജിത് വേമ്പനാട് കായലില്‍ തുടക്കമിടുന്നത്.കായലിലും തോടുകളിലും ജലയാത്രക്കാര്‍ക്കും മല്‍സ്യബന്ധന തൊഴിലാളികള്‍ക്കും എക്കാലത്തും പ്രതിസന്ധി സൃഷ്ടിക്കുന്ന പോള പായല്‍ ഉപയോഗിച്ച് തടമൊരുക്കിയാണ് സുജിത് ഫ്‌ളോട്ടിങ് കൃഷി ഒരുക്കുന്നത്

വേമ്പനാട്ട് കായലില്‍ ഇനി ബന്തിപ്പൂവും സൂര്യകാന്തിയും വിരിയും;ഫ്‌ളോട്ടിങ് കൃഷിരീതിയുമായി യുവ കര്‍ഷകന്‍ സുജിത്
X

ആലപ്പുഴ:വേമ്പനാട്ട് കായലില്‍ ഇനി ബന്തിപ്പൂവും സൂര്യകാന്തിയും വിരിയും ഒപ്പം പച്ചക്കറിയും വിളയും.കേള്‍ക്കുമ്പോള്‍ ആദ്യം ഒന്ന് അമ്പരക്കുമെങ്കിലും ഇത് യാഥാര്‍ഥ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആലപ്പുഴ ചേര്‍ത്തല,പുത്തനമ്പലം സ്വാമി നികര്‍ത്തില്‍ സുജിത് എന്ന യുവ കര്‍ഷകന്‍.ആലപ്പുഴയിലെ രണ്ടര ഏക്കറോളം ചൊരിമണലില്‍ സൂര്യകാന്തിപ്പൂവ് വിരിയിച്ചും ഉളളിയും ഉരുളക്കിഴങ്ങും വിളയിച്ചും ശ്രദ്ദേയനായ യുവ കര്‍ഷകനാണ് സുജിത്.ഫ്‌ളോട്ടിങ് കൃഷി രീതിയിലൂടെ പുതിയ പരീക്ഷണത്തിനാണ് സുജിത് വേമ്പനാട് കായലില്‍ തുടക്കമിടുന്നത്.


കായലിലും തോടുകളിലും ജലയാത്രക്കാര്‍ക്കും മല്‍സ്യബന്ധന തൊഴിലാളികള്‍ക്കും എക്കാലത്തും പ്രതിസന്ധി സൃഷ്ടിക്കുന്ന പോള പായല്‍ ഉപയോഗിച്ച് തടമൊരുക്കിയാണ് സുജിത് ഫ്‌ളോട്ടിങ് കൃഷി ഒരുക്കുന്നത്.വേമ്പനാട്ട് കായലില്‍ തണ്ണീര്‍മുക്കം കണ്ണങ്കര പള്ളിക്കു സമീപമാണ് സുജിത് കൃഷിത്തടമൊരുക്കിയിരിക്കുന്നത്.ഒരു സെന്റ് വീതം മൂന്നു കൃഷിത്തടങ്ങളാണ് സുജിത് ഇവിടെ കായലില്‍ ഒരുക്കിയിരിക്കുന്നത്. ഒരെണ്ണത്തില്‍ ബന്തിയുടെ തൈ നട്ടു കഴിഞ്ഞു.മറ്റു രണ്ടെണ്ണം കൃഷിക്കായി ഒരുക്കിയിട്ടിരിക്കുകയാണ്.ഇവയില്‍ ഒരെണ്ണത്തില്‍ സൂര്യകാന്തിയും മറ്റേതില്‍ പച്ചക്കറിയും നടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സുജിത് പറഞ്ഞു.

പച്ചക്കറികൃഷിയുടെ തടത്തില്‍ ആദ്യം വെണ്ട നടാനാണ് ഉദ്ദേശിക്കുന്നതെന്നും സുജിത് പറഞ്ഞു.വളരെ ചെലവു കുറഞ്ഞ രീതിയിലാണ് കൃഷിത്തടം ഒരുക്കിയിരിക്കന്നത്.ഒരു സെന്റ് കൃഷിസ്ഥലം ഒരുക്കാന്‍ ആറായിരം രൂപയില്‍ താഴെ മാത്രമെ ചിലവ് വരികയുള്ളു.10 മീറ്റര്‍ നീളത്തിലും ആറു മീറ്റര്‍ വീതിയിലുമായി വണ്ണമുള്ള മുള കമ്പുകള്‍ നെടുകെയും കുറുകയുമായി ചെറിയ കള്ളികളാക്കി കെട്ടി ഫ്രെയിം ഉണ്ടാക്കും. ഇതിനു മുകളില്‍ വല പോലെ കയര്‍ ഭൂവസ്ത്രം വിരിക്കും.തുടര്‍ന്ന് ഈ ഫ്രെയിം കായലില്‍ ഇടും.ഒരു ഫ്രെയിം ഒരു സെന്റ് സ്ഥലമോളം വരും.തുടര്‍ന്ന് ഇതിലേക്ക് കായലില്‍ നിന്നു തന്നെയുള്ള പോളവാരി നിരത്തിയശേഷം തല്ലി ഒതുക്കും.ഏകദേശം 10 സെന്റോളം കായല്‍പരപ്പില്‍ നിന്നുള്ള പോള ഇതില്‍ ഇടാം. ഇതേ അളവില്‍ പോള വാരി കരയിലും ഇടും.കരയില്‍ ഇടുന്ന പോള അഴുകിയ ശേഷം അടുത്ത ഘട്ടമായി ഫ്രെയിമില്‍ ഇടുന്നതിനാണ്.


ഏതാനും ദിവസം കൊണ്ട് കായിലിലെ ഫ്രെയിമില്‍ ഇട്ടിരിക്കുന്ന പോളയും കരയില്‍ ഇട്ടിരിക്കുന്ന പോളയും അഴുകി പാകമാകും.തുടര്‍ന്ന് കായലിലെ ഫ്രെയിമില്‍ അടുക്കിയിരിക്കുന്ന പോളയുടെ മുകളിലേക്ക് കരയില്‍ ഇട്ട് അഴുകിയ പോളകൂടി വാരി നിരത്തും.തുടര്‍ന്ന് കായലില്‍ നിന്നും അല്‍പം ചെളി കൂടി എടുത്ത് തടത്തിലും അരികിലും മറ്റുമായി ഇടുന്നതോടെ കൃഷി സ്ഥലം ഒരുങ്ങും.ഒരു മാസം പിന്നിടുമ്പോള്‍ തൈ നടാന്‍ പാകത്തിന് കൃഷി സ്ഥലം തയ്യാറും. ഈ സമയത്ത് കരയില്‍ നട്ടു വളര്‍ത്തിയിരിക്കുന്ന തൈകള്‍ ഇതിലേക്ക് പറിച്ചു നടുന്നതാണ് അടുത്ത ഘട്ടം.ഇതു കൂടി പൂര്‍ത്തിയാകുന്നതോടെ കൃഷിത്തോട്ടം പൂര്‍ണ്ണമായും ഒരുങ്ങും.ഒന്നര മാസത്തെ അധ്വാനത്തിനൊടുവില്‍ കായലിലെ തന്നെ അഞ്ചു ടണ്ണോളം വരുന്ന പായല്‍ ഉപയോഗിച്ചാണ് സുജിത് ഫ്‌ളോട്ടിങ് കൃഷിത്തടം ഒരുങ്ങിയിരിക്കുന്നത്.


സുജിത് നടപ്പിലാക്കുന്ന കൃഷിയിലൂടെ കായലിലെയും തോടുകളിലെയും പോള ശല്യവും ഒഴിവാക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രയോജനം.കായലിലെയും തോടുകളിലെയും പോളകള്‍ നീക്കുന്നതിനായി സര്‍ക്കാര്‍ ലക്ഷകണക്കിന് രൂപയാണ് ചിലവാക്കുന്നത്.സുജിതിന്റെ കൃഷി രീതി പ്രാവര്‍ത്തികമായാല്‍ അഞ്ചു പൈസ ചിലവില്ലാതെ ഇതിനും പരിഹാരമാകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.പ്രളയം വന്നാലും കൃഷി നശിക്കുന്നില്ലെന്നതാണ് സുജിത് ഒരുക്കുന്ന ഫ്‌ളോട്ടിങ് കൃഷിയുടെ മറ്റൊരു ഗുണം.കായലിലായാലും കുളത്തിലായാലും ജല നിരപ്പുയരുന്തോറും ഫ്‌ളോട്ടിങ്് കൃഷി സ്ഥലവും പൊങ്ങികിടക്കുന്നതിനാല്‍ വെള്ളം കയറി കൃഷി നശിക്കില്ല.എങ്ങോട്ടു വേണമെങ്കിലും ഇത് നീക്കുകയും ചെയ്യാം. കൃഷി നനയ്ക്കുകയും വേണ്ട.വളവും ഇടേണ്ട.കളയെയും പേടിക്കേണ്ട കാര്യമില്ല.ഒരു തടത്തില്‍ നാലു തവണ കൃഷി ചെയ്യാന്‍ സാധിക്കുമെന്ന് സുജിത് പറയുന്നു.


ഇതിനു ശേഷം ഇത് കരകൃഷിക്ക് ജൈവവളമായി ഉപയോഗിക്കാനും കഴിയും.വേണമെങ്കില്‍ വിലയ്ക്ക് വില്‍ക്കുകയും ചെയ്യാം അതിലൂടെയും വരുമാനം ലഭിക്കും.അനൂരൂപ് എന്ന സുഹൃത്താണ് ഫ്‌ളോട്ടിങ് കൃഷി രീതിയെക്കുറിച്ച് തന്നോട് പറയുന്നതെന്ന് സുജിത് പറഞ്ഞു.ബംഗ്ലാദേശിലെ സമാന രീതിയിലുളള കൃഷിയുടെ വീഡിയോ കണ്ടാണ് ഇവിടെയും ഇത് പരീക്ഷിക്കാവുന്നതാണെന്ന് അദ്ദേഹത്തിന് തോന്നിയത്.തുടര്‍ന്ന് അദ്ദേഹം വിവരം തന്നോട് പങ്കുവെച്ചു.തുടര്‍ന്ന് ഇത് ഉള്‍ക്കൊണ്ട് നമ്മുടേതായ കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി നടത്തി കൃഷി നടത്താന്‍ ഇറങ്ങിതിരിക്കുകയായിരുന്നുവെന്നും സുജിത് പറഞ്ഞു.


ഫ്‌ളോട്ടിങ് കൃഷിയുടെ ഉദ്ഘടനം സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് കഴിഞ്ഞ ദിവസം സ്ഥലത്തെത്തി നിര്‍വഹിച്ചു.2012 മുതലാണ് ഹൈ ടെക്ക് കൃഷി രീതികളുമായി സുജിത് കൃഷി രംഗത്ത് കൂടുതല്‍ സജീവമായത്.തുടക്കത്തില്‍ പച്ചക്കറി കൃഷിയായിരുന്നു.പിന്നീട് ഘട്ടം ഘട്ടമായി കൂടുതല്‍ ഇനങ്ങള്‍ കൃഷി ചെയ്യുകയായിരുന്നു.2014 ല്‍ സംസ്ഥാനത്തെ മികച്ച കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുജിത്തിന് ഇപ്പോള്‍ 20 ഏക്കറോളം കരകൃഷി വേറെയുണ്ട്.നെല്ല്,ഉള്ളി,വെളുത്തുള്ളി,ഉരുളക്കിഴങ്ങ്,തണ്ണിമത്തന്‍,സൂര്യകാന്തി അടക്കം നിരവധി ഇനങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്.

ആലപ്പുഴയിലെ ചൊരി മണലില്‍ രണ്ടേക്കറില്‍ സുജിത് നടത്തിയ സൂര്യകാന്തി കൃഷി കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഈ കൃഷി ഇപ്പോഴും തുടരുന്ന സുജിത് തന്റെ കൃഷിയിടത്തില്‍ നിന്നുളള സൂര്യകാന്തിപൂവില്‍ നിന്നും ശുദ്ധമായ സൂര്യകാന്തി എണ്ണകൂടി വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ എണ്ണയുടെ ഗുണ നിലവാരം പരിശോധിക്കുന്നതിനായി സര്‍ക്കാരിന്റെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.അനുമതി ലഭിക്കുന്ന മുറയ്ക്ക് വരും നാളുകളില്‍ ഇതും വിപണയില്‍ എത്തിക്കാനാണ് ശ്രമമെന്ന് സുജിത് പറഞ്ഞു.

Next Story

RELATED STORIES

Share it