Women

''ഹൈഡാറ്റിഡ് മുഴകള്‍'' മുറിച്ചു മാറ്റി; മരണകിടക്കയില്‍ നിന്നും ജീവിതം തിരികെ പിടിച്ച് മൈമുന

''ഹൈഡാറ്റിഡ് മുഴകള്‍'' ഇതിന് മുമ്പ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ശസ്ത്രക്രിയയക്ക് നേതൃത്വം നല്‍കിയ ഡോ. നാസര്‍ യൂസഫ് പറഞ്ഞു.ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ 4.2 കിലോഗ്രാം തൂക്കം വരുന്ന ചെറുതും വലുതുമായ മുഴകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു.

ഹൈഡാറ്റിഡ് മുഴകള്‍ മുറിച്ചു മാറ്റി; മരണകിടക്കയില്‍ നിന്നും ജീവിതം തിരികെ പിടിച്ച് മൈമുന
X

കൊച്ചി : പാലക്കാട് സ്വദേശിനിയായ മുപ്പത്തിയഞ്ചുവയസുകാരി വി പി മൈമൂനയ്ക്കിത് രണ്ടാം ജന്മമാണ്. മൂന്ന് കുട്ടികളുടെ അമ്മയായ മൈമുന രണ്ട് മാസം മുമ്പാണ് ചെറിയ പനിക്കും ചുമയ്ക്കും തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികില്‍സ തേടിയത്. തൊട്ടടുത്ത ദിവസം കലശലായ ശ്വാസംമുട്ടും ഛര്‍ദ്ദിയും, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ എക്‌സ്‌റേ, സിടിസ്‌കാന്‍ പരിശോധനകളില്‍ വലത് ശ്വാസകോശത്തിന്റെ മുക്കാല്‍ ഭാഗവും നിറഞ്ഞ് ഹൃദയത്തെ ഇടത് ഭാഗത്തേയ്ക്ക് തിക്കിമാറ്റിയ നിലയില്‍ 12 ഃ 8 സെന്റീമീറ്റര്‍ വലിപ്പത്തിലുള്ള ഒരു മുഴയും അതിന് ചുറ്റും ചെറുമുഴകളും കരളിനോട് ചേര്‍ന്ന് വയറില്‍ 20 ഃ 15 സെന്റീമീറ്റര്‍ വലിപ്പത്തിലുള്ള മറ്റൊരുമുഴയും ഉണ്ടെന്ന് കണ്ടെത്തി.

നാടവിരയുടെ ലാര്‍വ നിറഞ്ഞുണ്ടാകുന്ന ഇത്തരം മുഴകളെ ''ഹൈഡാറ്റിഡ് മുഴകള്‍'' എന്നാണ് പറയുക. പ്രധാനമായും കരളിനെയും, ശ്വാസകോശത്തെയും, തലച്ചോറിനെയും നശിപ്പിക്കുന്ന നാടവിരകളാണ് ഇത്തരം മുഴകള്‍ക്ക് കാരണമാകുന്നത്. നാടവിരബാധിച്ച ആടുമാടുകള്‍, പന്നികള്‍, നായ്ക്കള്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയും നന്നായി വേകാത്ത മാംസം ഭക്ഷിക്കുന്നതിലൂടെയുമാണ് മനുഷ്യരില്‍ ഈ രോഗബാധ ഉണ്ടാകുന്നത്.കേരളത്തില്‍ അത്യപൂര്‍വ്വമായാണ് ഈ രോഗം കാണപ്പെടുന്നത്.

രോഗമുക്തിക്ക് ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി. പ്രതീക്ഷയ്ക്ക് വകയില്ലാത്തവിധം അപകട സാധ്യതയുള്ള ശസ്ത്രക്രിയായതിനാല്‍ മൈമുനചികില്‍സ തേടിയ പല ആശുപത്രികളും അതിന് തയ്യാറായില്ല. സര്‍വ്വ പ്രതീക്ഷയും നഷ്ടപ്പെട്ട് വീട്ടില്‍ തിരച്ചെത്തിയ മൈമൂനയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുമായി കുടുംബ സുഹൃത്താണ് ഒട്ടനവധി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ ചെയ്തിട്ടുള്ള സീനിയര്‍ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ.നാസര്‍ യൂസഫിനെ കോഴിക്കോട്ടെ ക്ലിനിക്കില്‍ ബന്ധപ്പെടുന്നത്. ഒരടിപോലും നടക്കാന്‍ വയ്യാതെ പാലക്കാട്ടെ വീട്ടില്‍ മരണവും കാത്ത് പറക്കമുറ്റാത്ത മൂന്ന് പിഞ്ച് കുഞ്ഞുങ്ങളുമായി നിസ്സഹായയായി കഴിയുന്ന രോഗിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഡോ.നാസര്‍ കാണുന്നത്.

ശസ്ത്രക്രിയയിലൂടെ രോഗിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷ ലഭിച്ചപ്പോള്‍, നിര്‍ധനനും ഹോട്ടല്‍ തൊഴിലാളിയുമായ ഭര്‍ത്താവിനൊപ്പം ചാരിറ്റി കൂട്ടായ്മ ഒന്നടങ്കം മൈമൂനയ്ക്കുവേണ്ടി കൈകോര്‍ത്തു. അങ്ങനെയാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ തൊറാസിക് സര്‍ജറി വിഭാഗം പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ സണ്‍റൈസ് ആശുപത്രിയില്‍ യുവതിയെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കുന്നത്. കുടുംബാംഗങ്ങളെയും, നാട്ടുകാരെയും, ജനപ്രതിനിധികളെയും ശസ്ത്രക്രിയയുടെ എല്ലാവിധ സങ്കീര്‍ണ്ണതകളും സാധ്യതകളും ആശുപത്രി അധികൃതര്‍ ബോധ്യപ്പെടുത്തി.

ശസ്ത്രക്രിയയ്ക്കായി സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയില്‍ രോഗി കൊവിഡ് ബാധിതയാണെന്ന് സ്ഥിരീകരിച്ചത് വീണ്ടും പുതിയ വെല്ലുവിളിയായി. കൊവിഡ് ഭേദമായപ്പോഴേയ്ക്കും വലത് ശ്വാസകോശം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായി കഴിഞ്ഞിരുന്നു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഫിസിഷ്യന്‍ സൂരജ് പി ഹരിദാസ്, പള്‍മനോളജിസ്റ്റ് ഡോ.വിനീത് അലക്‌സാണ്ടര്‍, കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ജോബി അഗസ്റ്റിയന്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് വയറ്റിലെ മുഴ ഡയഫ്രം തുളച്ച് ശ്വാസകോശത്തില്‍ എത്തി വളരെ സങ്കീര്‍ണ്ണമായ അവസ്ഥയിലാണെന്നും കണ്ടെത്തിയത്.

തുടര്‍ന്ന് ഡോ.നാസര്‍ യൂസഫിന്റെ നേതൃത്വത്തില്‍ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ.രജീഷ് സെല്‍വഗണേശന്‍ അനസ്‌തെറ്റിസ്റ്റുമാരായ ഡോ. പി ജി ഷാജി, ഡോ.നീതു ബാബു എന്നിവര്‍ ചേര്‍ന്ന് ഈ മാസം അഞ്ചിന് ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ 4.2 കിലോഗ്രാം തൂക്കം വരുന്ന ചെറുതും വലുതുമായ മുഴകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു.''ഹൈഡാറ്റിഡ് മുഴകള്‍'' ഇതിന് മുമ്പ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡോ. നാസര്‍ യൂസഫ് പറഞ്ഞു. മൈമൂനയുടെ കരളില്‍ ഉണ്ടായ വിരബാധ ഉരോദരഭിത്തി (ഡയഫ്രം) തുളച്ച് ശ്വാസകോശത്തില്‍ പ്രവേശിക്കുകയാണുണ്ടായത്. അതിവേഗത്തില്‍ പെറ്റുപെരുകുന്ന വിര രോഗിയെ മരണകിടക്കയിലെത്തിച്ചു.

വലിയ തോതിലുള്ള രക്തവാര്‍ച്ച ഉണ്ടായത് ശസ്ത്രക്രിയ കൂടുതല്‍ ദുഷ്‌കരമാക്കിയെന്ന് ഡോ. നാസര്‍ യൂസഫ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ഇന്റന്‍സിവിസ്റ്റ് ഡോ. ജിതിന്‍ ജോസിന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ മൈമുന തന്നെ വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ദൈവത്തിനും ചികില്‍സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ നാസര്‍ യൂസഫിനും സംഘത്തിനും, ആശുപത്രി ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്മാന്‍, തൊറാസിക് കോര്‍ഡിനേറ്റര്‍ ലിബിന്‍ ജോസഫ്, നേഴ്‌സ്മാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്കും നന്ദിപറഞ്ഞ് സന്തോഷവതിയായാണ് ആശുപത്രി വിട്ടത്.

Next Story

RELATED STORIES

Share it