Women

കൊവിഡ് രണ്ടാം വ്യാപനം: ഗര്‍ഭിണികള്‍ സൂക്ഷിക്കണം; അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍

കൊവിഡ് രണ്ടാം വ്യാപനം ആരംഭിച്ചതിനു ശേഷം 17 ഗര്‍ഭിണികള്‍ കേരളത്തില്‍ തന്നെ മരിച്ചു.ഇതില്‍ ഭൂരിഭാഗവും പ്രസവത്തിനു മുമ്പാണ് മരിച്ചത്. ചിലര്‍ പ്രസവത്തിനു ശേഷവും മരിച്ചു.കൊവിഡ് ആദ്യം വ്യാപിച്ച സമയത്ത് ഗര്‍ഭിണികള്‍ സുരക്ഷിതരായിരുന്നു.എന്നാല്‍ രണ്ടാം തരംഗത്തില്‍ ഗര്‍ഭിണികളെ പെട്ടന്നു രോഗം ബാധിക്കുന്ന സ്ഥിതിയുണ്ടെന്ന് എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ ഡോ.സെറീല ഖാലിദ് ചൂണ്ടിക്കാട്ടുന്നു

കൊവിഡ് രണ്ടാം വ്യാപനം: ഗര്‍ഭിണികള്‍ സൂക്ഷിക്കണം; അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍
X

കൊച്ചി:കൊവിഡ് രണ്ടാം വ്യാപനമുണ്ടായ സാഹചര്യത്തില്‍ ഗര്‍ഭിണികളായവര്‍ വളരെയധികം സൂക്ഷിക്കണമെന്ന് എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സെറീന ഖാലിദ് വ്യക്തമാക്കി.കൊവിഡ് രണ്ടാം വ്യാപനം ആരംഭിച്ചതിനു ശേഷം 17 ഗര്‍ഭിണികള്‍ കേരളത്തില്‍ തന്നെ മരിച്ചു.ഇതില്‍ ഭൂരിഭാഗവും പ്രസവത്തിനു മുമ്പാണ് മരിച്ചത്. ചിലര്‍ പ്രസവത്തിനു ശേഷവും മരിച്ചു.കൊവിഡ് ആദ്യം വ്യാപിച്ച സമയത്ത് ഗര്‍ഭിണികള്‍ സുരക്ഷിതരായിരുന്നു.എന്നാല്‍ രണ്ടാം തരംഗത്തില്‍ ഗര്‍ഭിണികളെ പെട്ടന്നു രോഗം ബാധിക്കുന്ന സ്ഥിതിയുണ്ടെന്നും ഡോ.സെറീല ഖാലിദ് ചൂണ്ടിക്കാട്ടുന്നു.

ഗര്‍ഭിണിയാണ് എന്ന കാരണത്താല്‍ കൊവിഡ് ബാധിക്കില്ല. പക്ഷേ കൊവിഡ് ബാധിച്ചാല്‍ അത് ഗുരുതരമാകാനുള്ള സാധ്യതയാണുള്ളത്.ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖമാണ് ഗര്‍ഭിണികള്‍ക്ക് പ്രശ്‌നമായി മാറുന്നത്.മറ്റുള്ളവരേക്കാള്‍ ഗര്‍ഭിണികള്‍ക്ക് ശ്വാസകോശരോഗം വര്‍ധിക്കുന്നുണ്ട്.ഇവര്‍ക്ക് വയറുള്ളതിനാല്‍ ഏഴുമാസത്തിനു ശേഷം കൊവിഡ് വന്നാല്‍ പെട്ടന്ന് ശ്വാംസമുട്ടലായി മാറുന്നുണ്ടെന്നും ഡോ.സെറീന ഖാലിദ് ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തില്‍ ചിലരെ പെട്ടന്ന് സിസേറിയന്‍ നടത്തി കുട്ടിയെ പുറത്തെടുക്കേണ്ടതായും വരാറുണ്ട്.വയറിന്റെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

ഗര്‍ഭിണികളില്‍ 35 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍,വൃക്ക സംബന്ധമായ പ്രശ്‌നമുള്ളവര്‍, പ്രമേഹ ബാധമൂല ഇന്‍സുലിന്‍ എടുക്കുന്നവര്‍,രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ എന്നിവര്‍ കൊവിഡ് ബാധയേല്‍ക്കാതെ വളരെ സൂക്ഷിക്കണം. ഇവരുടെ കാര്യത്തില്‍ കൊവിഡ് അപകടകരമായി മാറാറുണ്ട്.കൊവിഡ് രണ്ടാം തരംഗത്തില്‍ സാധാരണ പ്രസവത്തേക്കാള്‍ കൂടുതലായി സിസേറിയന്‍ നടക്കുന്നുണ്ടെന്നും ഡോ.സെറീന ഖാലിദ് പറഞ്ഞു.അമ്മയെയും കുട്ടിയെയും രക്ഷപെടുത്താന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ വരുമ്പോഴാണ് നിശ്ചിത തിയ്യതിക്കു മുമ്പു തന്നെ സിസേറിയന്‍ ചെയ്യാന്‍ തയ്യാറാകന്നത്.സാധാരണ പ്രസവം നടത്തുന്നതിന് കുഴപ്പമില്ല. പക്ഷേ അതിനു സമയം കൂടുതല്‍ ആവശ്യമായതിനാല്‍ റിസ്‌ക് എടുക്കുന്നത് വലിയ അപകടമാകുമെന്നതിനാലാണ് സിസേറിയന്‍ ചെയ്യുന്നത്. സാധാരണ പ്രസവത്തിന് 10 മണിക്കൂറെങ്കിലും ആവശ്യമാണ്.പക്ഷെ കൊവിഡ് ബാധിച്ച ഗര്‍ഭിണിയെ ഇത്തരത്തില്‍ പ്രസവത്തിനായി 10 മണിക്കൂര്‍ കാത്തിരിക്കുകയെന്നത് റിസ്‌കാണ്.

കൊവിഡ് ബാധിതരായ ഗര്‍ഭിണികളില്‍ സാധാരണ പ്രസവവും നടക്കുന്നുണ്ട്.എന്നാല്‍ എല്ലാവരുടെയും കാര്യത്തില്‍ അത് സാധ്യമല്ലെന്നും ഡോ.സെറീന ഖാലിദ് പറയുന്നു.കൊവിഡ് ബാധിതരായ ഗര്‍ഭിണികളില്‍ മാസം തികയുന്നതിനു മുമ്പേ വേദനയുണ്ടാകുകയും പ്രസവം നടക്കുകയും ചെയ്യുന്നതായും കണ്ടുവരുന്നുണ്ട്.ഇതു മൂലം കുട്ടിക്ക് തൂക്കം കുറവായിരിക്കും.അതേ സമയം കൊവിഡ് ബാധിക്കുന്ന ഗര്‍ഭിണികളില്‍ ചിലരില്‍ പല കാരണങ്ങളാല്‍ മാസം തികയുന്നതിനു മുമ്പു തന്നെ കുട്ടിയെ സിസേറിയന്‍ ചെയ്ത് പുറത്തെടുക്കേണ്ടതായും വരുന്നുണ്ട്. ശ്വാസ കോശത്തിന്റെ ശേഷി വളരെ മോശമാകുന്നതിനാല്‍ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമാക്കാനാണ് ഇത്തരത്തില്‍ സിസേറിയന്‍ ചെയ്യേണ്ടിവരുന്നത്.ഗര്‍ഭിണിയായിരിക്കെ കൊവിഡ് ബാധിച്ചുവെന്ന കാരണത്താല്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് അംഗവൈകല്യം സംഭവിക്കുന്നതായി ഇതുവരെ പഠനങ്ങള്‍ ഇല്ലെന്നും ഡോ.സെറീന ഖാലിദ് പറയുന്നു.

കുട്ടികള്‍ക്ക് മുലയൂട്ടല്‍ അനുവദനീയമാണ്.മുലപ്പാലിലൂടെ കുട്ടികളിലേക്ക് കൊവിഡ് ബാധിക്കുന്നതായി കണ്ടെത്തല്‍ ഇല്ലെന്നും ഡോ.സെറീന ഖാലിദ് വ്യക്തമാക്കി.കൊവിഡ് ബാധിച്ചതായി സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഫോണിലൂടെയാണെങ്കിലും ഗര്‍ഭിണികള്‍ ഡോക്ടറുടെ ഉപദേശം തേടണം. കാറ്റഗറി ബിയിലാണ് കൊവിഡ് ബാധിക്കുന്ന ഗര്‍ഭിണികള്‍ വരുന്നത്.കാറ്റഗറി ബിയില്‍ തന്നെ സബ് കാറ്റഗറികള്‍ ഉണ്ട്.ചെറിയ പനിയും ബുദ്ധിമുട്ടുകളുമുള്ളവരെ വീടുകളില്‍ തന്നെ താമസിപ്പിച്ചുകൊണ്ട് ചികില്‍സ നടത്തും.പനി മാറാതെ തുടരുകയാണെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം.

എട്ടുമാസത്തിനു ശേഷമാണ് കൊവിഡ് ബാധിക്കുന്നതെങ്കില്‍ നിര്‍ബന്ധമായും ആശുപത്രിയില്‍ അഡ്മിറ്റാകണമെന്നും ഡോ.സെറീന ഖാലിദ് പറയുന്നു.ഇങ്ങനെ പ്രവേശിപ്പിക്കുന്നവരെ ആശുപത്രിയില്‍ നിരീക്ഷിച്ചതിനു ശേഷം കുഴപ്പമില്ലെങ്കില്‍ വീട്ടിലേക്ക് മടക്കിവിടും.എന്നാല്‍ നില മോശമാണെങ്കില്‍ അവര്‍ ആശുപത്രിയില്‍ തന്നെ തുടരുന്നതാണ് സുരക്ഷിതം.കുട്ടികളുടെ ചലനം കൃത്യമായി ശ്രദ്ദിക്കണം.മരണത്തിന് കീഴടങ്ങുന്ന ഗര്‍ഭിണികള്‍ ഭൂരിഭാഗവും മരിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ടാണെന്നും ഡോ.സെറീന ഖാലിദ് പറയുന്നു

കൊവിഡ് ഗര്‍ഭിണികളെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ രോഗബാധയേല്‍ക്കാതിരിക്കാന്‍ ജാഗ്രത കാട്ടണമെന്ന് ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കുന്നു.ഗര്‍ഭിണിയുടെ സുരക്ഷയുറപ്പാക്കേണ്ടത് കുടുംബാങ്ങളുടെ ഉത്തരവാദിത്തമാണ്. രോഗബാധയുണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ശ്രദ്ധ ഗര്‍ഭിണിയും കാട്ടണമെന്ന് അരോഗ്യ വകുപ്പ് വിദഗ്ദര്‍ പറയുന്നു.ഗര്‍ഭിണികള്‍ വീടിനുള്ളില്‍ തന്നെ കഴിയുക , അയല്‍ വീടുകളിലും ബന്ധുവീടുകളിലും പോകരുത്, വീട്ടില്‍ സന്ദര്‍ശകരെ ഒഴിവാക്കുക, ഗര്‍ഭകാല ചടങ്ങുകളും ഗൃഹസന്ദര്‍ശനങ്ങളും ഒഴിവാക്കുക, ശുചിമുറിയോട് കൂടിയ കിടപ്പുമുറി ഗര്‍ഭിണിക്ക് മാത്രമായി ഉപയോഗിക്കാന്‍ നല്‍കുക, പൊതുശുചിമുറിയാണെങ്കില്‍ മറ്റുള്ളവര്‍ ഉപയോഗശേഷം അണുവിമുക്തമാക്കുക, ജോലിക്കും മറ്റാവശ്യങ്ങള്‍ക്കും പുറത്തുപോയി വരുന്നവര്‍ കുളിച്ചശേഷം മാത്രം വീടിനുള്ളില്‍ കയറുക,

ഇവര്‍ ഗര്‍ഭിണിയോട് അടുത്തിടപഴകാതിരിക്കുക, ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.ഗര്‍ഭിണി ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസ് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്, പോഷാകാഹാരം കഴിക്കുക, ധാരളം വെള്ളം കുടിക്കുക., പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക, 5 മാസം കഴിഞ്ഞവര്‍ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂറില്‍ മൂന്ന് ചലനങ്ങളെങ്കിലുമുണ്ടോയെന്ന് ശ്രദ്ധിക്കുക, രക്തസ്രാവം, വിട്ടുവിട്ടുള്ള വയറുവേദന പോലെയുള്ള അവശ്യസാഹചര്യങ്ങളില്‍ മാത്രം ആശുപത്രിയില്‍ പോവുക, ചെറിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ഇ-സഞ്ജീവനിയിലൂടെ പരിഹാരം തേടുക, മാനസികോല്ലാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, പനി, ചുമ തുടങ്ങി ലക്ഷണങ്ങളെ ജലദോഷം എന്ന മട്ടില്‍ ലഘൂകരിച്ച് കാണാതെ സ്വയം നിരീക്ഷണം നടത്തി, കൊവിഡ് അല്ലെന്ന് പരിശോധനയിലൂടെ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

Next Story

RELATED STORIES

Share it