Children

ശൈശവം അതിപ്രധാനം; ചൊട്ടയിലെ ശീലം ചുടല വരെ

മനുഷ്യജീവിതം ഗര്‍ഭധാരണം മുതല്‍ തന്നെ ആരംഭിക്കുന്നുണ്ട്. ഗര്‍ഭപാത്രത്തില്‍വച്ചുള്ള ശിശുവികാസം സുപ്രധാനഘട്ടമാണ്. ദ്രുതഗതിയിലുള്ള വികസനമാണ് ഇക്കാലത്ത് സംഭവിക്കുക. ഇതിനെ മൂന്നായി തിരിക്കാം.

ശൈശവം അതിപ്രധാനം; ചൊട്ടയിലെ ശീലം ചുടല വരെ
X

മനുഷ്യജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കാലഘട്ടമാണ് ശൈശവമെന്ന് എല്ലാവര്‍ക്കുമറിയാം. സ്വഭാവരീതികളും ശീലങ്ങളും പെരുമാറ്റവുമൊക്കെ രൂപീകരിക്കപ്പെടുന്ന കാലഘട്ടമായതിനാലാണല്ലോ ചൊട്ടയിലെ ശീലം ചുടല വരെ എന്ന പഴഞ്ചൊല്ല് വരെയുണ്ടായത്. ആധുനിക ലോകത്തെ മനശാസ്ത്രജ്ഞരും ഇക്കാര്യം അടിവരയിടുന്നു. ബാല്യത്തിലെ കരുത്താണ് അന്ത്യശ്വാസം വരെ ഏതൊരാള്‍ക്കും തുണയാവുന്നത്. മനുഷ്യജീവിതം ഗര്‍ഭധാരണം മുതല്‍ തന്നെ ആരംഭിക്കുന്നുണ്ട്. ഗര്‍ഭപാത്രത്തില്‍വച്ചുള്ള ശിശുവികാസം സുപ്രധാനഘട്ടമാണ്. ദ്രുതഗതിയിലുള്ള വികസനമാണ് ഇക്കാലത്ത് സംഭവിക്കുക. ഇതിനെ മൂന്നായി തിരിക്കാം. ഗര്‍ഭധാരണം തൊട്ട് രണ്ടാഴ്ച പൂര്‍ത്തിയാകും വരെയുള്ള ജീവസ്ഫുരണഘട്ടം, രണ്ടാഴ്ചതൊട്ട് രണ്ടുമാസം പൂര്‍ത്തിയാവുന്നതു വരെയുള്ള ഭ്രൂണഘട്ടം, രണ്ടു മാസം തൊട്ട് ജനനം വരെയുള്ള ഗര്‍ഭസ്ഥ ശൈശവഘട്ടം.

ഈ ഘട്ടത്തില്‍ വിസര്‍ജ്ജ്യങ്ങള്‍ പുറന്തള്ളുന്നതിനും ഭക്ഷണത്തിന്റെ ദഹനത്തിനും ബാഹ്യശ്വസനത്തിനും ആവശ്യമായ ശരീരതാപം നിലനിര്‍ത്താനും ശിശു അമ്മയെ ആശ്രയിക്കുകയാണ് ചെയ്യുക. മാതാവിന്റെ ആരോഗ്യം, ആഹാരം, വൈകാരികാനുഭവങ്ങള്‍, ആഗ്രഹങ്ങള്‍ തുടങ്ങിയവ ശിശു വികസനത്തെ സ്വാധീനിക്കും. ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തുവരുന്ന ശിശുവിന്റെ പൊക്കിള്‍കൊടി മുറിക്കപ്പെടുമ്പോള്‍ കുഞ്ഞിന്റെ സ്വതന്ത്ര ജീവിതത്തിലേക്കുള്ള ആദ്യ വാതിലാണ് തുറക്കുന്നത്. കുട്ടി ബാഹ്യലോകവുമായി പൊരുത്തപ്പെടുന്നു. എന്നാല്‍ പൊരുത്തപ്പെടല്‍ അസാധ്യമാവുകയാണെങ്കില്‍ മരണം തന്നെ സംഭവിക്കുന്നു. കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ മൂന്നുവര്‍ഷമാണ് ശൈശവം. വ്യക്തിയുടെ പുരോഗതിയില്‍ ഈ മൂന്നു വര്‍ഷങ്ങള്‍ ഏറ്റവും പ്രധാനമാണ്. കുഞ്ഞ് അമ്മയുടെ ശരീരത്തിനു പുറത്തുള്ള പുതിയ പരിസ്ഥിതിയുമായി ഇക്കാലത്ത് ഇടപെട്ടുതുടങ്ങുന്നത്. ജനന സമയം ശിശുവിന് സാധാരണ 45 മുതല്‍ 50 വരെ സെന്റി മീറ്റര്‍ ഉയരം ഉണ്ടായിരിക്കും.

തൂക്കം ഏതാണ്ട് 3 കിലോ ഉണ്ടാകും. പെണ്‍കുട്ടികള്‍ ഈ കാര്യങ്ങളില്‍ അല്‍പം പിറകിലായിട്ടാണ് കണ്ടുവരുന്നത്. പുതിയ സാഹചര്യത്തില്‍ പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുകാരണം ആദ്യത്തെ ഒരാഴ്ച ശിശുവിന്റെ ഭാരം കുറയുന്നത് സ്വാഭാവികമാണ്. നാലാം മാസം അവസാനത്തോടെ ഭാരം രണ്ടു മടങ്ങായും എട്ടുമാസം പൂര്‍ത്തിയാവുമ്പോള്‍ 7 മുതല്‍ 9 കിലോഗ്രാമിനൊപ്പിച്ചും ഭാരം വര്‍ധിക്കും. ജനന സമയത്ത് ശിരസ്സ്, കണ്ണ്, ചെവി, തലച്ചോറ് എന്നിവയുടെ വലിപ്പം പേശികള്‍, ശ്വാസകോശം, അസ്ഥികള്‍ തുടങ്ങിയവയുടേതിനേക്കാള്‍ കൂടുതലായിരിക്കും. എല്ലാ അവയവങ്ങളും പിന്നീട് ഒരേ നിരയില്‍ വളരാത്തത് ഈ കാരണം കൊണ്ടാണ്. മൊത്തം ശരീരത്തിന്റെ നാലിലൊന്നായിരിക്കും ജനന സമയം കുഞ്ഞിന്റെ തലയുടെ വലിപ്പം. തലച്ചോറിന് പെട്ടെന്നു വികസിച്ച് പക്വത കൈവരിക്കാന്‍ സാധിക്കുന്നതുകൊണ്ടാണിത്. കൗമാരത്തിന്റെ അവസാനത്തോടെ ശിരസ്സിന്റെ വലിപ്പം ശരീരത്തിന്റെ എട്ടിലൊന്നായി ചുരുങ്ങുന്നു. ശിശുവിന്റെ ഇന്ദ്രിയങ്ങളുടെ ഘടനയും ധര്‍മവും വികസിക്കുന്നുണ്ട്.

ശൈശവത്തിന്റെ അവസാനത്തോടെ മുതിര്‍ന്നവരെപോലെ കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, രുചിക്കുക, മണക്കുക എന്നീ ധര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള കഴിവുകള്‍ ഉണ്ടാകുന്നു. ജനന സമയത്തെ കരച്ചിലാണ് ഭാഷാവികസനത്തിന്റെ തുടക്കം. കുഞ്ഞ് ഒരു വയസ്സാകുമ്പോഴേക്ക് ഏതാണ്ട് മൂന്നു വാക്കുകളും രണ്ടുവയസ്സില്‍ 300 വാക്കുകളും പദസമ്പത്തായി നേടുന്നു. ഇത് മൂന്നാം വയസ്സില്‍ 1000വും അഞ്ചാം വയസ്സില്‍ 2000 ആയും വളരുന്നു. എട്ട് ഒമ്പത് മാസങ്ങളില്‍ കേട്ട ശബ്ദങ്ങള്‍ ആവര്‍ത്തിച്ച് മറ്റുള്ളവരുടെ സംഭാഷണം അനുകരിക്കാന്‍ ശ്രമിക്കും. പിന്നീടങ്ങോട് ചിരികളികളുടെയും തമാശകളുടെയും ഒരു പൂന്തോട്ടം തന്നെയാണ് ശിശുക്കള്‍ കുടുംബങ്ങള്‍ക്കു നല്‍കുന്നത്. അതുകൊണ്ടു തന്നെയാണ് കുട്ടികളില്ലാത്ത വീട് എപ്പോഴും മൂകമായിരിക്കുന്നത്.

Next Story

RELATED STORIES

Share it