Exclusive

കൃഷിക്കായുള്ള കനാൽ വെള്ളം ചോർത്തി കിറ്റെക്സ്; അസി. എഞ്ചിനീയറുടെ റിപോർട്ട് പുറത്ത്

പൈപ്പ് വഴി ചോര്‍ത്തുന്ന കനാല്‍ വെള്ളം കിറ്റെക്‌സ് കമ്പനിയുടെ തന്നെ മറ്റൊരു സ്ഥലത്തെത്തിച്ച് സംഭരിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി

കൃഷിക്കായുള്ള കനാൽ വെള്ളം ചോർത്തി കിറ്റെക്സ്; അസി. എഞ്ചിനീയറുടെ റിപോർട്ട് പുറത്ത്
X

കൊച്ചി: കാർഷികാവശ്യങ്ങൾക്കായി പെരിയാർവാലിയിയിൽ നിന്ന് കനാൽ വഴിയെത്തിക്കുന്ന വെള്ളം ചോർത്തി കമ്പനിയാവശ്യങ്ങൾക്കായി കിറ്റെക്സ് ഉപയോ​ഗിക്കുന്നതായി അസി. എഞ്ചിനീയറുടെ റിപോർട്ട്. പെരിയാർ വാലി ഇറി​ഗേഷൻ പ്രൊജക്ട് അസിസ്റ്റന്റ് എഞ്ചിനീയറുടെ സ്ഥല പരിശോധനയിലാണ് ജല മോഷണം പിടിക്കപ്പെട്ടത്.

കിഴക്കമ്പലം പഞ്ചായത്തിന്റെ ചേലക്കുളം, ചൂരക്കോട്, വിലങ്ങ് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പെരിയാര്‍വാലി കനാല്‍ ബണ്ടിലൂടെ 20 സെന്റി മീറ്റര്‍ വലിപ്പമുള്ള പിവിസി പൈപ്പ് സ്ഥാപിച്ചാണ് കമ്പനി വെള്ളം ചോര്‍ത്തുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

പൈപ്പ് വഴി ചോര്‍ത്തുന്ന കനാല്‍ വെള്ളം കിറ്റെക്‌സ് കമ്പനിയുടെ തന്നെ മറ്റൊരു സ്ഥലത്തെത്തിച്ച് സംഭരിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. കനാല്‍ വെള്ളം പൈപ്പ് വഴിയെത്തിക്കുന്ന ഇടത്ത് കൃഷി നടക്കുന്നില്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രദേശത്ത് നിന്ന് കമ്പനി വെള്ളം ചോര്‍ത്തുന്നതിനാല്‍ പൈപ്പ് സ്ഥാപിച്ചതിന് താഴോട്ടുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നില്ല. കനാലിന്റെ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ത്താണ് പൈപ്പ് സ്ഥാപിച്ചതെന്ന ഗുരുതരമായ കണ്ടെത്തലും റിപോര്‍ട്ടിലുണ്ട്.

കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് കനാലില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നിരിക്കെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് കമ്പനി ഇത്തരം നടപടിയുമായി മുന്നോട്ട് പോയതെന്ന കാര്യം അതീവ ഗൗരവതരമാണ്. വരുംദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കിറ്റെക്സ് കമ്പനി നിയമനടപടി നേരിടേണ്ടി വരുമെന്ന് ജലസേചന വകുപ്പ് പറയുന്നു.

Next Story

RELATED STORIES

Share it