Emedia

മുസ് ലിം ഇന്ത്യയുടെ അജണ്ട പുനര്‍നിര്‍ണയിക്കുമ്പോള്‍; സി പി മുഹമ്മദ് ബഷീര്‍ എഴുതുന്നു

ഒളിയും മറയുമില്ലാതെ കാര്യങ്ങള്‍ സംഘപരിവാരം നടത്തിയെടുക്കുമ്പോള്‍ ചങ്ങലകള്‍ ആടയാഭരണങ്ങളായി കരുതുന്ന ചില സമുദായ നേതൃത്വങ്ങളില്‍നിന്നും ഉയരുന്ന ആര്‍പ്പുവിളികളില്‍ കാണുന്നത് പ്രജാപതികളോടുള്ള വിധേയത്വമാണ്

മുസ് ലിം ഇന്ത്യയുടെ അജണ്ട പുനര്‍നിര്‍ണയിക്കുമ്പോള്‍;   സി പി മുഹമ്മദ് ബഷീര്‍ എഴുതുന്നു
X

കോഴിക്കോട്: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രത്തിനു ഭൂമിപൂജ നടത്തിയതോടെ ഹിന്ദുത്വ ഫാഷിസം ഇന്ത്യയില്‍ അവരുടെ ലക്ഷ്യപൂര്‍ത്തീകരണത്തിലേക്ക് ഒരുചുവട് കൂടി അടുക്കുകയാണ്. മതേതരപക്ഷമെന്നു കരുതിയവര്‍ പോലും ആഘോഷിക്കാന്‍ മല്‍സരിക്കുന്ന ഇന്ത്യനവസ്ഥയില്‍, മുസ് ലിംകള്‍ക്ക് നേതൃത്വം നല്‍കേണ്ട സംഘടനാനേതാക്കളില്‍ നിന്നു പോലും അടിയറവ് ഭാഷയാണുയരുന്നത്. ഈ പശ്ചാത്തലത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സി പി മുഹമ്മദ് ബഷീറിന്റെ എഴുത്ത് ചിന്തിപ്പുക്കുന്നതും പ്രസക്തമേറിയതുമാണ്.

സി പി മുഹമ്മദ് ബഷീറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

2020 ആഗസ്ത് 5ന് ഫൈസാബാദിലെ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തില്‍, രാജ്യത്തെ നിയമം ലംഘിച്ച് നരേന്ദ്ര മോദി ഭൂമിപൂജയും തറക്കല്ലിടലും നടത്തിയത് കേവലം രാമക്ഷേത്രത്തിന്റേതല്ല, മറിച്ച് 1925ല്‍ ആര്‍എസ്എസ് രൂപീകരിക്കുമ്പോള്‍ ലക്ഷ്യംവച്ച ഹിന്ദുത്വ രാഷ്ട്രത്തിന്റേതാണ്. സംഘപരിവാരം ഉയര്‍ത്തിപ്പിടിക്കുന്ന രാമന്‍, ഇന്ത്യന്‍ തെരുവുകളില്‍ കലാപം നടത്തുമ്പോഴും മുസ്ലിംകളെ കൊന്നുതള്ളുമ്പോഴും ഹിന്ദുത്വര്‍ അട്ടഹസിച്ചത് 'ജയ് ശ്രീറാം' എന്നാണ്.

ക്ഷേത്ര ശിലാന്യാസത്തെ തുടര്‍ന്ന് മുസ്ലിം പക്ഷത്തുനിന്ന് വരുന്ന പ്രതികരണങ്ങള്‍ ഒന്നു നിരീക്ഷിച്ചു നോക്കി. നേരത്തേ തന്നെ സൂഫി സമ്മേളനത്തിലൂടെയും മറ്റും മെരുക്കപ്പെട്ട് സംഘപരിവാര ആലയത്തിലായ ആളുകളെയും മതേതര നാട്യമുള്ള പാര്‍ട്ടികളില്‍ കൂറ് തെളിയിക്കേണ്ടവരെയും മാറ്റിനിര്‍ത്തിയാല്‍ കോടതിയെ കൂട്ടുപിടിച്ച് നടത്തിയിട്ടുള്ള ഈ അനീതിക്കെതിരായ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

ഇന്ത്യന്‍ മുസ്ലിംകളുടെ ആധികാരിക വേദി എന്ന് പറയാവുന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, ബാബരി ഭൂമിയില്‍ അമ്പലം പണിതാലും അത് മസ്ജിദിന്റെ ഭൂമിയായി തുടരുമെന്ന് അര്‍ഥശങ്കയ്ക്ക് ഇടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.

ഒളിയും മറയുമില്ലാതെ കാര്യങ്ങള്‍ സംഘപരിവാരം നടത്തിയെടുക്കുമ്പോള്‍ ചങ്ങലകള്‍ ആടയാഭരണങ്ങളായി കരുതുന്ന ചില സമുദായ നേതൃത്വങ്ങളില്‍നിന്നും ഉയരുന്ന ആര്‍പ്പുവിളികളില്‍ കാണുന്നത് പ്രജാപതികളോടുള്ള വിധേയത്വമാണ്. ഒരു നൂറ്റാണ്ട് പിന്നിടാന്‍ പോവുന്ന ഫാഷിസത്തിനെതിരേ ഇതുവരെ ഒരു അജണ്ടയുമില്ലാതിരുന്ന, സമുദായത്തിലെ കോഴിപ്പോരില്‍ മാത്രം അഭിരമിച്ചിരുന്ന നേതാക്കള്‍ ഇപ്പോള്‍ ഇന്ത്യന്‍ മുസ്ലിംകളുടെ അജണ്ട മാറ്റാന്‍ 'ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്' ആയി രംഗത്തുവരുന്നുണ്ട്.

മോദി സര്‍ക്കാരിന്റെ അറബി-ഉറുദു-സംസ്‌കൃത ഭാഷാ പ്രചാരണ കൗണ്‍സിലില്‍ അംഗത്വം നേടിയിട്ടുള്ള ഒരാളാണ് അതില്‍ പ്രധാനി. സമുദായം ബാബരി അജണ്ട കൈയൊഴിയണമെന്നും ശിഷ്ടകാലം സമുദായത്തിന്റെ പട്ടിണിമാറ്റാനും വിദ്യാഭ്യാസത്തിനും വേണ്ടി ചെലവഴിക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്. കോടതി വച്ചുനീട്ടിയ അഞ്ചേക്കര്‍ സ്ഥലം സമുദായം നേരത്തേ തള്ളിക്കളഞ്ഞിരുന്നു. യു പി യിലെ യോഗി സര്‍ക്കാര്‍ തങ്ങളുടെ വിധേയരെ വച്ച് നടത്തുന്ന യുപി സുന്നി വഖഫ് ബോര്‍ഡ്, ആ സ്ഥലം സ്വീകരിച്ച് പള്ളിയും ആശുപത്രിയും തുടങ്ങാന്‍ തീരുമാനിച്ചതിനെയാണ് അദ്ദേഹം ന്യായമായ പരിഹാരമായി കാണുന്നത്.

മറ്റൊരു വാദം രണ്ടുകൈയും കൂട്ടി അടിക്കുമ്പോഴേ ശബ്ദമുണ്ടാവൂ എന്ന ലളിത യുക്തി സ്വീകരിച്ച് ഒരു 'കൈ' മാറ്റിക്കൊടുക്കണമെന്നാണ്. ബാബരി അടഞ്ഞ അധ്യായമാണെന്ന ലീഗ് വാദത്തിനൊരുക്കുന്ന ന്യായീകരണം കൂടിയാണത്. മുസ്ലിംലീഗിന്റെ കോണ്‍ഗ്രസ് ബന്ധത്തിന് ന്യായം കാണേണ്ടത് പാര്‍ട്ടി എന്ന നിലയില്‍ ലീഗിന്റെ ബാധ്യതയും അണികളെ കൂടെ നിര്‍ത്തുവാന്‍ ആവശ്യവുമാണ്. അതിലപ്പുറം ലീഗ് ഹൈ പവര്‍ മീറ്റിങ്ങില്‍ സമുദായത്തിന്റെ അതിജീവനത്തിന് ആവശ്യമായ എന്തെങ്കിലും അജണ്ടകള്‍ ചര്‍ച്ച ചെയ്യുമെന്ന് ബാബരി അനന്തര ലീഗിനെ അറിയുന്നവര്‍ പ്രതീക്ഷിക്കുകയില്ല. ബാബരി മസ്ജിദ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാവുന്ന ഒരു കെട്ടിടപ്രശ്‌നമല്ല. അത് ഇന്ത്യന്‍ മുസ്ലിമിന്റെ അതിജീവനത്തിന്റെ അടയാളമാണ്. അതില്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ തീരുന്ന പ്രശ്‌നമല്ല ഇന്ത്യന്‍ മുസ്ലിമിന്റേത്.

നേരത്തേ കാശിയിലും മധുരയിലും മറ്റ് മൂവായിരം പള്ളികളുടെ മേലും ഉയര്‍ത്തിയ അവകാശവാദം പുതിയ പശ്ചാത്തലത്തില്‍ വീണ്ടും സജീവമാണ്.

സംഘപരിവാറിനാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ട സമുദായത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ മുസ്ലിംകളിലെ മത-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനകള്‍ തീര്‍ച്ചയായും അവരുടെ അജണ്ടകള്‍ പുനര്‍ നിര്‍ണയിക്കണം. പരസ്പരമുള്ള അനാരോഗ്യകരമായ മല്‍സരങ്ങള്‍ മാറ്റിവച്ച് മുസ്ലിം ഏകത ഉയര്‍ത്തിപ്പിടിക്കാനും പ്രവാചകന്‍ നിര്‍വചിച്ച വിശാലമായ മുസ്ലിമിന്റെ കാന്‍വാസില്‍ കാര്യങ്ങളെ കാണാനും കഴിയണം. ഒരു മുസ്ലിമിന് ദീനിനോടും മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യത സംഘടനയ്ക്ക് അതീതമാണെന്ന ബോധം അണികളിലും നേതാക്കളിലും ഉണ്ടാക്കിയെടുക്കണം. ചരിത്രത്തില്‍ ഇതിനേക്കാള്‍ വലിയ ഏകാധിപതികളുടെ അതിക്രമങ്ങളെ അതിജീവിച്ച് വന്നതാണ് ഈ ഉമ്മത്ത്. അജണ്ട നിര്‍ണയിക്കുമ്പോള്‍ പരിഗണിക്കേണ്ടതിലേക്ക് ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.

1. ഹിന്ദുത്വം ഒരു മതമല്ല. അക്രമവും അനീതിയും മുഖമുദ്രയായി ജനങ്ങളെ തട്ടുകളായി തിരിക്കുന്ന, വംശീയമായി പെരുമാറുന്ന, സമ്പത്ത് കോര്‍പറേറ്റുകളില്‍ കേന്ദ്രീകരിക്കുന്ന ഒരു ചൂഷണ രാഷ്ട്രീയ വ്യവസ്ഥയാണത്. സകല തിന്‍മകളുടെയും കേന്ദ്രം. തിന്‍മയോടുള്ള നമ്മുടെ ഉത്തരവാദിത്തം അല്ലാഹു നിര്‍ണയിച്ചു തന്നിട്ടുണ്ട്.

'മനുഷ്യര്‍ക്കുവേണ്ടി രംഗത്തുകൊണ്ടുവരപ്പെട്ട ഉത്തമസമുദായമാവുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പ്പിക്കുകയും തിന്മ തടയുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു(ഖുര്‍ആന്‍ 3:110)

ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിമിന്റെ സാമൂഹികമായ ഉത്തരവാദിത്തമാണ് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഹിന്ദുത്വ ഫാഷിസം എന്ന തിന്മക്കെതിരെയുള്ള പോരാട്ടം. കേവല ന്യൂനപക്ഷ അജണ്ടയില്‍നിന്ന് മുഴുവന്‍ മനുഷ്യരുടെയും വിമോചനം നാം ലക്ഷ്യം വയ്‌ക്കേണ്ടതുണ്ട്.

നിരന്തരമായ പോരാട്ടത്തിലൂടെ ഈ ദുശ്ശക്തിയെ കീഴ്‌പ്പെടുത്തിയാല്‍ മാത്രമേ സാധാരണ ജീവിതം അസാധ്യമായ, ബ്രഹ്‌മണ്യത്തിന്റെ ഇരകളായ, അരക്ഷിതാവസ്ഥയില്‍ ജീവിക്കുന്ന ജനകോടികളുടെ മോചനം സാധ്യമാവൂ. നീതിയില്‍ അധിഷ്ഠിതമായ, മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന. പൗരന്‍മാരെ സമന്‍മാരായി കാണുന്ന ഒരു രാഷ്ട്രീയയവ്യവസ്ഥയാണ് രാജ്യത്തു ഉയര്‍ന്നുവരേണ്ടത്. പടച്ചതമ്പുരാന്‍ നമ്മെ ഏല്‍പ്പിച്ച ആ ദൗത്യം ഏറ്റെടുക്കാന്‍ നാം തയ്യാറാവണം.

2. സംഘപരിവാരത്തിന്റെ ആശയവും പ്രവര്‍ത്തനവും മുന്നില്‍വച്ച് അതിനോടുള്ള സമീപനം നിര്‍ണയിക്കണം. ആര്‍എസ്എസ് രാജ്യത്തിന്റെയും മുസ്ലിംകളുടെയും ശത്രുവോ മിത്രമോ? ശത്രുവാണെങ്കില്‍ ഇന്ത്യക്കാരാണെന്ന നിലയിലും മുസ്ലിമെന്ന നിലയിലും അവരോട് പ്രമാണബദ്ധമായ സമീപനം സ്വീകരിക്കുക. അപ്പോള്‍ ലഭിക്കാനിരിക്കുന്ന സ്ഥാനമാനങ്ങള്‍ നമ്മെ പ്രലോഭിപ്പിക്കരുത്. അതിന്റെ വലുപ്പവും അധികാരവും നമ്മെ ഭയപ്പെടുത്തുകയും ചെയ്യരുത്.

3. തീര്‍ച്ചയായും ഇന്ത്യന്‍ മുസ്ലിംകള്‍ എല്ലാ അര്‍ഥത്തിലും പിന്നാക്കമാണ്. ആഭ്യന്തരമായി ധാരാളം പ്രശ്‌നങ്ങള്‍ അവരെ മഥിക്കുന്നുണ്ട്. ശരിയായ വിശ്വാസത്തിന്റെ അഭാവം, സാമ്പത്തിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥ തുടങ്ങിയ അവയില്‍ ചിലതാണ്. അവ പരിഹരിക്കാനുള്ള സമുദായത്തിന്റെ ഫലപ്രദമായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വസ്ഥമായ നിലനില്‍പ്പ് ആവശ്യമാണ്. ചുമരുണ്ടെങ്കിലല്ലേ ചിത്രം വരയ്ക്കാന്‍ പറ്റൂ.

4. ഇതൊരു മുസ്ലിം പ്രശ്‌നം മാത്രമല്ല. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്. ഹിന്ദുത്വത്തോട് തത്ത്വത്തിലും പ്രയോഗത്തിലും എതിരിടുന്ന മുഴുവന്‍ പൗരന്‍മാരെയും നാം ചേര്‍ത്തുനിര്‍ത്തി അതിജീവനത്തിന്റെ രീതിശാസ്ത്രം തീര്‍ക്കണം. പക്ഷേ, തങ്ങളെ രക്ഷിക്കാന്‍ ഇന്ത്യയിലെ ഏതെങ്കിലും പ്രഖ്യാപിത മതേതരക്കാര്‍ വരുമെന്ന് നാം കരുതേണ്ടതില്ല.

കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിലനില്‍പ്പിനു വേണ്ടി ഹിന്ദുത്വ അജണ്ട സ്വീകരിക്കുമ്പോള്‍ അവരില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് വൃഥാ വ്യായാമമാണ്. മുസ്ലിം വിരുദ്ധ പൊതുബോധം നിലനില്‍ക്കുന്നിടത്ത് ഹിന്ദുത്വവും കപടഹിന്ദുത്വവും തമ്മില്‍ മല്‍സരിക്കുമ്പോള്‍ ഹിന്ദുത്വമാണ് അതിജയിക്കുക. തങ്ങളുടെ പ്രതാപകാലത്ത് ഫാഷിസത്തെ തടുക്കാന്‍ കഴിയാത്ത പാര്‍ട്ടികള്‍ ഇപ്പോള്‍ നമ്മുടെ വിമോചകരാവുമെന്ന് ധരിക്കേണ്ടതില്ല. പണിയെടുക്കാന്‍ തയ്യാറാവാതെ മറ്റുള്ളവരെ പ്രതീക്ഷിക്കുന്ന ജനതയ്ക്ക് അതിജീവനത്തിന് അര്‍ഹതയില്ല. '...തീര്‍ച്ചയായും, ഒരു ജനത സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ അവസ്ഥകള്‍ക്ക് മാറ്റം വരുത്തുന്നതല്ല..' (ഖുര്‍ആന്‍ 13:11)

5. കാര്യങ്ങള്‍ എല്ലാം അല്ലാഹുവിന്റെ തീരുമാനത്തിലും നിയന്ത്രണത്തിലും ആണെന്നാണ് നമ്മുടെ വിശ്വാസം.

ഭൗതികമായ മാനദണ്ഡങ്ങള്‍ക്കപ്പുറം അല്ലാഹുവിന്റെ താല്‍പ്പര്യത്തിനും കല്‍പ്പനയ്ക്കും മുന്‍ഗണന കൊടുക്കുന്നവരാണ് വിശ്വാസികള്‍. നിലനില്‍പ്പിന് അര്‍ഹതയില്ലാത്ത ജനവിഭാഗത്തെ മാറ്റി മറ്റൊരു കൂട്ടരെ കൊണ്ടുവരിക അല്ലാഹുവിന്റെ നടപടിക്രമമാണ്. അവരുടെ അര്‍ഹത അല്ലാഹു നിര്‍ണയിച്ചുതന്നിട്ടുണ്ട്. ആ അര്‍ഹത ആര് നേടുന്നുവോ അവര്‍ക്ക് അതിജീവിക്കാം.

'സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് ശൗര്യം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടും. ഒരു ആക്ഷേപകന്റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു....'(ഖുര്‍ആന്‍ 4:54).

Next Story

RELATED STORIES

Share it