Emedia

വഖ് ഫ് ബോര്‍ഡ്: മാര്‍ക്‌സിസ്റ്റ് ദുസ്വാധീനത്തില്‍ താളംതെറ്റുന്നുവോ...?

വഖ് ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ദുസ്വാധീനങ്ങളില്‍നിന്നു മുക്തമാവാന്‍ സമുദായം കൂട്ടായി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്

വഖ് ഫ് ബോര്‍ഡ്: മാര്‍ക്‌സിസ്റ്റ് ദുസ്വാധീനത്തില്‍ താളംതെറ്റുന്നുവോ...?
X

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന വഖ്ഫ് ബോര്‍ഡ് ഒരു കോടി രൂപ നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പലവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുകയും ഖത്തീബ്, ഇമാം, മുഅദ്ദിന്‍, മദ്‌റസ അധ്യാപകര്‍ എന്നിവര്‍ക്ക് മാസാന്ത പെന്‍ഷനും ചികില്‍സാ സഹായവും പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായവും നല്‍കേണ്ട ഫണ്ടില്‍നിന്ന് അതൊന്നും നല്‍കേണ്ടെന്ന് തീരുമാനിച്ച് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് വന്‍തുക നല്‍കുന്നതിനെ വിമര്‍ശിക്കുകയാണ് കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് മുന്‍ അംഗം കൂടിയായ പി പി അബ്്ദുര്‍റഹ്മാന്‍ പെരിങ്ങാടി. വകുപ്പ് മന്ത്രിയുടെ അമിതതാല്‍പര്യമാണ് ഇതിനുപിന്നിലെന്നാണ് എന്ന് അദ്ദേഹം ആരോപിക്കുന്നു.

പി പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വഖ് ഫ് ബോര്‍ഡ്: മാര്‍ക്‌സിസ്റ്റ് ദുസ്വാധീനത്തില്‍ താളംതെറ്റുന്നുവോ...?

അര്‍ഹതപ്പെട്ടവരുടെ സാമ്പത്തിക സഹായം നല്‍കാതെ കേരള സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വഖ്ഫ് ബോര്‍ഡ് ഒരു കോടി രൂപ നല്‍കാന്‍ തീരുമാനിച്ചത് ഒട്ടും ശരിയല്ല. സാമൂഹിക ക്ഷേമപദ്ധതി പ്രകാരം വഖ്ഫ് ബോര്‍ഡ് ഖത്തീബ്, ഇമാം, മുഅദ്ദിന്‍, മദ്‌റസ അധ്യാപകര്‍ എന്നിവര്‍ക്ക് മാസാന്ത പെന്‍ഷനും കാന്‍സര്‍, ഹൃദ്രോഗം, ട്യൂമര്‍, കിഡ്‌നി എന്നീ രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്ക് ചികില്‍സാ സഹായവും പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായവും നല്‍കി വരാറുണ്ടായിരുന്നു. വകുപ്പ് മന്ത്രി ചെയര്‍മാനും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വൈസ് ചെയര്‍മാനുമായും ബോര്‍ഡ് അംഗങ്ങള്‍ മെംബര്‍മാരായും ഉള്‍ക്കൊള്ളുന്ന സാമുഹിക സുരക്ഷാ പദ്ധതി മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് വഖ്ഫ് സ്ഥാപനങ്ങളിലെ 588 ജീവനക്കാര്‍ക്ക് പെന്‍ഷനും 260 രോഗികള്‍ക്ക് ചികില്‍സാ സഹായവും പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായവും ഉള്‍പ്പെടെ 3 കോടി രൂപ വഖ്ഫ് ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്ന് നല്‍കുവാന്‍ തീരുമാനിച്ചെങ്കിലും തൊട്ടടുത്തെ ദിവസം ചേര്‍ന്ന വഖ്ഫ് ബോര്‍ഡ് യോഗത്തില്‍ വച്ച് ചികില്‍സാ സഹായവും വിവാഹ സഹായവും ഇപ്പോള്‍ നല്‍കേണ്ടതില്ലെന്ന് ചെയര്‍മാന്‍ പറയുകയും, എന്നാല്‍ അതേ യോഗത്തില്‍ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 10 ലക്ഷം രൂപയും നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. പാവപ്പെട്ടവര്‍ക്കുള്ള ചികില്‍സാ സഹായവും വിവാഹ സഹായവും പണമില്ലെന്ന് പറഞ്ഞ് നിര്‍ത്തിവച്ച് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ഭീമമായ തുക നല്‍കുന്നതിനെതിരേ മുന്ന് മെംബര്‍മാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും കേവല ഭൂരിപക്ഷത്തിന്റെ ബലത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു .

കഴിഞ്ഞ 2 വര്‍ഷമായി ബജറ്റില്‍ വഖ് ഫ് ബോര്‍ഡിന് ധനമന്ത്രി പ്രഖ്യാപിച്ച 3 കോടിയോളം രൂപ ഇതുവരെ നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ വഖ് ഫ് ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാവുന്നു. വഖ് ഫ് ബോര്‍ഡിനുള്ള ഗ്രാന്‍ഡ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പലപ്പോഴും ഉന്നയിക്കപ്പെട്ടിടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ തീരുമാനം കൈക്കൊണ്ടിട്ടുള്ളത് മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ്. മന്ത്രിയും ചെയര്‍മാനുമൊക്കെ കേരളത്തിലെ വിവിധ വഖ് ഫ് സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന 7 ശതമാനം തുക അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ മറ്റൊരു വഴിക്ക് തിരിച്ചുവിടുന്നത് തെറ്റായ രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിനിയോഗത്തെ പറ്റി പല കോണുകളില്‍ നിന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഓര്‍ക്കേണ്ടതുണ്ട്. ഇപ്പോഴത്തെ ശരിയല്ലാത്ത തീരുമാനം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ എകെജി സെന്ററില്‍ നിന്നാണ് നിയന്ത്രിക്കുന്നതെന്ന തോന്നലാണുണ്ടാക്കുന്നത്. മാരകരോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന രോഗികളുടെയും യത്തീംമക്കള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പെണ്‍കുട്ടികളുടെയും അപേക്ഷകള്‍ പരിഗണിക്കാതെ ഇത്തരമൊരു തീരുമാനം എടുത്തത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടുള്ള വിധേയത്വത്തിന്റെ സൂചനയാണ്. സര്‍ക്കാര്‍ നല്‍കുന്നതിന് പകരം, ഉസ്താദ്, ഖത്തീബ്, മുഅദ്ദിന്‍, മദ്‌റസ അധ്യാപകര്‍ എന്നിവര്‍ക്കുള്ള(588 പേരുടെ) ധനസഹായമായ 70 ലക്ഷം രൂപ അനുവദിച്ചത് തന്നെ പള്ളികള്‍ തരുന്ന 7 ശതമാനം തനത് ഫണ്ടില്‍ നിന്നാണ്. ഇത് സര്‍ക്കാരില്‍ നിന്നുള്ള ഫണ്ടല്ല. കഴിഞ്ഞ പ്രളയകാലത്ത് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിന്‍ മുഖ്യമന്ത്രിയുടെ ദുരിത്വാശാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയത് പ്രത്യേക ആഹ്വാന പ്രകാരം വിവിധ പള്ളികളില്‍ നിന്ന് പണം സ്വരൂപിച്ചാണ്. പള്ളികളില്‍നിന്നു പണം സ്വരൂപിച്ച് നല്‍കാന്‍ ഇപ്പോള്‍ പള്ളികള്‍ അടച്ചിട്ടതിനാല്‍ കഴിയില്ലെങ്കിലും ബോര്‍ഡ് ഫണ്ടില്‍ നിന്ന് പരമാവധി 25 ലക്ഷം രൂപ വരെ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കാമെന്നും മെംബര്‍മാര്‍ പറഞ്ഞെങ്കിലും ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അത് തള്ളപ്പെട്ടതായി അറിയുന്നു. ഒരു വര്‍ഷത്തില്‍ ആകെ 10 കോടിയോളം രൂപ മാത്രം വരുമാനമുള്ള ബോര്‍ഡ് ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ രാഷ്ട്രീയ തീരുമാനമെന്നുള്ള നിലയില്‍ ചെലവഴിക്കുന്നത് തെറ്റാണ്.

കോഴിക്കോട് വഖ് ഫ് ട്രൈബ്യുണല്‍ സ്ഥാപിക്കുന്ന ചെലവിലേക്ക് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് വഖ്ഫ് ബോര്‍ഡ് ഫണ്ട് നല്‍കിയെങ്കിലും ഇന്നോളം പ്രസ്തുത ഫണ്ട് തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. വകുപ്പ്മന്ത്രി ഇക്കാര്യത്തില്‍ ഇപ്പോള്‍ മൗനം പാലിക്കുനത് തന്റെ പാര്‍ട്ടി വിധേയത്വം കെണ്ടാണ്. ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച പണം ലഭിക്കുന്നതിന് മുഖ്യമന്ത്രിയെയോ ധനമന്ത്രിയെയോ സമീപിക്കുന്നതിന് വകുപ്പ് മന്ത്രിയും ചെയര്‍മാനും വേണ്ടുംവിധം ശ്രമിക്കുന്നില്ല എന്നുള്ളത് ഇക്കാര്യത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. വഖ് ഫ് ബോര്‍ഡിനെ കബളിപ്പിച്ച് വഖ് ഫ് ഫണ്ട് രാഷ്ട്രീയ പ്രേരിതമായി ദുരുപയോഗപ്പെടുത്താനുള്ള ഇത്തരം രാഷ്ട്രീയ നടപടികള്‍ക്കെതിരേ സമുദായ സംഘടനകളില്‍ നിന്നും മഹല്ല് നേതൃത്വങ്ങളില്‍ നിന്നും മുസ്‌ലിം നേതാക്കളില്‍ നിന്നും ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ട്. വഖ് ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ദുസ്വാധീനങ്ങളില്‍നിന്നു മുക്തമാവാന്‍ സമുദായം കൂട്ടായി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആരാധനാലയങ്ങള്‍ അടച്ചിടാന്‍ അമിതോല്‍സാഹം കാണിക്കുകയും, മദ്യഷാപ്പുകള്‍ വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ ഉല്‍സാഹം കാണിക്കുന്ന, എന്നാല്‍ ആരാധനാലയങ്ങള്‍ പരിമിത രീതിയില്‍ എങ്കിലും തുറന്നുപ്രവര്‍ത്തിക്കാന്‍ തികഞ്ഞ അമാന്തം ജാഗ്രതാപൂര്‍വം അതിസമര്‍ത്ഥമായി പുലര്‍ത്തുന്ന മതനിഷേധത്തിലൂന്നി പ്രവര്‍ത്തിക്കുന്ന മാര്‍ക്‌സിസ്റ്റ് കുതന്ത്രങ്ങളെയും സമുദായം കരുതിയിരിക്കണം. ഫാഷിസ്റ്റുകള്‍ക്ക് തന്ത്രപൂര്‍വം പാദസേവ ചെയ്യാന്‍ കമ്യുണിസ്റ്റുകളില്‍ ഒരു വിഭാഗം ഉല്‍സുകരാണ്. ഇടതുപക്ഷത്തെ മതവിശ്വാസികളും ഉണര്‍ന്നുയര്‍ന്ന് ഉചിതമായി പ്രവര്‍ത്തിക്കണം.

പി പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി(മാഹി)

(വഖ്ഫ് ബോര്‍ഡ് മുന്‍ മെംബര്‍ )

Next Story

RELATED STORIES

Share it