Top

സെക്രട്ടേറിയേറ്റില്‍ ഒരു തീപിടിത്തമുണ്ടാവുമെന്ന് ഒരു വര്‍ഷം മുമ്പേ പറഞ്ഞു...; മുരളി തുമ്മാരുകുടി എഴുതുന്നു

അതെഴുതിയ സമയത്ത് കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്നും ആശങ്ക വേണ്ടെന്നും പലരും എന്നോട് പറഞ്ഞിരുന്നു. അതിനുശേഷവും ഞാന്‍ സെക്രട്ടേറിയറ്റില്‍ പോയിരുന്നു.

സെക്രട്ടേറിയേറ്റില്‍ ഒരു തീപിടിത്തമുണ്ടാവുമെന്ന് ഒരു വര്‍ഷം മുമ്പേ പറഞ്ഞു...; മുരളി തുമ്മാരുകുടി എഴുതുന്നു
X

കോഴിക്കോട്: സ്വര്‍ണക്കടത്ത് പുറത്തായതിനു പിന്നാലെ സെക്രട്ടേറിയറ്റും മുഖ്യമന്ത്രിയുടെ ഓഫിസും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെയാണു ഇന്നലെ തീപ്പിടിത്തമുണ്ടായത്. പ്രോട്ടോക്കോള്‍ ഓഫിസ് ഉള്‍പ്പെടുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം വന്‍ വിവാദങ്ങള്‍ക്കാണ് കാരണമായിട്ടുള്ളത്. ഈയവസരത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വകുപ്പിലെ ദുരന്തനിവാരണ വിഭാഗം മേധാവിയായിരുന്ന മലയാളി മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്ക് പോസ്റ്റ് പ്രസക്തമായ ചില ചോദ്യങ്ങളുയര്‍ത്തുന്നതാണ്. സുരക്ഷാ ഓഡിറ്റിങ്ങില്ലാത്ത വിധത്തിലാണ് ഭരണസിരാകേന്ദ്രങ്ങള്‍ പോലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഒരു വര്‍ഷം മുമ്പ് തന്നെ പറഞ്ഞിരുന്നതായി അദ്ദേഹം എഴുതുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സെക്രട്ടേറിയേറ്റില്‍ തീ പിടിത്തമുണ്ടായി എന്നും കുറച്ചു ഫയലുകള്‍ കത്തിനശിച്ചുവെന്നും വാര്‍ത്തകള്‍ വരുന്നു. 'പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷനല്‍ സെക്രട്ടറി പി ഹണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇതാണ് ഔദ്യോഗിക ഭാഷ്യം. 'പ്രോട്ടോക്കോള്‍ ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.''

ഫയലിനകത്ത് എന്തുമാകട്ടെ, സെക്രട്ടേറിയേറ്റില്‍ ഒരു തീപിടുത്തമുണ്ടാവുമെന്ന് ഒരു വര്‍ഷം മുമ്പേ ഞാന്‍ പറഞ്ഞിരുന്നതാണ്. 'അപ്പോള്‍ തീ എവിടെയും തുടങ്ങാം, ആരെയും കൊല്ലാം. ഇതിപ്പോള്‍ തിരക്കുള്ള നഗരത്തിന്റെ മാത്രം കാര്യമല്ല. നമ്മുടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് കണ്ടിട്ടുള്ള സുരക്ഷാ

വിദഗ്ധര്‍ തലയില്‍ കൈവച്ച് ഉടന്‍ സ്ഥലം കാലിയാക്കാന്‍ നോക്കും. മരത്തിന്റെ ഫ്‌ളോര്‍, പ്ലൈവുഡിന്റെ പാനല്‍, എവിടെയും കെട്ടുകെട്ടായി ഫയലുകള്‍, നിലത്തൂടെ ലൂസ് ആയി കിടക്കുന്ന ഇലക് ട്രിക് വയറുകള്‍, പല റൂമുകളിലും ചായയും കാപ്പിയും ഉണ്ടാക്കാനുള്ള സംവിധാനം. മുറികളില്‍ നിന്നും എങ്ങനെയാണ് പുറത്തെത്തുന്നത് എന്ന് സന്ദര്‍ശകര്‍ക്ക് തീരെ പിടികിട്ടാത്ത തരത്തിലുള്ള ഇടനാഴികളും കോണികളും. ഓരോ തവണയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും റൂമിനടുത്തുകൂടെ പോവുമ്പോള്‍

ഞാന്‍ ഇക്കാര്യം ഓര്‍ക്കാറുണ്ട്. എന്നെങ്കിലും ഇവിടെ ഒരു ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ?. ഏതെങ്കിലും കാലത്ത് ഒരു ഫയര്‍ ഡ്രില്‍ അവിടെ സാധിക്കുമോ? എന്നാണ് ഭരണ സിരാകേന്ദ്രത്തിന് 'തീ പിടിക്കുന്നത്?. 'എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവര്‍ അവിടെയുണ്ട്, അവരൊന്നു പേടിച്ചോട്ടെ എന്നോര്‍ത്ത് പറഞ്ഞതാണ്. അങ്ങനെ എങ്കിലും ഒരു സുരക്ഷാ ഓഡിറ്റ് അവിടെ നടക്കട്ടെ!'

(റബര്‍ കഴുത്തുകളുടെ കേന്ദ്രം, ഫെബ്രുവരി 20, 2019)

അതെഴുതിയ സമയത്ത് കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്നും ആശങ്ക വേണ്ടെന്നും പലരും എന്നോട് പറഞ്ഞിരുന്നു. അതിനുശേഷവും ഞാന്‍ സെക്രട്ടേറിയറ്റില്‍ പോയിരുന്നു. പഴയ കെട്ടിടങ്ങള്‍, മരത്തിന്റെ ഗോവണി, കൂട്ടിയിട്ടിരിക്കുന്ന ഫയലുകള്‍ എല്ലാം അന്നും അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇന്നുണ്ടായതിലും എത്രയോ വലുതും നാശകാരിയുമായ അഗ്‌നിബാധ അവിടെ എന്ന് വേണമെങ്കിലും ഉണ്ടാവാം. അതുകൊണ്ട് ഈ അഗ്‌നിബാധ ഒരു മുന്നറിയിപ്പായി കാണുക, നല്ല സുരക്ഷാ ഓഡിറ്റ് നടത്തുക, പരമാവധി അപകട സാധ്യതകള്‍ ഒഴിവാക്കുക, കൂടുതല്‍ അഗ്‌നിശമന സംവിധാനം ഉണ്ടാക്കുക, ആളുകള്‍ക്ക് പരിശീലനം നല്‍കുക, ആറുമാസത്തില്‍ ഒരിക്കലെങ്കിലും മോക്ക് ഡ്രില്‍ നടത്തുക. ഇല്ലെങ്കില്‍ ഇതിലും വലിയ തീപിടിത്തവും ആള്‍നാശവും നാം കാണും.

മുരളി തുമ്മാരുകുടി

Secrateriate firing: Tt was said a year ago...; Muralee Tummarukudy writes


Next Story

RELATED STORIES

Share it