Emedia

അന്‍വറിനെ നേരിടാന്‍ നല്ല ശേഷിയുണ്ട്; ഇപ്പോള്‍ തീയാവേണ്ടത് സിപിഎമ്മിനെ ഹൃദയത്തിലേറ്റുന്നവരെന്ന് പി ജയരാജന്‍

അന്‍വറിനെ നേരിടാന്‍ നല്ല ശേഷിയുണ്ട്; ഇപ്പോള്‍ തീയാവേണ്ടത് സിപിഎമ്മിനെ ഹൃദയത്തിലേറ്റുന്നവരെന്ന് പി ജയരാജന്‍
X

കണ്ണൂര്‍: പി വി അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ചതോടെ സിപിഎം നേതാക്കള്‍ രൂക്ഷപ്രതികരണവുമായി രംഗത്ത്. സിപിഎമ്മിന് അന്‍വര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ നേരിടാന്‍ നല്ല ശേഷിയുണ്ടെന്നു മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി സഖാവ് പിണറായിയെ പിതൃതുല്യനായി കണ്ടിരുന്ന അന്‍വറിന്, താന്‍ കൈക്കൊണ്ട തെറ്റായ നിലപാട് തുറന്ന് കാണിച്ചപ്പോഴാണോ പുതിയ ബോധോദയമുണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അന്‍വര്‍ എംഎല്‍എ സിപിഎമ്മിനെയും ഇടതുപക്ഷത്തെയും സ്‌നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള നിലപാടാണ് തുടര്‍ച്ചയായി കൈക്കൊള്ളുന്നത്. ഇന്നത്തെ പത്രസമ്മേളനത്തോടെ അന്തരിച്ച നേതാവിനെയും ജീവിച്ചിരിക്കുന്ന നേതാക്കളെയും രണ്ട് തട്ടിലാക്കി ചിത്രീകരിച്ച് കൂടുതല്‍ പരിഹാസ്യനായിരിക്കുന്നു. ഇക്കാര്യത്തില്‍ വലതുപക്ഷത്തിന്റെ ശൈലിയാണ് അന്‍വര്‍ പിന്തുടരുന്നത്. അതുവഴി തന്നെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് വഞ്ചിച്ചിട്ടുള്ളത്. ഇതിനെതിരേ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. പരിഹാസ്യമായ വാദഗതികള്‍ അന്‍വര്‍ ഉന്നയിക്കുന്നുണ്ട്. അതിലൊന്ന്, തന്നെ പോലിസ് പിന്തുടരുന്നു എന്നുള്ളതാണ്. സ്ഥിരം ഗണ്‍മാനുള്ള താങ്കളെ പോലിസ് പിന്തുടരേണ്ട ആവശ്യകതയെന്താണ്?. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി സ. കെപിആര്‍ ഗോപാലന്‍ എംഎല്‍എ ആയിരിക്കുന്ന ഘട്ടത്തില്‍ നടത്തിയ അപവാദ പ്രചരണങ്ങളെപ്പോലും അതിജീവിച്ച സിപിഎമ്മിന് അന്‍വര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ നേരിടാന്‍ നല്ല ശേഷിയുണ്ടെന്നു മനസ്സിലാക്കണം. മുഖ്യമന്ത്രി സഖാവ് പിണറായിയെ പിതൃതുല്യനായി കണ്ടിരുന്ന അന്‍വറിന്, താന്‍ കൈക്കൊണ്ട തെറ്റായ നിലപാട് തുറന്ന് കാണിച്ചപ്പോഴാണോ പുതിയ ബോധോദയമുണ്ടായത്. പാര്‍ട്ടി ശത്രുക്കളുടെ പാവയാവാന്‍ ആര്‍ക്കും കഴിയും. പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നത്. ഇപ്പോള്‍ തീയാവേണ്ടത് സിപിഎമ്മിനെ ഹൃദയത്തിലേറ്റുന്ന ഓരോ മനുഷ്യരുമാണ്. പാര്‍ട്ടി ശത്രുക്കള്‍ക്ക് അമ്മാനമാടാന്‍ വിട്ടുകൊടുക്കേണ്ട ഒന്നല്ല നമ്മുടെ പാര്‍ട്ടിയും നേതൃത്വവും. അത് നമ്മുടെ രക്തമാണ്; ജീവനാണ്. ആ ജീവനെ ചേര്‍ത്തുപിടിച്ച്, ധീര രക്തസാക്ഷികളുടെ ഹൃദയ രക്തത്തെ സാക്ഷിനിര്‍ത്തി, നമുക്ക് പ്രതിജ്ഞ ചെയ്യാം-ഒറ്റുകാരുടെയും ശത്രുക്കളുടെയും അപവാദ പ്രചാരണങ്ങളിലും ചതി പ്രയോഗങ്ങളിലും കടന്നാക്രമണങ്ങളിലും തെല്ലും പതറിപ്പോവാതെ ഈ ചെങ്കൊടി ഇനിയും ഉയര്‍ത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്ന്.


Next Story

RELATED STORIES

Share it