Emedia

വകുപ്പ്മന്ത്രിക്കില്ലാത്ത അസഹിഷ്ണുതയാണ് മറ്റുചിലർക്ക്

വകുപ്പ്മന്ത്രിക്കില്ലാത്ത അസഹിഷ്ണുതയാണ് മറ്റുചിലർക്ക്
X

വഴിയില്‍ കുഴിയുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന ഒരു സിനിമാ പോസ്റ്ററിനെതിരേ ബഹിഷ്‌കരണാഹ്വാനം നടക്കുകയാണ്. കുഞ്ചാക്കോയുടെ ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പോസ്റ്ററിനെതിരേയാണ് ഇടത് അനുകൂലികള്‍ സൈബര്‍ ഇടങ്ങളില്‍ ബഹിഷ്‌കരണാഹ്വാനം നടത്തിയത്. ഇതിനെതിരേയാണ് അഭിഭാഷാകനായ ഹരീഷ് വാസുദേവന്‍ ശ്രീദേവി ഫേസ്ബുക്കില്‍ എഴുതിയത്.

ഹരീഷ് വാസുദേവന്‍ ശ്രീദേവി

മഴക്കാലത്ത് കേരളത്തിലെ റോഡിൽ കുഴിയുണ്ടെന്ന് പറയുന്നത് ഒരു സർവ്വകാല യാഥാർഥ്യമാണ്. ഇന്നലെ, ഇന്ന്, നാളെ. എല്ലാ റോഡുകളും IRC നിലവാരത്തിൽ പണിയാൻ ഭൂമിയും പണവും ഇല്ലാത്ത കാലത്തോളം അതങ്ങനെ ആയിരിക്കും. അതിൽ NHAI യുടെ റോഡുകളെന്നോ PWD യുടെ റോഡുകളെന്നോ പഞ്ചായത്ത് റോഡുകളെന്നോ വ്യത്യാസമില്ല. താൽക്കാലിക പരിഹാരങ്ങൾ എല്ലാക്കാലത്തും ഉണ്ടാകാറുണ്ട്. വാസ്തവത്തിൽ അതാണ് കോൺട്രാക്ടർമാർക്ക് താൽപ്പര്യവും. അതുകൊണ്ട് "കുഴിയടയ്ക്കണേ" എന്ന നിലവിളി കോൺട്രാക്ടർമാർ ചിലപ്പോഴെങ്കിലും സ്പോൺസർ ചെയ്യാറുണ്ടെന്നത് ഒരഭിഭാഷകന്റെ സ്വകാര്യ അനുഭവമാണ്.

എന്താണ് ശാശ്വത പരിഹാരം? ദുരന്തനിവാരണ നിയമത്തിന്റെ ദുരുപയോഗമല്ല പരിഹാരം.

റോഡ് നിർമ്മാണത്തിന്റെയും ടാറിങ്ങിന്റെയും ക്വാളിറ്റി വർധിപ്പിക്കുക, മെയിന്റനൻസ് കാര്യക്ഷമമാക്കുക, റണ്ണിങ് കോണ്ട്രാക്റ്റ് നിർബന്ധമാക്കുക, വെള്ളമൊഴുകി പോകാനുള്ള ശാസ്ത്രീയ സംവിധാനം ഒരുക്കുക ഒക്കെയാണ്. ആകെയുള്ള റോഡുകളിൽ ചെറിയൊരു പങ്കാണ് PWD യുടെ കയ്യിലുള്ളത്. കാണുന്നിടത്തോളം, സിസ്റ്റം തന്നെ നന്നാക്കാനുള്ള ശ്രമമാണ് PWD മന്ത്രി നടത്തുന്നത്. റണ്ണിങ് കോൺട്രാക്ട്, നടത്തിപ്പിലെ സുതാര്യത, ഉദ്യോഗസ്ഥരെ അക്കൗണ്ടബിളാക്കൽ എന്നിവ PWD യിൽ പ്രകടമായ മാറ്റമുണ്ടാക്കുന്നുണ്ട് എന്നാണ് എന്റെ അനുഭവം. ഒരു റോഡുപണിയിലെ കോൺട്രാക്ടറുടെ ഉഴപ്പ് ചൂണ്ടിക്കാണിച്ച പരാതിക്ക് 10 ദിവസത്തിനകം ശരിയായി റോഡ് പണിതുകാണിച്ച അനുഭവമുണ്ട്. ഒരു വർഷത്തിനുള്ളിൽ പോസിറ്റീവ് മാറ്റം വിസിബിളാണ്. തുടരാനായാൽ നല്ല റിസൾട്ട് ഉണ്ടാകും പക്ഷെ ഒരു സിസ്റ്റമിക് ചേഞ്ചിന്റെ മുഴുവൻ ഫലവും ഇന്നോ നാളെയോ റോഡിൽ കണ്ടുകിട്ടണമെന്ന് വാശി പിടിക്കരുത്.

എന്നാൽ ഭൂരിപക്ഷം റോഡുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും NHAI യുടെയും കയ്യിലാണ്.

NHAI യുടെ നിലപാടെന്താണ്? വില്ലേജ് ഓഫീസർമാർ റിപ്പോർട്ട് ചെയ്യാത്തതുകൊണ്ടാണ് കുഴി അടയ്ക്കാത്തത് എന്ന വിചിത്രവും അസംബന്ധവുമായ വാദമാണ് അവർക്ക്. വില്ലേജ് ഓഫീസർക്ക് ഇതിലൊരു റോളുമില്ല.

റോഡിലെ കുഴിനോക്കൽ അവരുടെ ജോലിയുമല്ല. സമയത്ത് കുഴിയടയ്ക്കലും കുഴിയുണ്ടാവാത്ത റോഡുണ്ടാക്കലും കരാറുകാരന്റെയും എഞ്ചിനീയരുടെയും നിയമബാധ്യത ആക്കണം. കേന്ദ്രത്തിനു ഇക്കാര്യത്തിൽ മൗനമല്ലേ?

വകുപ്പിനെ അടിമുടി പരിഷ്കരിക്കുക എന്ന PWD യുടെ നിലപാട് നിയമസഭയിലും പുറത്തും മന്ത്രി പറഞ്ഞു കേട്ടു. വകുപ്പിനെപ്പറ്റിയുള്ള പരാതികൾ / വിമർശനം മന്ത്രിയെ നേരിൽ വിളിച്ചു പറയാനും അത് ലൈവായി നാട്ടുകാരെ അറിയിക്കാനുമുള്ള തീരുമാനമാണ് വകുപ്പുമന്ത്രി നടപ്പാക്കുന്നത്. ദുരുപദിഷ്ടമായ രാഷ്ട്രീയാരോപണങ്ങളല്ല, കഴമ്പുള്ള വിമർശനങ്ങളാണ് സർക്കാരിനെ ശരിയായ പാതയിൽ നയിക്കുക എന്ന് PWD മന്ത്രിക്കറിയാം. സോഷ്യൽ മീഡിയ വിമര്ശനങ്ങളെപ്പോലും പോസിറ്റീവായി കണ്ടു നിർദ്ദേശങ്ങൾ നൽകുന്ന കാര്യം ഈയിടെ ഫേസ്‌ബുക്കിൽ ചൂണ്ടിക്കാട്ടിയത് Arun Punalur ആണല്ലോ. വകുപ്പ്മന്ത്രിക്കില്ലാത്ത അസഹിഷ്ണുതയാണ് മറ്റുചിലർക്ക്.

റോഡിലെ കുഴിയിൽ വീഴുന്ന ഒരാളുടെ കോടതിക്കേസിന്റെ സിനിമയാണ് "ന്നാ താൻ കേസ് കൊട്". ഇന്ന് റിലീസ്. സ്വാഭാവികമായും റോഡിലെ കുഴിയാണ് അവരുടെ പരസ്യത്തിലെ ക്യാച്ച്. ഈ പരസ്യം സർക്കാരിനെ നിന്ദിക്കലാണ് അതുകൊണ്ട് സിനിമ ബഹിഷ്കരിക്കണമെന്നാണ് ചിലർ പറയുന്നത്. എന്തസംബന്ധമാണീ വാദം? സംഘികളുടെ 'ദേശദ്രോഹ' വാദം പോലെ 'സംസ്ഥാനദ്രോഹി'കളെ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഇക്കൂട്ടർ. ഏത് സർക്കാർ ഭരിച്ചാലും സിസ്റ്റത്തിലെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക എന്നത് പൗരന്റെ കടമയാണ്. നിന്ദയും വിമർശനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സർക്കാർനിന്ദയായി ചിത്രീകരിക്കുന്ന പരിപാടി ജനാധിപത്യവിരുദ്ധമാണ്.

ഈ hate ക്യാംപെയ്ൻ കാരണം മാത്രം "ന്നാ കേസ് കൊട്" എന്ന സിനിമ റിലീസ് തീയതീയിൽ തന്നെ ബുക്ക് ചെയ്യാൻ തീരുമാനിച്ചു.

Next Story

RELATED STORIES

Share it