Emedia

മയക്കുമരുന്ന് വ്യാപനത്തിനെതിരേ നടപടി അരികുവല്‍ക്കരിച്ചവരെ പ്രതിസ്ഥാനത്തുകൊണ്ടുവരുന്ന ഭരണവര്‍ഗ പരിപാടിയാവരുത്

മയക്കുമരുന്ന് വ്യാപനത്തിനെതിരേ നടപടി അരികുവല്‍ക്കരിച്ചവരെ പ്രതിസ്ഥാനത്തുകൊണ്ടുവരുന്ന ഭരണവര്‍ഗ പരിപാടിയാവരുത്
X

കെ കെ ബാബുരാജ്‌

പതിനെട്ടാം നൂറ്റാണ്ടിലെ വെള്ളക്കാരായ ബ്രിട്ടീഷ് യുവജനങ്ങളിൽ നിരവധി പേർ തെംസ് നദിയുടെ തീരത്തുള്ള രഹസ്യ സങ്കേതങ്ങളിൽ ലഹരി ഉപയോഗിക്കുന്നതിനായി ഒത്തുചേരുമായിരുന്നു .നൂറുകണക്കിനുള്ള ഈ കേന്ദ്രങ്ങളിൽ കറുപ്പും മദ്യവും കഴിച്ച പലരും മരണപ്പെടുകയോപരസ്പരം ഏറ്റുമുട്ടി കൊല്ലപ്പെടുകയോ പതിവായിരുന്നു. ഇങ്ങനെ മരണമടയുന്നവരുടെ ശരീരങ്ങൾ തെംസ് നദിയിലൂടെ ഒഴുകി നടക്കുന്നത് അക്കാലത്തെ പതിവ് കാഴ്‌ച ആയിരുന്നു എന്നു ചില രേഖകളിലൂടെ മനസ്സിലാവും .ഡി ക്വൻസിയുടെ ' ഒരു കറുപ്പ് തീറ്റിക്കാരന്റെ ആത്മ കഥയും ' ഓസ്കർ വൈൽഡ് രഹസ്യമായി എഴുതിയ ഗേ നോവലും മറ്റുചില അധോതല സാഹിത്യ കൃതികളും മുഖ്യധാര സമൂഹത്തിനൊപ്പം നിലനിന്നിരുന്ന ഇത്തരം പ്രതി സമൂഹങ്ങളെ പറ്റി സൂചന നൽകുന്നവയാണ് .

ഹിപ്പി പ്രസ്ഥാന കാലത്തു രണ്ടു ലക്ഷത്തിലധികം ചെറുപ്പക്കാർ എൽ എസ് ഡി ഉപഭോഗം മൂലം മരിച്ചു എന്നാണ് കണക്ക് .

ലഹരി ഉപഭോഗം ഒരു പടിഞ്ഞാറൻ പ്രതിഭാസം മാത്രമല്ല .ചൈന അടക്കമുള്ള കിഴക്കൻ നാടുകളിലെ പല നഗരങ്ങളും forbidden cities എന്നാണ് അറിയപ്പെട്ടിരുന്നത് .കറുപ്പിന്റെയും ഇതര ലഹരികളുടെയും വൻതോതിലുള്ള ഉപയോഗം മൂലമാണ് ഈ പേരുകൾ ഉണ്ടായത് .

വർത്തമാനകാല കേരളത്തിൽ കഞ്ചാവിന്റെയും പലതരത്തിലുള്ള മയക്കു മരുന്നുകളുടെയും ഉപയോഗവും വിൽപനയും ശക്തമായിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് .എന്നാൽ ഇതിന്റെ പേരിൽ 'ഇന്നത്തെ ചെറുപ്പക്കാർ ആകെ തകരാറാണ് 'എന്ന മട്ടിൽ പ്രചാരണം നടത്തുന്നവർ സമൂഹത്തിലെ യാഥാസ്ഥിതിക മൂല്യങ്ങളുടെ വ്യക്താക്കളാണെന്ന വസ്തുത കാണാതിരുന്നുകൂടാ.

മയക്കു മരുന്നു ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവിന് പിന്നിൽ കേരളത്തിലെ പ്രൊഫെഷണൽ രംഗത്തും സേവന -വിനോദ വ്യവസായ മേഖലയിലും ഉണ്ടായിട്ടുള്ള മാറ്റങ്ങളും കാരണമാണ് .ഇതേ സമയം ഇത്തരം വസ്തുക്കളെ ചെറുകിട തലത്തിൽ വിൽപന നടത്തുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവിന് കാരണം കോവിഡിനു ശേഷം തൊഴിലില്ലായ്മ പെരുകിയതും പലരുടെയും ഉപജീവന മാർഗം വഴിമുട്ടിയതും ആയേക്കാം .പെട്ടെന്നു പണമുണ്ടാക്കുക എന്ന ലക്ഷ്യവും പലർക്കും കണ്ടേക്കാം .

ചില 'കുറ്റവാളിത്തങ്ങളെ 'സാമൂഹികമായ അസമത്വങ്ങളുടെയും അരക്ഷിതസ്ഥകളുടെയും പശ്ചാത്തലത്തിൽ കാണേണ്ടവയാണ് .അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷ് മയക്കു മരുന്നിനെതിരെ നടത്തിയ യുദ്ധം അവിടുത്തെ അപരർക്കും വിമതർക്കും നേരെയുള്ള അടിച്ചമർത്തലായി മാറി .

കേരളത്തിൽ തന്നെ 'നാർക്കോട്ടിക് ജിഹാദ് ' എന്ന വാക്കു ഉപയോഗിച്ചു ഇസ്ലാമോഫോബിയ പടർത്താൻ ചിലർ ശ്രമിക്കുകയുണ്ടായല്ലോ. വളരെയധികം കോളനികളും ചേരികളും വലിയൊരു വിഭാഗം ഇതര സംസ്ഥാന തൊഴിലാളികളുമുള്ള ഇവിടെ മയക്കു മരുന്നിന്റെ പേരിലുള്ള അനിയന്ത്രിതമായ ' മോറൽ പാനിക് ' ഉയരുമ്പോൾ അത് ഇതേ ജനതയ്ക്കു മേലുള്ള പിശാചുവൽക്കരണമായി മാറിയേക്കാം എന്നു ന്യായമായും സംശയിക്കാവുന്നതാണ് .

യൂറോപ്പിലെ പല നഗരങ്ങളിലും ചില ഏഷ്യൻ നഗരങ്ങളിലും കഞ്ചാവ് പോലുള്ള ഉൽപന്നങ്ങളും ചെറിയ ഡോസിലുള്ള ഡ്രഗ്സും കർശനമായ ഉപാധികളോടെ നിയമപരമാക്കിയിട്ടുണ്ട് .അതിന്റെ ഗുണവും ദോഷവും ഇപ്പോൾ പറയാൻ കഴിയില്ല . എന്നാൽ ഇത്തരം ലഹരി ഉപയോഗം പൂർണ്ണമായി തടയാനാവില്ലെന്ന വസ്തുതയാണ് ഇതു തെളിയിക്കുന്നത് .

പറഞ്ഞു വരുന്നത്, മയക്കു മരുന്നു ഉപഭോഗത്തിന്റെ അപകടകരമായ അവസ്ഥയെ അഭിമുഖീകരിക്കാൻ സ്റ്റേറ്റ് സംവിധാനങ്ങളും എൻ ജി ഒ കളും യുവജന സംഘടനകളും രംഗത്തു വരേണ്ടതില്ലെന്നല്ല .അതിനു പിന്നിലെ വൻ സാമ്പത്തിക ശക്തികളെ പുറത്തുകൊണ്ടു വരുന്നതിനൊപ്പം യുവജനങ്ങളെ പൊതുവിലും അരികുവൽക്കരിച്ചവരെ സവിശേഷമായും പ്രതിസ്ഥാനത്തു നിറുത്തുന്ന ഒരു ഭരണവർഗ്ഗ പരിപാടിയായി ഇത്തരം പ്രചാരണങ്ങൾ മാറുന്നതിൽ ജാഗ്രത പുലർത്തുകയും വേണമെന്നു തോന്നുന്നു.

Next Story

RELATED STORIES

Share it