Emedia

വിഎസിന്റെ വഴിയേ പിണറായിയും...

ആബിദ് അടിവാരം

വിഎസിന്റെ വഴിയേ പിണറായിയും...
X

കോഴിക്കോട്: പൂഞ്ഞാര്‍ സെന്റ് തോമസ് പള്ളി കോംപൗണ്ടില്‍ ഏതാനും വിദ്യാര്‍ഥികള്‍ നടത്തിയ അപക്വമായ നടപടിയെ വിമര്‍ശിക്കുന്നതിന്റെ മറവില്‍ മുസ് ലിം കുട്ടികള്‍ക്കെതിരേ തെമ്മാടിത്തം എന്നു വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം വ്യാപക പ്രതിഷേധമാണ് വരുത്തിവച്ചത്. ഇസ് ലാമോഫോബിയ വളര്‍ത്തുന്ന പ്രസ്താവനയില്‍ വി എസ് അച്യുതാനന്ദന്റെ വഴിയേ തന്നെയാണ് പിണറായി വിജയനും എന്നാണ് സോഷ്യല്‍ മീഡിയാ ആക്റ്റിവിസ്റ്റ് ആബിദ് അടിവാരം വിമര്‍ശിക്കുന്നത്.

ആബിദ് അടിവാരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ത്യന്‍ മുസ് ലിംകളെ അപരവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് ഏറ്റവുമധികം വെള്ളമൊഴിച്ചയാള്‍ സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനാണ്. മുസ് ലിംകള്‍ക്കെതിരേ ഡല്‍ഹിയില്‍ നടത്തിയ ലൗ ജിഹാദ് പ്രസ്താവന വിവാദമായപ്പോള്‍ സഖാക്കള്‍ ന്യായീകരിച്ചത് പോലിസ് റിപോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് വി എസ് പ്രസ്താവന നടത്തിയത് എന്നായിരുന്നു. ആ പ്രസ്താവന യോഗി ആദിത്യനാഥ് ഉള്‍പ്പടെ സംഘപരിവാര്‍ നേതാക്കള്‍ ഉപയോഗിക്കുന്നത് കാണുകയും അത് തെറ്റാണെന്ന് പൂര്‍ണമായും ബോധ്യപ്പെടുകയും ചെയ്‌തെങ്കിലും വി എസ് ആ പ്രസ്താവന തിരുത്തിയില്ല. വിഎസ്സിന്റെ പല പ്രസ്താവനകളും തിരുത്തിച്ച സിപിഎം കേരളത്തെ മുസ് ലിം രാജ്യമാക്കാന്‍ ചില മുസ് ലിം സംഘടനകള്‍ ശ്രമിക്കുന്നു എന്ന അടിസ്ഥാനരഹിതമായ പ്രസ്താവന തിരുത്താന്‍ ആവശ്യപ്പെട്ടതുമില്ല. സമാനമായ ഒരു പ്രസ്താവനയാണ് ഇന്ന് പിണറായി വിജയന്‍ നടത്തിയിരിക്കുന്നത്.

ഈരാറ്റുപേട്ടയില്‍ പ്ലസ്ടു വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. പള്ളിമുറ്റത്ത് ബൈക്ക് റെയ്‌സ് നടത്തുന്നതിനിടെ പുരോഹിതനെ വണ്ടിയിടിച്ചു. സംഭവം നടന്ന ഉടനെ ഹിന്ദു-ക്രിസ്ത്യന്‍ സംഘിക്കൂട്ടം മുസ് ലിം യുവാക്കള്‍ ക്രിസ്ത്യന്‍ പുരോഹിതനെ പള്ളിയില്‍ കയറി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന പ്രചാരണം നടത്തിയപ്പോള്‍ ഈരാറ്റുപേട്ടയിലെ ജനങ്ങള്‍ ഇടപെട്ടു, സര്‍വകക്ഷി യോഗം വിളിച്ചു. ആ യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് അഡ്വക്കറ്റ് ജെയിംസ് നടത്തിയ പ്രസംഗമാണ് താഴെ വീഡിയോയിലുള്ളത്. എല്ലാ മതക്കാരായ വിദ്യാര്‍ഥികളും ബൈക്ക് റേസിങ്ങിന് ഉണ്ടായിരുന്നു, 18 മുസ് ലിംകളും 11 ക്രിസ്ത്യാനികളും, 7 ഹിന്ദുക്കളും എന്നദ്ദേഹം കണക്ക് പറയുന്നുണ്ട്. നോക്കൂ, ഒരു അപകടം നടക്കുമ്പോള്‍ അതിനു കാരണക്കാരായ വിദ്യാര്‍ഥികളുടെ പേര് പറയുമ്പോള്‍ മതം തിരിച്ച് പറയേണ്ട അവസ്ഥ വന്നിരിക്കുന്നു കേരളത്തില്‍, ആ ഭാഗം പക്ഷേ, ആരും ചര്‍ച്ച ചെയ്തില്ല.

പിന്നീട് നമ്മള്‍ കേള്‍ക്കുന്നത് സ്ഥലം ജമാഅത്ത് കമ്മിറ്റിയുടെ പരാതിയാണ്. അപകടമുണ്ടാക്കിയ കുട്ടികളില്‍ മുസ് ലിം കുട്ടികളെ മാത്രം തിരഞ്ഞു പിടിച്ച് കേസെടുക്കുന്നു. കുട്ടികളുടെ പേരില്‍ മനപ്പൂര്‍വമുള്ള നരഹത്യാ വകുപ്പ് ചുമത്താന്‍ പോലിസ് ശ്രമിക്കുന്നു എന്ന് ഒരു പള്ളിക്കമ്മിറ്റിക്ക് പറയേണ്ടി വരുന്നത് യോഗിയുടെ യുപിയിലല്ല കേരളത്തിലാണ്. അപ്പോഴും പോലിസിനെ തിരുത്താന്‍ ഒരു ഭരണകൂടമുണ്ടല്ലോ എന്ന പ്രതീക്ഷയിലായിരുന്നു ജമാഅത്ത് കമ്മിറ്റിയും നാട്ടുകാരും. എന്നാല്‍ ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്, പാതിരിയെ ആക്രമിച്ച തെമ്മാടികള്‍ എല്ലാവരും മുസ് ലിംകളാണ് എന്നാണ്..! ഈരാറ്റുപേട്ടയിലെ മനുഷ്യര്‍ക്ക്, ആ സ്‌കൂളിലെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സത്യമറിയാം, പക്ഷേ, പുറത്തുള്ള മനുഷ്യര്‍ക്കിടയില്‍ കളവ് പ്രചരിപ്പിച്ച് സാമൂഹിക സ്പര്‍ധ സൃഷ്ടിക്കാന്‍ എളുപ്പമാണ്. മലപ്പുറത്ത് നോമ്പ് കാലത്ത് പച്ച വെള്ളം കിട്ടില്ല, ബലമായി എല്ലാ കടകളും അടപ്പിക്കും എന്ന് സംഘികള്‍ പ്രചരിപ്പിക്കുമ്പോള്‍ അത് തെറ്റാണ് എന്നറിയാവുന്നത് മലപ്പുറത്തുകാര്‍ക്ക് മാത്രമാണ്. ബാക്കിയുള്ളവര്‍ അതില്‍ ശരിയുണ്ടെന്ന് ധരിക്കും. അതാണ് കളവ് പറയുന്നവരുടെ ലക്ഷ്യവും. ഇതേ സാധ്യത വച്ചാണ് വി എസ് കള്ളം പറഞ്ഞത്, പിണറായി കള്ളം പറയുന്നതും.

പോലിസ് റിപോര്‍ട്ട് അനുസരിച്ചാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് എന്ന ന്യായീകരണം വന്നുകഴിഞ്ഞു. നാട്ടില്‍ നടക്കുന്ന കാര്യങ്ങളൊന്നും അറിയാത്ത, പോലിസിനെ കണ്ണടച്ച് വിശ്വസിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന് അയാളെ തിരിച്ചറിഞ്ഞ ആരും വിശ്വസിക്കില്ല, പക്ഷേ, പൊതു ജനത്തിനിടയില്‍ ക്രിസ്ത്യന്‍ പാതിരിയെ മുസ് ലിം ചെറുപ്പക്കാര്‍ കൊല്ലാന്‍ ശ്രമിച്ചു എന്ന നുണ പടരും. അതിന്റെ ഗുണഭോക്താക്കള്‍ ബിജെപിയാണെന്ന കാര്യം ആര്‍ക്കാണറിയാത്തത്...!. പിണറായി സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി പച്ചയ്ക്ക് നുണ പറയും, നവ കേരള യാത്രകാലത്ത് കണ്ടത് ഓര്‍മയില്ലേ..?. ഡിഫിക്കാര്‍ ചെടിച്ചട്ടിക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സുകാരുടെ തലയ്ക്കടിക്കുന്നത് ലൈവായി ടിവിയില്‍ കാണുമ്പോള്‍ പിണറായി പറഞ്ഞത് 'ബസ്സിലിരുന്ന് ഞാന്‍ കണ്ടതാണ്, സഖാക്കള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു എന്നാണ്. കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ബിജെപി ക്വട്ടേഷന്‍ കൊടുത്തവരില്‍ മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമെല്ലാമുണ്ട്. പിണറായി വിജയന്‍ അക്കൂട്ടത്തില്‍ പെടില്ല എന്ന് വിശ്വസിക്കാന്‍ കാരണമൊന്നുമില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ നന്നായി സംഘി അജണ്ടകള്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. മാസപ്പടിക്കേസില്‍ കാടിളക്കി വന്ന കേന്ദ്ര അന്വേഷണ സംഘം എസ്എഫ് ഐഒ ഏതുവഴിക്ക് പോയി എന്നാരും കണ്ടിട്ടില്ല. എന്ത് ഒത്തുതീര്‍പ്പിന് പുറത്താണ് അവര്‍ തിരിച്ചുപോയതെന്നും നമുക്കറിയില്ല. അതറിഞ്ഞു വരുമ്പോഴേക്ക് കേരളം ബിജെപിയുടെ കൈയിലെത്തിയിട്ടുണ്ടാവും. ക്രിസ്ത്യന്‍-മുസ് ലിം സ്പര്‍ധ ബിജെപിയുടെ അജണ്ടയാണ്. മുഖ്യമന്ത്രി നേരിട്ടാണ് അതിന് വളംവച്ച് കൊടുക്കുന്നത്. വിഎസ് സഞ്ചരിച്ച പാതയില്‍ തന്നെയാണ് പിണറായി വിജയനും സഞ്ചരിക്കുന്നത്. അത് സിപിഐഎമ്മിന്റെ പാതയാണ്. ആ പാതയിലൂടെ സഞ്ചരിച്ചാണ് ത്രിപുരയിലും ബംഗാളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബിജെപിയുടെ ആലയിലെത്തിച്ചത്. 'പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ല' എന്ന ഡയലോഗ് ഇടയ്ക്കിടെ പറയുന്നത് കേട്ട് വിജൃംഭിക്കുന്ന മുസ് ലിംകളും ബഹുസ്വര സമൂഹവും മുസ് ലിം-ക്രിസ്ത്യന്‍ സ്പര്‍ധയുണ്ടാക്കി കേരളത്തെ ബിജെപിക്ക് തീറെഴുതാനുള്ള ശ്രമത്തെ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്.

Next Story

RELATED STORIES

Share it