Emedia

വിദ്യാലയങ്ങളിലെ സുരക്ഷ...

ഒരു വർഷം എത്ര വിദ്യാർത്ഥികൾ കേരളത്തിൽ മരിക്കുന്നുണ്ട്? കഴിഞ്ഞ പത്തു വർഷമായി നമ്മുടെ വിദ്യാലയങ്ങളിൽ മാത്രം എത്ര മരണങ്ങൾ നടന്നു? ഈ കണക്കൊന്നും ആരും സൂക്ഷിക്കാറില്ല. മരണങ്ങൾ ഒറ്റക്കൊറ്റക്ക് ആയതിനാൽ സമൂഹം ഒരു പാഠവും പഠിക്കാറുമില്ല.

വിദ്യാലയങ്ങളിലെ സുരക്ഷ...
X

കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോടടുത്ത് സ്‌കൂൾ വിട്ടുവന്ന കുട്ടികൾക്ക് മിന്നലേറ്റ് അതിലൊരു കുട്ടി മരിച്ചു. ഇന്നിപ്പോൾ കോട്ടയത്ത് ഒരു കോളേജ് അധ്യാപകൻ മൂന്നാമത്തെ നിലയിൽ നിന്നും വീണ് മരിച്ച സംഭവവും ഉണ്ടായിരിക്കുന്നു.

രണ്ടും ഒറ്റപ്പെട്ടതും പരസ്പര ബന്ധമില്ലാത്തതുമായ സംഭവങ്ങളാണെങ്കിലും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്‌കൂളിലേക്കുള്ള യാത്രയിൽ വാഹനാപകടം ഉണ്ടായും കോളേജിലെ കാർ പാർക്കിങ്ങിൽ മരം ഒടിഞ്ഞുവീണും ഓരോ വർഷവും നമ്മുടെ കാന്പസുകളിൽ മരണം ഉണ്ടാകാറുണ്ട്. ക്യാന്പസിൽ അനാവശ്യമായി വാഹനം ഓടിച്ചു മരണം ഉണ്ടാകുന്നു. ടൂർ പോകുന്പോൾ മദ്യപിച്ചും അല്ലാതെയും വെള്ളത്തിലിറങ്ങി കുട്ടികൾ മരിക്കുന്നു.

ഒരു വർഷം എത്ര വിദ്യാർത്ഥികൾ കേരളത്തിൽ മരിക്കുന്നുണ്ട്? കഴിഞ്ഞ പത്തു വർഷമായി നമ്മുടെ വിദ്യാലയങ്ങളിൽ മാത്രം എത്ര മരണങ്ങൾ നടന്നു? ഈ കണക്കൊന്നും ആരും സൂക്ഷിക്കാറില്ല. മരണങ്ങൾ ഒറ്റക്കൊറ്റക്ക് ആയതിനാൽ സമൂഹം ഒരു പാഠവും പഠിക്കാറുമില്ല. ഒരു അനുശോചന സമ്മേളനം, ചിലപ്പോൾ മരിച്ചവരുടെ പേരിൽ ഒരു അവാർഡ്, തീർന്നു കാര്യം. മരിച്ചവരുടെ കുടുംബത്തിന് മാത്രമാണ് ആയുഷ്‌ക്കാല വേദന.

ഇങ്ങനെയൊന്നുമല്ല കാര്യങ്ങളെ നേരിടേണ്ടത്. സുരക്ഷിതമായ ഒരു സമൂഹം ഉണ്ടാകണമെങ്കിൽ ആദ്യം വേണ്ടത് നമ്മുടെ കുട്ടികളെ സുരക്ഷയെപ്പറ്റി പഠിപ്പിക്കുകയാണ്. സുരക്ഷിതമല്ലാത്ത വിദ്യാലയങ്ങളിൽ എങ്ങനെയാണ് നാം സുരക്ഷയെക്കുറിച്ച് പഠിപ്പിക്കുന്നത്?

ഞാൻ ആദ്യമായി ഒരു പുസ്തകം എഴുതിയത് 2008 -ലാണ്. തട്ടേക്കാട് സംഭവത്തിൽ കുട്ടികളും അധ്യാപകരും മരിച്ചപ്പോൾ എങ്ങനെയാണ് സുരക്ഷിതമായി വിനോദയാത്ര നടത്തേണ്ടതെന്ന് അധ്യാപകരെ പരിശീലിപ്പിക്കാനായിരുന്നു അത്. എൻറെ സ്വന്തം ചിലവിൽ അച്ചടിച്ച് കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും എത്തിച്ചു. ആരെങ്കിലും വായിച്ചോ? ആ...?

2003 -ൽ എങ്ങനെയാണ് സ്‌കൂളിൽ സുരക്ഷാവിഷയങ്ങൾ പഠിപ്പിക്കേണ്ടത്, എങ്ങനെയാണ് സ്‌കൂൾ സുരക്ഷിതമാക്കേണ്ടത് എന്നതിനെക്കുറിച്ച് ഒരു ലഘുലേഖ എഴുതി അന്നത്തെ ഡി പി ഐ ക്ക് കൊടുത്തു. "ഇപ്പൊ ശരിയാക്കി തരാം" എന്ന് ഉറപ്പും കിട്ടി. പിന്നെയും ഡി പി ഐ മാർ വന്നു, ഞാൻ അവരെയും കണ്ടു. ഒന്നും നടന്നില്ല.

കേരളത്തിലെ കാന്പസുകളെ എങ്ങനെയാണ് സുരക്ഷിതമാക്കുന്നതെന്ന് പരിശീലിപ്പിക്കാൻ മാത്രം പറവൂരിലെ ഹെല്പ് ഫോർ ഹെൽപ്‌ലെസ്സ് എന്ന സംഘടനയുമായി ചേർന്ന് ഞാൻ ഒരു പരിശീലന പദ്ധതി ഉണ്ടാക്കി. കേരളത്തിൽ പല യൂണിവേഴ്സിറ്റി കാന്പസുകളിലും ഫ്രീ ആയി അത് നടത്തിക്കൊടുത്തു. ഒരിക്കൽ കേരളത്തിലെ നൂറ്റിരണ്ട് എ - ഗ്രേഡ് കോളേജുകളിലെ പ്രിൻസിപ്പൽമാർക്ക് അത്തരം കോഴ്സ് അവിടെ ഫ്രീ ആയി നടത്തിക്കൊടുക്കാമെന്ന് ഞാൻ നേരിട്ട് എഴുതി. നൂറ്റി ഒന്ന് പേർ മറുപടി പോലും അയച്ചില്ല !. കൊല്ലത്തെ എൻജിനീയറിങ് കോളേജിൽ പുതുവർഷത്തിൽ നാലോ അഞ്ചോ കുട്ടികൾ മരിച്ചപ്പോൾ സുരക്ഷയെ പറ്റി കുട്ടികൾക്ക് ക്‌ളാസ്സ് എടുക്കാം എന്ന് ഞാൻ മാനേജ്‌മെന്റിനും അലുംനിക്കും പ്രിൻസിപ്പലിനും എഴുതി. എവിടെ, ഒരു മറുപടി പോലും കിട്ടിയില്ല ! (എം ഇ എസിന്റെ മാനേജ്‌മെൻന്റിൽ ഉള്ള കോളേജുകൾ ഞങ്ങൾക്ക് പണം തന്ന് അവരുടെ കോളേജുകളിൽ സുരക്ഷാ പരിശീലനം നടത്തി, കാന്പസ് സുരക്ഷാ ടീമുകൾ ഉണ്ടാക്കി എന്ന കാര്യം സന്തോഷത്തോടെ പറയുന്നു).

വികസിത രാജ്യങ്ങളിൽ സ്‌കൂൾ തുറക്കുന്ന അന്ന് തന്നെ കുട്ടികളെ സുരക്ഷയെ പറ്റി പറഞ്ഞു മനസ്സിലാക്കാറുണ്ട്. കേരളത്തിലെ സ്‌കൂളുകളിലെ പ്രവേശനോത്സവത്തിലും കോളേജുകളിലെ ഓറിയന്റേഷനിലും സുരക്ഷയെക്കുറിച്ച് ഒരു മണിക്കൂറെങ്കിലും സംസാരിക്കണമെന്ന് ഞാൻ വിദ്യാഭ്യാസ മന്ത്രിയോട് പറഞ്ഞു. "ഇപ്പൊ ശരിയാക്കി തരാം" എന്ന ഉറപ്പും കിട്ടി. ഇതൊക്കെയാണ് സുരക്ഷക്ക് നമ്മൾ കൊടുക്കുന്ന മുൻഗണന. നമ്മുടെ കാന്പസുകളിൽ ഇത്രയും അപകടങ്ങളേ സംഭവിക്കുന്നുള്ളൂ എന്നതാണ് ശരിക്കും എന്നെ അതിശയിപ്പിക്കുന്നത്.

ഞാൻ ഇത് പലവട്ടം പറഞ്ഞതാണ്, എൻറെ വായനക്കാർക്ക് ബോറടിക്കുന്നുണ്ടാകും. എന്നാലും ഒഴിവാക്കാവുന്ന ഓരോ മരണവും കാണുന്പോൾ എനിക്ക് വിഷമം വരും. ചിരിച്ചു സ്‌കൂളിലേക്ക് പോയ ഒരു കുട്ടി മരിച്ച വാർത്ത കേൾക്കേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ ദുഃഖം എനിക്ക് മനസ്സിലാകും. അപ്പോൾ അതൊഴിവാക്കാൻ നമ്മുടെ സംവിധാനങ്ങൾ എത്ര പൊട്ടയാണെങ്കിലും ഞാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

സ്‌കൂളുകൾ സുരക്ഷിതമാക്കാൻ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചുള്ള എൻറെ ലഘുലേഖയുടെ കോപ്പി കമന്റിൽ ഇട്ടിട്ടുണ്ട്. അധ്യാപകരും പി ടി എ ക്കാരും ഉണ്ടെങ്കിൽ വായിക്കണം. നിങ്ങളുടെ സ്‌കൂളിലോ, നിങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിലോ നടപ്പിലാക്കാൻ നോക്കണം. ഒരു ജീവൻ എങ്കിലും രക്ഷപ്പെട്ടാൽ അത്രയും ആയില്ലേ.

മിന്നലിൽ നിന്നും രക്ഷപെടുന്നതിനെപ്പറ്റി ഉടൻ എഴുതാം, ഈ ആഴ്ച അല്പം തിരക്കുണ്ട്. സുരക്ഷിതരായിരിക്കുക.

-മുരളി തുമ്മാരുകുടി





Next Story

RELATED STORIES

Share it