Emedia

നട്ടെല്ലുള്ള മാധ്യമസ്ഥാപനങ്ങള്‍ ഇന്നും ഇന്ത്യാ രാജ്യത്തുണ്ട്; ന്യൂസ് ക്ലിക്കിനെതിരായ നടപടിയില്‍ പ്രതികരണവുമായി ഡോ. തോമസ് ഐസക്

നട്ടെല്ലുള്ള മാധ്യമസ്ഥാപനങ്ങള്‍ ഇന്നും ഇന്ത്യാ രാജ്യത്തുണ്ട്; ന്യൂസ് ക്ലിക്കിനെതിരായ നടപടിയില്‍ പ്രതികരണവുമായി ഡോ. തോമസ് ഐസക്
X

തിരുവനന്തപുരം: ഡല്‍ഹി പോലിസ് വ്യാപകമായി മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്. പുകഴ്ത്തുപാടലുകള്‍ അല്ലാതെ ഇന്ത്യാ രാജ്യത്ത് വിമര്‍ശനാത്മക പത്രപ്രവര്‍ത്തനം വേണ്ടായെന്ന തീരുമാനത്തിലാണു മോദി സര്‍ക്കാരെന്നും കേരളത്തില്‍ പ്രലോഭനവും സമ്മര്‍ദ്ദതന്ത്രങ്ങളും ഉപയോഗിച്ച് ഏതാണ്ട് മുഴുവന്‍ മാധ്യമസ്ഥാപനങ്ങളെയും ബിജെപി തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ കേരളത്തിലെ ഇത്തരം മാധ്യമങ്ങളില്‍നിന്നു വ്യത്യസ്തമായി നട്ടെല്ലുള്ള മാധ്യമസ്ഥാപനങ്ങള്‍ ഇന്നും ഇന്ത്യാ രാജ്യത്തുണ്ട്. അവരെ ഭീഷണികൊണ്ട് കീഴ്‌പ്പെടുത്തുകയെന്നതാണു ബിജെപി നീക്കമെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഡോ. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പുകഴ്ത്തുപാടലുകള്‍ അല്ലാതെ ഇന്ത്യാ രാജ്യത്ത് വിമര്‍ശനാത്മക പത്രപ്രവര്‍ത്തനം വേണ്ടായെന്ന തീരുമാനത്തിലാണു മോദി സര്‍ക്കാര്‍. കേരളത്തില്‍ പ്രലോഭനവും സമ്മര്‍ദ്ദതന്ത്രങ്ങളും ഉപയോഗിച്ച് ഏതാണ്ട് മുഴുവന്‍ മാധ്യമസ്ഥാപനങ്ങളെയും ബിജെപി തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ഇത്തരം മാധ്യമങ്ങളില്‍നിന്നു വ്യത്യസ്തമായി നട്ടെല്ലുള്ള മാധ്യമസ്ഥാപനങ്ങള്‍ ഇന്നും ഇന്ത്യാ രാജ്യത്തുണ്ട്. അവരെ ഭീഷണികൊണ്ട് കീഴ്‌പ്പെടുത്തുകയെന്നതാണു ബിജെപി നീക്കം. ബിബിസി, ന്യൂസ് ലോണ്‍ട്രി, ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍, ദി കശ്മീര്‍ വാല, ദി വയര്‍ എന്നു തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ നേര്‍ക്കുള്ള റെയ്ഡുകള്‍ക്കുശേഷം ഇഡി ഇപ്പോള്‍ ന്യൂസ്‌ക്ലിക്കിനുനേരെ തിരിഞ്ഞിരിക്കുകയാണ്.

വിദേശപണം സ്വീകരിച്ചുവെന്നതാണ് ന്യൂസ്‌ക്ലിക്കിന് എതിരെയുള്ള ആക്ഷേപം. നിയമവിരുദ്ധമായ എന്തെങ്കിലും നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ നിശ്ചയമായും അതിന്മേല്‍ അന്വേഷണവും കേസും എടുക്കട്ടെ. പക്ഷേ, ഇവിടെ അതല്ല. യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്താണ് വകുപ്പുകള്‍?. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ക്കെതിരെയുള്ള സെക്ഷന്‍ 153എ ആണ് പ്രധാനപ്പെട്ടത്. ഇത്തരമൊരു കേസെടുക്കാന്‍ അര്‍ഹത ബിജെപിക്കു തന്നെയാണ്! ഇതിനുവേണ്ടിയുള്ള ക്രിമിനല്‍ ഗൂഡാലോചന സംബന്ധിച്ച സെക്ഷന്‍ 120ബി ആണ് അടുത്ത വകുപ്പ്.

ആരാണ് ഇത്തരത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയത്?. ട്വീസ്ത സെതല്‍വാദ്, എഴുത്തുകാരി ഗീത ഹരിഹരന്‍, ന്യൂസ്‌ക്ലിക്ക് പ്രവര്‍ത്തകരായ ഡി രഘുനന്ദന്‍, പ്രബീര്‍ പുര്‍കായസ്ഥ, എഴുത്തുകാരായ പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ഊര്‍മിളേഷ് തുടങ്ങിയവരാണ്. ഇവരില്‍ രഘുനന്ദനെയും പ്രബീറിനെയും 1970കളുടെ മധ്യം മുതല്‍ അടുത്ത് അറിയുകയും എസ്എഫ്‌ഐയിലും പിന്നീട് ശാസ്ത്രപ്രസ്ഥാനത്തിലും ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രപ്രചാരണത്തിന് ഏറ്റവുമധികം സംഭാവന ചെയ്യുകയും സമകാലീന ശാസ്ത്രസംഭവികാസങ്ങളെ മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍ വിലയിരുത്താനും ശ്രമിക്കുന്നവരാണ് ഇവര്‍. പ്രബീര്‍ പുര്‍കായസ്ഥ ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെയും(Free Software Movement of India), ഡല്‍ഹി സയന്‍സ് ഫോറം, All India People's Science Network എന്നിവയുടെയും പ്രമുഖ നേതാക്കളില്‍ ഒരാളാണ്. അടിയന്തിരാവസ്ഥക്കാലത്ത് ഒരു വര്‍ഷം ജയിലിലടയ്ക്കപ്പെട്ടിരുന്നു. ന്യൂസ്‌ക്ലിക്കിനെതിരെ സര്‍ക്കാര്‍ നിരന്തരം ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനമായ ഡിഎകെഎഫ് സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് സമ്മേളനത്തില്‍ പ്രബീറിനു പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

കര്‍ഷക സമരങ്ങളും തൊഴിലാളി സമരങ്ങളും സ്ഥിരമായി കവര്‍ ചെയ്യുന്ന മാധ്യമസ്ഥാപനമാണ് ന്യൂസ്‌ക്ലിക്ക്. 2018ല്‍ മഹാരാഷ്ട്രയില്‍ നാഷിക് മുതല്‍ മുംബൈ വരെ നടന്ന കിസാന്‍ ലോങ് മാര്‍ച്ച് ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ ഇവര്‍ വലിയ പങ്കുവഹിച്ചു. 2020-21ല്‍ ഡല്‍ഹിയില്‍ ഒരു വര്‍ഷത്തോളം നീണ്ട കര്‍ഷക സമരത്തെപ്പറ്റി ഏറ്റവും കൃത്യമായ വാര്‍ത്തകളും വിശകലനങ്ങളും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതോടെയാണ് ന്യൂസ്‌ക്ലിക്കിനെതിരേ വേട്ടയാടല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ന്യൂസ്‌ക്ലിക്കില്‍ നിരവധി തവണ റെയ്ഡുകള്‍ നടത്തുകയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തെങ്കിലും ഒന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ രണ്ടുംകല്‍പ്പിച്ചുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നു തോന്നുന്നു. ഏതോ വലിയ ഭീകരപ്രവര്‍ത്തകരെ കീഴ്‌പ്പെടുത്തുന്നതുപോലെ വെളുപ്പാന്‍കാലത്ത് 30 കേന്ദ്രങ്ങളില്‍ സമാന്തരമായി റെയ്ഡ് നടത്തുകയും പ്രമുഖ പത്രപ്രവര്‍ത്തകരെ ചോദ്യം ചെയ്യാനെന്ന പേരില്‍ രഹസ്യകേന്ദ്രത്തിലേക്കു കൊണ്ടുപോയിരിക്കുകയുമാണ്. യുഎപിഎ ചുമത്തി വായ മൂടിക്കെട്ടാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നീക്കം.

ന്യൂസ്‌ക്ലിക്ക് സുഹൃത്തുക്കള്‍ ഭരണകൂടവേട്ടയാടലിന്റെ ഇരകളാണ്. ഇന്ത്യയില്‍ നടക്കുന്ന മാധ്യമ വേട്ടകളുടെ ഭാഗമാണ് ന്യൂസ്‌ക്ലിക്കിനു നേരെയുള്ള അതിക്രമം. ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ജനാധിപത്യത്തിലും മാധ്യമ സ്വാതന്ത്യത്തിലും വിശ്വസിക്കുന്ന എല്ലാ സുഹ്രുത്തുക്കളും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


Next Story

RELATED STORIES

Share it