Emedia

ഇന്ത്യയുടെ അഞ്ചാംസ്ഥാനം പോലെതന്നെ യാഥാര്‍ത്ഥ്യമാണ് 142ാം സ്ഥാനവും

ഇന്ത്യയുടെ അഞ്ചാംസ്ഥാനം പോലെതന്നെ യാഥാര്‍ത്ഥ്യമാണ് 142ാം സ്ഥാനവും
X

ഡോ. ടി എം തോമസ് ഐസക്

തിരുവനന്തപുരം: ജിഡിപിയുടെ മൊത്തം തുകയെടുത്താല്‍ ഇന്ത്യയുടെ സ്ഥാനം ലോകത്ത് അഞ്ചാമത്തേതാണ്. എന്നാല്‍ ആളോഹരി വരുമാനം എടുത്താല്‍ ഇന്ത്യയുടെ സ്ഥാനം 142ാമതാണ്. ഈ വിരോധാഭാസത്തിനു നല്‍കിയ വിശദീകരണം പലരെയും പ്രകോപിപ്പിച്ചുവെന്നും അതില്‍ കാര്യമില്ലെന്നും മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ഇന്ത്യയുടെ അഞ്ചാംസ്ഥാനം പോലെതന്നെ യാഥാര്‍ത്ഥ്യമാണ് 142ാം സ്ഥാനവും. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് ഡോ. ഐസക്കിന്റെ വിശദീകരണം. ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണെങ്കിലും ലക്ഷ്യം കാണാന്‍ മോദിയുടെ നയങ്ങള്‍ പര്യാപ്തമല്ലായെന്നും അദ്ദേഹം എഴുതി.

പോസ്റ്റിന്റെ പൂര്‍ണരൂപം

ജിഡിപിയുടെ മൊത്തം തുകയെടുത്താല്‍ ഇന്ത്യയുടെ സ്ഥാനം ലോകത്ത് അഞ്ചാമത്തേതാണ്. എന്നാല്‍ ആളോഹരി വരുമാനം എടുത്താല്‍ ഇന്ത്യയുടെ സ്ഥാനം 142ാമതാണ്. ഈ വിരോധാഭാസത്തിനു നല്‍കിയ വിശദീകരണം പലരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യയുടെ അഞ്ചാംസ്ഥാനം പോലെതന്നെ യാഥാര്‍ത്ഥ്യമാണ് 142ാം സ്ഥാനവും.

മേല്‍പ്പറഞ്ഞതു ശരിയാണെങ്കിലും മറ്റു രാജ്യങ്ങളേക്കാള്‍ വേഗതയില്‍ ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച ഇപ്പോള്‍ ഉണ്ടാകുന്നില്ലേയെന്ന ചോദ്യം ന്യായമാണ്. ഇതു പരിഗണിച്ച് ഇന്ത്യ പോലെ ചൈന, ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവയെ എമര്‍ജിംഗ് എക്കണോമീസ് എന്നാണു വിശേഷിപ്പിക്കുക. ഈ വേഗതയില്‍ വളര്‍ന്നുകൊണ്ടിരുന്നാല്‍ ഈ രാജ്യങ്ങള്‍ സാമ്പത്തിക മേധാശക്തികളായി ഭാവിയില്‍ വളരും.

എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിന് മോദിയുടെ നയങ്ങള്‍ പര്യാപ്തമല്ലായെന്നത് കണക്കുകള്‍ പരിശോധിച്ചാല്‍ കാണാം. കൊളോണിയല്‍ കാലത്ത് ഇന്ത്യ ശരാശരി പ്രതിവര്‍ഷം ഏതാണ്ട് ഒരു ശതമാനം വീതമാണ് സാമ്പത്തിക വളര്‍ച്ച നേടിയത്. സ്വാതന്ത്ര്യാനന്തര കാലത്ത് അഭ്യന്തര കമ്പോളത്തെ ആസ്പദമാക്കിയുള്ള മിശ്ര സമ്പദ് വ്യവസ്ഥ നയം സ്വീകരിച്ചതിന്റെ ഫലമായി നമ്മുടെ സാമ്പത്തിക വളര്‍ച്ച 3.5 ശതമാനമായി ഉയര്‍ന്നു. പിന്നെയും ഗതിവേഗം വര്‍ദ്ധിപ്പിക്കുന്നതിനാണ് 1980കളില്‍ കയറ്റുമതിയോന്മുഖ വികസന തന്ത്രം ആവിഷ്‌കരിച്ചത്. ആ ദശകത്തില്‍ സാമ്പത്തിക വളര്‍ച്ച 5 ശതമാനമായി ഉയര്‍ന്നു. 1991 മുതല്‍ പഴയനയങ്ങള്‍ പാടേ ഉപേക്ഷിച്ച് കമ്പോള വികസന മാതൃക സ്വീകരിച്ചു. ഇതിന്റെ ഫലമായി ശരാശരി വളര്‍ച്ച 7.5 ശതമാനമായി ഉയര്‍ന്നു.

എന്നാല്‍ മോദിയുടെ 8 വര്‍ഷക്കാല ഭരണം സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. ഇത് താഴെ കൊടുത്തിരിക്കുന്ന ഗ്രാഫില്‍ കൃത്യമായി കാണാം. 201617ല്‍ സാമ്പത്തിക വളര്‍ച്ച 8.3 ശതമാനം ആയിരുന്നത് പിന്നീടുള്ള വര്‍ഷങ്ങളില്‍ അത് 7.0%, 6.1%, 4% എന്നിങ്ങനെ അനുക്രമമായി കുറഞ്ഞു. വികലമായ സാമ്പത്തിക നയങ്ങളാണ് ഇതിനു മുഖ്യകാരണം. ഏറ്റവും വലിയ വിഡ്ഡിത്തം നോട്ട് നിരോധനം തന്നെ. ജി.എസ്.ടി നടപ്പാക്കിയ രീതിയും തിരിച്ചടിയായി. അങ്ങനെ കോവിഡിനു മുന്നേ ശരാശരി സാമ്പത്തിക വളര്‍ച്ച 4 ശതമാനമായി താഴ്ന്നു കഴിഞ്ഞിരുന്നു. മോദിയുടെ ആദ്യ ആറ് വര്‍ഷത്തെ ശരാശരി സാമ്പത്തിക വളര്‍ച്ച 6.8 ശതമാനമാണ്. 1991നുശേഷം ഉണ്ടായ 7.5 ശതമാന വളര്‍ച്ചയേക്കാള്‍ താഴ്ന്നത്.

കോവിഡ് പകര്‍ച്ചവ്യാധിക്ക് ഉത്തരവാദി മോദി അല്ലായെന്നതു ശരി. പക്ഷേ, ഇതിന്റെ ഫലമായി ലോകത്തെ ഏറ്റവും വലിയ സാമ്പത്തികതകര്‍ച്ച നേരിട്ട രാജ്യമായി ഇന്ത്യയെ മാറ്റിയതില്‍ അദ്ദേഹത്തിന്റെ സംഭാവന കുറച്ചു കാണാനാവില്ല. കോവിഡിനുശേഷം സ്വാഭാവികമായി 8 ശതമാനത്തില്‍ നിന്നും വളര്‍ച്ച 8.7% ആയി 202122ല്‍ ഉയര്‍ന്നിട്ടുണ്ട്. പക്ഷേ, മൊത്തം ജിഡിപി കോവിഡിനുമുമ്പ് ഉണ്ടായിരുന്ന നിലയേക്കാള്‍ അല്‍പ്പം ഭേദപ്പെട്ടിട്ടുണ്ട്. ഈ വീണ്ടെടുപ്പാവട്ടെ ഇപ്പോള്‍ വീണ്ടും പ്രശ്‌നങ്ങളെ നേരിടുകയാണ്.

പുതിയ കാലഘട്ടത്തില്‍ സാമ്പത്തികവളര്‍ച്ചയുടെ മുഖ്യദൗര്‍ബല്യം അതിന്റെ നേട്ടങ്ങളുടെ നീതിപൂര്‍വ്വമായ വിഹിതം ജനങ്ങള്‍ക്കു ലഭിക്കുന്നില്ലായെന്നുള്ളതാണ്. തൊഴിലവസരങ്ങള്‍ കുറയുന്നു. തൊഴിലില്ലായ്മ ഉയര്‍ന്നു. വിദ്യാഭ്യാസം, ആരോഗ്യം, മറ്റു സാമൂഹ്യക്ഷേമ സൗകര്യങ്ങളെല്ലാം ഒച്ചിഴയുന്ന വേഗത്തിലാണു മെച്ചപ്പെടുന്നത്. ഇതുമൂലം ഇന്ത്യയേക്കാള്‍ വളരെ താഴ്ന്ന വരുമാന വളര്‍ച്ചയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം, പട്ടിണി, വിദ്യാഭ്യാസം, ആരോഗ്യം, ജന്‍ഡര്‍ വ്യത്യാസം, മാനവവിഭവശേഷി തുടങ്ങി എല്ലാം ആഗോള സൂചികകളിലും ഇന്ത്യയുടെ സ്ഥാനം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. നമ്മുടെ അയല്‍പക്ക രാജ്യങ്ങളേക്കാള്‍ മോശമാണ് വികസന സൂചികകളില്‍ ഇന്ത്യയുടെ സ്ഥാനം. മോദി ഭരണത്തിനുകീഴില്‍ ഒരൊറ്റ ആഗോള വികസന സൂചികയില്‍പ്പോലും ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടില്ല. മോദി അധികാരത്തില്‍ വന്ന 2014നും അതിനുശേഷം കണക്ക് ലഭ്യമായ ഏറ്റവും അവസാന വര്‍ഷത്തെയും ചില പ്രധാന വികസന സൂചികകളില്‍ ഇന്ത്യയുടെ റാങ്കിലുണ്ടായ ഇടിവ് നോക്കൂ.

ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചിക 130 (2014), 131 (2020),

ഐക്യരാഷ്ട്രസഭയുടെ സന്തോഷ സൂചിക 117 (2015), 139 (2021)

ലഗാറ്റം അഭിവൃദ്ധി സൂചിക 99 (2015), 101 (2020)

ജോര്‍ജ് ടൗണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ത്രീ സുരക്ഷ സൂചിക 131 (2017), 133 (2020)

ലോക ഇക്കണോമിക് ഫോറത്തിന്റെ ആഗോള ജന്‍ഡര്‍ അകല സൂചിക 114 (2014), 140 (2021)

അന്തര്‍ദേശീയ ഫുഡ് പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഗോള പട്ടിക സൂചിക 76 രാജ്യങ്ങളില്‍ 55 (2014), 107 രാജ്യങ്ങളില്‍ 94 (2021)

സേവ് ചില്‍ഡ്രന്റെ ശൈശവ സൂചിക 116 (2017), 118 (2021)

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ മാനവമൂലധന സൂചിക 78 (2013), 103 (2017)

തോംസണ്‍ റോയിട്ടൈഴ്‌സ് ഫൗണ്ടേഷന്റെ സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം 4 (2011), 1 (2018)

ബ്ലുംബര്‍ഗ് ആരോഗ്യ സൂചിക 103 (2015), 120 (2019)

ലോകബാങ്കിന്റെ മാനവമൂലധന സൂചിക 115 (2018), 116 (2020)

സുസ്ഥിരവികസന സൂചിക 110 (2016), 120 (2021)

സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി ലോകത്തെ മറ്റു രാജ്യങ്ങളിലെല്ലാം ജനങ്ങളുടെ ക്ഷേമത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചം ഇന്ത്യയിലെ സാധാരണക്കാര്‍ക്കു ലഭിക്കുന്നില്ല. മോദി ഭരണത്തിനു കീഴില്‍ വളര്‍ച്ച ഇടിയുക മാത്രമല്ല ക്ഷേമനേട്ടങ്ങളും പിന്നോട്ടടിച്ചു. ഈ യാഥാര്‍ത്ഥ്യത്തെ അഞ്ചാം ലോകമഹാശക്തിയായി ഇന്ത്യ വളര്‍ന്നുവെന്ന് പെരുമ്പറ കൊട്ടി മറച്ചുവയ്ക്കാനാവില്ല.

Next Story

RELATED STORIES

Share it