Emedia

സമ്പദ്ഘടനയുടെ മുരടിപ്പിനുപിന്നില്‍

സമ്പദ്ഘടനയുടെ മുരടിപ്പിനുപിന്നില്‍
X

ഡോ. ടി എം തോമസ് ഐസക്

കോഴിക്കോട്: രാജ്യത്തെ തൊഴിലാളികളുടെ കൂലി കുറയുമ്പോഴും കോര്‍പറേറ്റുകളുടെ വരുമാനം ഉയരുകയാണ്. കൂലി കൂടിയാലേ സമ്പദ്ഘടന മുന്നോട്ട് പോവുകയുള്ളുവെന്ന കാര്യം ഹെന്‍ട്രി ഫോര്‍ഡ് പറഞ്ഞിവച്ചിട്ടുണ്ട്. അതിനുള്ള ശ്രമം നടത്തണമെന്ന് കെയിന്‍സും പറഞ്ഞിട്ടുണ്ട്. പക്ഷേ, അതൊന്നും നടക്കുന്നില്ല. കാരണം ഇന്നത്തെ മുതലാളിമാര്‍ ഹെന്‍ട്രി ഫോര്‍ഡല്ല, ഇന്ത്യയിലെ സര്‍ക്കാരാവട്ടെ കെയിനീഷ്യന്‍ സര്‍ക്കാരുമല്ല- ഇതേ കുറിച്ചാണ് മുന്‍ സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക് ഫേസ്ബുക്കില്‍ എഴുതുന്നത്:

പോസ്റ്റിന്റെ പൂര്‍ണരൂപം

'ഇന്നത്തെ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായതരത്തിലുള്ള ഉപഭോഗ പിന്തുണ ഇല്ല. കാരണം അതിനുള്ള വരുമാനം ഇല്ലാത്തവരുടെ എണ്ണം വളരെയേറെയാണ്. ഈ സ്ഥിതിവിശേഷത്തിനു കൗതുകകരമായ മറുവശമുണ്ട്. ഇത് ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ കമ്പനികള്‍ പോക്കറ്റിലാക്കുന്ന ലാഭം വളരെയേറെയാണ്... ഇത് മാര്‍ക്‌സ് പറഞ്ഞതുപോലുള്ള 'അപര്യാപ്ത ഉപഭോഗം' (under consumption) എന്ന പ്രതിഭാസമാവാം. ഇതിനു പ്രതിവിധി ഹെന്‍ട്രി ഫോര്‍ഡ് പറഞ്ഞതാവാം കൂടുതല്‍ നല്ല കൂലി കൊടുക്കുക. അവര്‍ നിങ്ങളുടെ ഉല്‍പ്പന്നം കൂടുതല്‍ വാങ്ങും.'

ഇന്നത്തെ Business Standard പത്രത്തില്‍ റ്റി.എന്‍. നൈനാന്‍ പേരുവച്ച് എഴുതിയ മുഖപ്രസംഗത്തിന്റെ ഉപസംഹാരമാണ് മേല്‍ ഉദ്ധരിച്ചത്. ഒരു മുതലാളിയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് കൂലി കൂട്ടാന്‍ പോകുന്നില്ല. ലാഭം വര്‍ദ്ധിപ്പിക്കാനേ നോക്കൂ. ഇവിടെയാണ് സര്‍ക്കാരിന്റെ ചുമതല. സര്‍ക്കാരിനു തൊഴില്‍ നിയമം കര്‍ശ്ശനമാക്കാം. അല്ലെങ്കില്‍ തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും കൂടുതല്‍ ആനുകൂല്യം നല്‍കാം. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ ഇതൊന്നുമല്ല കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ചിന്തിക്കുന്നത്.

ഏതാനും ദിവസം മുമ്പാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 2,785 കമ്പനികളുടെ അസ്സല്‍ ലാഭം സംബന്ധിച്ച കണക്ക് പുറത്തുവന്നത്. 2021-22ല്‍ അസ്സല്‍ ലാഭം വില്‍പ്പനയുടെ 9.7 ശതമാനമായിരുന്നു. 2008ലെ ആഗോള സാമ്പത്തിക കുഴപ്പത്തിനുശേഷം ഏറ്റവും ഉയര്‍ന്ന ലാഭനിരക്കാണിത്. കൊവിഡുമൂലം കമ്പനികളുടെ വില്‍പ്പന കുറഞ്ഞെങ്കിലും അവര്‍ ലാഭം കൊയ്തു.

മണി കണ്‍ട്രോളിന്റെ റിപോര്‍ട്ടു പ്രകാരം കൊവിഡുകാലത്ത് (2020-21) ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലാഭം ജിഡിപിയുടെ 2.69 ശതമാനമായി ഉയര്‍ന്നു. പത്തുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കൊവിഡിനു തൊട്ടുമുമ്പ് 2019-20 ഇത് 1.6 ശതമാനമായിരുന്നു. 2010-11ല്‍ 3.2 ശതമാനമായിരുന്നത് പടിപടിയായി കുറഞ്ഞുവരികയായിരുന്നു. കൊവിഡ് കമ്പനികളുടെ ലാഭത്തിന്റെ തലവര മാറ്റി.

ഇതിനു കാരണങ്ങള്‍ പലതാണ്. ഒന്ന് ജിഡിപി ചുരുങ്ങിയതാണ്. അതോടൊപ്പം കമ്പനിയുടെ വില്‍പ്പനയും ആ തോതില്‍ അല്ലെങ്കിലും ചുരുങ്ങിയല്ലോ. അപ്പോള്‍ മറ്റു കാരണങ്ങള്‍കൂടിയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഇന്ത്യാ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കു നല്‍കിയ നികുതി ഇളവാണ്. 1.5 ലക്ഷം കോടി രൂപ ഇത്തരത്തില്‍ നികുതിയിളവ് നല്‍കിയെന്നാണല്ലോ കേന്ദ്രധനമന്ത്രി വമ്പുപറഞ്ഞത്. കൊവിഡുമൂലം അസംസ്‌കൃത വസ്തുക്കളുടെയെല്ലാം വിലയിടിഞ്ഞു. പ്രത്യേകിച്ച് ക്രൂഡോയിലിന്റെ വില. റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് ഗണ്യമായി കുറച്ചു.

ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ട്രേഡ് യൂണിയനുകള്‍ ഒഴിച്ച് അധികമാരും പറയാറില്ലാത്ത ഒന്നാണ്. തൊഴിലാളികളുടെ കൂലി കുറഞ്ഞു. നേരിട്ടു കൂലി വെട്ടിക്കുറയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ വിഭാഗം തൊഴിലാളികളെ ദിവസവേതനക്കാരും കരാര്‍ തൊഴിലാളികളുമാക്കി മാറ്റുന്നതിലൂടെയാണ് കോര്‍പ്പറേറ്റുകള്‍ കൂലി കുറച്ചത്. ഇവയെല്ലാംമൂലം മൊത്തത്തില്‍ എടുത്താല്‍ കോര്‍പ്പറേറ്റുകളുടെ ലാഭത്തിന് കൊവിഡുമൂലം പരിക്കൊന്നും ഏറ്റില്ല.

കൊവിഡ് കഴിഞ്ഞിട്ടും കോര്‍പ്പറേറ്റുകളുടെ ലാഭം മുകളിലേക്കു തന്നെ. അസംസ്‌കൃത വസ്തുക്കളുടെയെല്ലാം വിലകള്‍ വീണ്ടും ഉയര്‍ന്നു. പക്ഷെ കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങളുടെ വിലയും വര്‍ദ്ധിക്കുന്നുണ്ട്. പക്ഷെ കൂലിയുടെകാര്യം അധോഗതിയിലാണ്. വിലക്കയറ്റം തൊഴിലാളികളുടെ യഥാര്‍ത്ഥ വരുമാനത്തെ ഇടിച്ചുകൊണ്ടിരിക്കുകയാണ്. നേട്ടം കൂടുതല്‍ ഉയര്‍ന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന മുതലാളിമാരുടെ കൈകളിലേക്ക് എത്തിച്ചേരുകയാണ്. അങ്ങനെ വിലക്കയറ്റം തൊഴിലാളികളുടെ കൂലി ഇടിക്കുന്നു. മുതലാളിയുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നു.

ഇതുമൂലം ഉപഭോഗം മുരടിച്ചു നില്‍ക്കുകയാണ്. സ്വകാര്യ ഉപഭോഗത്തിലെ വര്‍ദ്ധനവ് കഷ്ടിച്ച് 2019-20 കാലത്തെ നിലയിലേക്ക് തിരിച്ച് എത്തിയതേയുള്ളൂ. മാത്രമല്ല, 2021-22ല്‍ ഓരോ പാദത്തെയും വര്‍ദ്ധനയെടുത്താല്‍ അതു കുറഞ്ഞുവരികയാണെന്നു കാണാം. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇതു വീണ്ടും ഇടിയും. ജനങ്ങളുടെ വാങ്ങല്‍ കഴിവു മുരടിച്ചു നില്‍ക്കലാണ് ഇന്ത്യന്‍ വീണ്ടെടുപ്പിനെ തടയിടുന്ന പ്രധാന ഘടകം. നമ്മുടെ മുതലാളിമാര്‍ ഹെന്‍ട്രി ഫോര്‍ഡുമാരല്ല. ഇന്ത്യയിലെ സര്‍ക്കാരാവട്ടെ കെയിനീഷ്യന്‍ സര്‍ക്കാരുമല്ല. ജനങ്ങളുടെ ചെലവില്‍ സാമ്പത്തിക വളര്‍ച്ച നേടാനാകുമോ എന്നാണു നോട്ടം.

Next Story

RELATED STORIES

Share it