Editors Pick

അരുൺ മിശ്രയും അദാനിയും തമ്മിലെന്ത്?; സുപ്രിംകോടതി ജഡ്ജി അരുൺ മിശ്രയുടെ അന്യായ വിധികൾ

പൊതുമേഖലാ കമ്പനികളുമായി ഒപ്പുവച്ച കരാർ പ്രകാരം വൈദ്യുതി നൽകുന്നതു മൂലം നഷ്ടം വന്നുവെന്നും അത് താരിഫ് വർധിപ്പിച്ച് നികത്തിക്കൊടുക്കണമെന്നുമാണ് അദാനിയുടെ കമ്പനി വാദിച്ചത്.

അരുൺ മിശ്രയും അദാനിയും തമ്മിലെന്ത്?; സുപ്രിംകോടതി ജഡ്ജി അരുൺ മിശ്രയുടെ അന്യായ വിധികൾ
X

ന്യൂഡൽഹി: അരുൺ മിശ്രയുടെ സുപ്രിംകോടതി വിധികളാണ് ഇന്ന് രാജ്യത്തെ നിയമവൃത്തങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. നിയമവൃത്തവും കടന്ന് അതിപ്പോൾ പൊതുജന മധ്യത്തിലേക്കും കടന്നുവന്നുകഴിഞ്ഞു. ബിജെപി അടക്കമുള്ള സംഘപരിവാർ ക്രിമിനൽ സംഘങ്ങളുടെ കൂട്ടക്കൊലകൾ മറയ്ക്കാനും അവർക്ക് നിയമപരിരക്ഷ നൽകാനും ഒരു ഭാഗത്ത് ശ്രമിച്ച അതേ അരുൺ മിശ്ര മറുഭാഗത്ത് അദാനിയെപ്പോലുള്ള വമ്പൻ കച്ചവടക്കാർക്ക് നികുതിദായകരുടെ പണം വാരിക്കോരി നൽകാനും പരിശ്രമിച്ചു. സെപ്റ്റംബർ 2ന് ജഡ്ജി പദത്തിൽ നിന്ന് പിരിയും മുമ്പ് അദ്ദേഹം രാജസ്ഥാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അദാനിക്ക് അനുകൂലമായി പ്രഖ്യാപിച്ച വിധി ശരിവച്ചു. അതുവഴി അദാനി ഗ്രൂപ്പ് നഷ്ടപരിഹാരമായി നേടിയത് 8000 കോടി രൂപയോളമാണെന്നാണ് കണക്കാക്കപ്പെടുന്നത്.

അദാനി പവർ രാജസ്ഥാൻ ലിമിറ്റഡിന് (എപിആർഎൽ) അനുകൂലമായി രാജസ്ഥാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ച വിധിക്കെതിരേയാണ് സംസ്ഥാനത്തെ പൊതു ഉടമസ്ഥതയിലുള്ള വൈദ്യുതി വിതരണ കമ്പനികൾ സുപ്രിംകോടതിയെ സമീപിച്ചത്. പൊതുമേഖലാ കമ്പനികളുമായി ഒപ്പുവച്ച കരാർ പ്രകാരം വൈദ്യുതി നൽകുന്നതു മൂലം നഷ്ടം വന്നുവെന്നും അത് താരിഫ് വർധിപ്പിച്ച് നികത്തിക്കൊടുക്കണമെന്നുമാണ് അദാനിയുടെ കമ്പനി വാദിച്ചത്. അത് രാജ്യത്തെ നിയമത്തിലുണ്ടായ മാറ്റം കൊണ്ടാണെന്നും അവർ വാദിച്ചു. കമ്പനിയുടെ വാദങ്ങളെ റെഗുലേറ്ററി കമ്മീഷൻ ശരിവച്ചു. അതോടെ കരാറിൽ പറഞ്ഞതിൽ കൂടുതൽ താരിഫിൽ വൈദ്യുതി വിൽക്കാൻ അദാനിക്ക് സാധിക്കുമെന്നായി. ഇതിനെതിരേയാണ് വിതരണക്കമ്പനികളും പൊതുമേഖലാ വൈദ്യുതി കമ്പനികളിലെ ഓഫിസർമാരുടെ സംഘടനയും സുപ്രിംകോടതിയെ സമീപിച്ചത്.

2006ലാണ് പൊതുമേഖലയിലുള്ള രാജസ്ഥാൻ രാജ്യ വൈദ്യുത് ഉദ്പാദൻ നിഗം ലിമിറ്റഡ് അദാനിയുമായി സംയുക്ത സംരംഭം ആരംഭിക്കുന്നത്. 2008ൽ രാജസ്ഥാൻ സർക്കാർ കവായിൽ കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന താപവൈദ്യുതി നിലയം സ്ഥാപിക്കാനുള്ള എംഒയുവിൽ ഒപ്പുവച്ചു. ഇതിനാവശ്യമായ കൽക്കരി ആഭ്യന്തരമായി ലഭിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുമെന്ന് കറാർ ഒപ്പുവയ്ക്കുമ്പോൾ ഉറപ്പുനൽകുകയും ചെയ്തു. ഈ സമയത്ത് കൽക്കരി മന്ത്രാലയം താപനിലയങ്ങൾക്കാവശ്യമായ 100 ശതമാനം കൽക്കരിയും നൽകാൻ നയപരമായി തീരുമാനിച്ചിരുന്നു. രാജസ്ഥാൻ സർക്കാരിന്റെ ഒത്താശയോടെ അദാനിയ്ക്കും അതിന്റെ ഭാഗമായി കൽക്കരി ലഭിച്ചു.

ഈ സമയത്തുതന്നെ രാജസ്ഥാൻ വൈദ്യുതി വിതരണ കമ്പനി സ്വകാര്യമേഖലയിൽ നിന്ന് വൈദ്യുതി നിർമിച്ച് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ജയ്പൂർ വൈദ്യുതി വിതരൺ നിഗം ലിമിറ്റഡ്, ജോഡ്പൂർ വൈദ്യുതി വിതരൺ നിഗം ലിമിറ്റഡ്, അജ്മീർ വൈദ്യുതി വിതരൺ ലിമിറ്റഡ് തുടങ്ങിയ മൂന്നു കമ്പനികളാണ് ഈ നഗരങ്ങളിൽ വൈദ്യുതി വിതരണത്തിനുള്ള വൈദ്യുതി നൽകാൻ അപേക്ഷ ക്ഷണിച്ചത്. ഈ കരാറും അദാനിക്കുതന്നെ ലഭിച്ചു. വൈദ്യുതി ഉല്പാദനം 5 വർഷം നടത്താനുള്ള കൽക്കരി ലഭിക്കുന്നതിനുള്ള കരാർ മറ്റു കമ്പനികളുമായി തങ്ങൾ ഒപ്പുവച്ചിട്ടുണ്ടെന്ന് കാണിച്ചാണ് കരാർ ഒപ്പിട്ടത്.

അതിനിടയിൽ 2013 ൽ കൽക്കരി മന്ത്രാലയം കൽക്കരി നൽകുന്നത് തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾക്കുമാത്രമായി ചുരുക്കി. ആ പട്ടികയിൽ അദാനിയുണ്ടായിരുന്നില്ല. അതോടെ അദാനിക്ക് ഇന്തോനേഷ്യയിൽ നിന്ന് കൂടിയ വിലയ്ക്ക് കൽക്കരി വാങ്ങേണ്ടിവന്നു. അത് നിർമാണച്ചെലവ് വർധിപ്പിച്ചു. ഈ നഷ്ടം താരിഫ് വർധനയിലൂടെ നികത്തണമെന്നാവശ്യപ്പെട്ട് അദാനി നൽകിയ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചു. ഈ കേസാണ് സുപ്രിംകോടതിയുടെ മുന്നിലെത്തുന്നത്.

ഇന്ത്യയിലെ നിയമം മാറിയതുകൊണ്ടാണ് തങ്ങൾക്ക് നഷ്ടം വന്നതെന്ന് അവർക്കുവേണ്ടി കോടതിയിൽ ഹാജരായ അഭിഷേക് മനു സിങ്‌വി വാദിച്ചു. അതുകൊണ്ടാണ് തങ്ങൾക്ക് പുറത്തുനിന്ന് കൽക്കരി കൊണ്ടുവരേണ്ടിവന്നതെന്നും ചൂണ്ടിക്കാട്ടി. എന്നാൽ യഥാർത്ഥത്തിൽ വിദേശത്തുനിന്ന് കൽക്കരി ഇറക്കുമതി ചെയ്യുന്ന ഒരു കമ്പനിയുമായുണ്ടാക്കിയ കരാറിന്റെ പിൻബലത്തിലാണ് അദാനിക്ക്് വൈദ്യുതി ക്വട്ടേഷൻ ലഭിച്ചത്. എന്നാൽ അതു ലഭിച്ചതിനു പിന്നാലെ കൽക്കരി ഇറക്കുമതി ചെയ്ത് നൽകാമെന്നേറ്റ കമ്പനിയുമായുണ്ടാക്കിയ കരാർ അദാനി തന്നെ റദ്ദാക്കിയിരുന്നു. അതാകട്ടെ വലിയ വിഷമുള്ള കാര്യവുമായിരുന്നില്ല. കാരണം വൈദ്യുതി കരാർ ലഭിക്കാൻ വേണ്ടി മാത്രം ഒപ്പുവച്ച ഒരു സംവിധാനമായിരുന്നു അത്. മാത്രമല്ല, കൽക്കരി നൽകാമെന്നേറ്റ കമ്പനിയും അദാനിയുടേതായിരുന്നു.

ഈ സാചര്യത്തിലാണ് താരിഫ് വർധനയിലൂടെ നഷ്ടം നികത്താനാവില്ലെന്നും ഇറക്കുമതി ചെയ്ത കൽക്കരിയുമായി ബന്ധപ്പെട്ടാണ് അദാനി ക്വട്ടേഷൻ നൽകിയതെന്നും താരിഫിൽ ആ ഘടകം ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും പൊതുമേഖലാ കമ്പനികൾക്കു വേണ്ടി ഹാജരായ അഡ്വ. ആര്യാമ സുന്ദരവും ഓഫിസർമാർക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷനും വാദിച്ചത്. ഈ രണ്ടു വാദങ്ങളും കേട്ട അരുൺ മിശ്ര, വിനീത് ശരൺ, എം ആർ ഷാ അടങ്ങിയവർ ഉൾപ്പെടുന്ന ബഞ്ച്, ആഭ്യന്തരമായി കൽക്കരി ലഭിക്കാതിരുന്നത് നിയമത്തിലുണ്ടായ മാറ്റമാണെന്നും അതുകൊണ്ട് നഷ്ടം നികത്താൻ ബാധ്യയുണ്ടെന്നും വിധിച്ചു.

ഈ വിധി 2017 ൽ ജസ്റ്റിസ് റോഹിന്റോൻ നരിമാൻ പുറപ്പെടുവിച്ച വിഖ്യാതമായ വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഒരു കമ്പനി ഒരു താരിഫ് തീരുമാനിച്ച് കരാറിൽ ഒപ്പുവച്ചാൽ ഉല്പാനച്ചെലവ് കൂടിയെന്ന് പറഞ്ഞ് നഷ്ടപരിഹാരത്തിന് ശ്രമിക്കുന്നത് ശരിയല്ലെന്ന് വൈദ്യുതി നിയമം 2003 മായി ബന്ധപ്പെട്ട ഒരു കേസിൽ സുപ്രിംകോടി വിധിച്ചിരുന്നു. അല്ലെങ്കിലും നിയമം അനുസരിക്കുന്നവർക്കു മാത്രമാണ് നിയമങ്ങൾ പ്രതിബന്ധങ്ങളായി മാറുന്നതെന്ന് അറിയാത്തവരല്ലല്ലോ നാം.

Next Story

RELATED STORIES

Share it