Editors Pick

മീഡിയാ വണ്‍ കേസിലെ വിധി മാധ്യമസ്വാതന്ത്ര്യത്തിന്റെ രജതരേഖ

മീഡിയാ വണ്‍ കേസിലെ വിധി മാധ്യമസ്വാതന്ത്ര്യത്തിന്റെ രജതരേഖ
X
മീഡിയാ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണ്. പ്രത്യേകിച്ച്, മാധ്യമസ്വാതന്ത്ര്യത്തില്‍ ലോകത്ത് തന്നെ ഏറ്റവും താഴേതട്ടിലേക്ക് പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തിന് കരുത്തേകുന്ന വിധിപ്രസ്താവമാണ് നടത്തിയിരിക്കുന്നത്. ജനാധിപത്യ റിപ്പബ്ലിക്കിന്റെ കരുത്തുറ്റ പ്രവര്‍ത്തനത്തിന് സ്വതന്ത്ര മാധ്യമങ്ങള്‍ അനുപേക്ഷ്യമാണെന്ന് അടിവരയിട്ട കോടതി മുദ്രവച്ച കവര്‍ നല്‍കുന്നതിനെതിരേ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നല്‍കിയ താക്കീതും നിയമവ്യവസ്ഥയില്‍ പ്രതീക്ഷയേകുന്നതാണ്. അതോടൊപ്പം തന്നെ പരമോന്നത കോടതി വിഷയത്തില്‍ ഉന്നയിച്ച ചില നിരീക്ഷണങ്ങളും എടുത്തുപറയേണ്ടതാണ്. ജനാധിപത്യ സമൂഹത്തില്‍ സ്വതന്ത്ര മാധ്യമങ്ങളുടെ പങ്ക് അതിനിര്‍ണായകമാണ്. ഭരണകൂടം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് വെളിച്ചം പകരുന്നവരാണ് മാധ്യമങ്ങള്‍. സത്യം തുറന്നുപറയുകയെന്ന ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്. പൗരന്മാര്‍ക്ക് കടുത്ത യാഥാര്‍ഥ്യങ്ങള്‍ എത്തിച്ചുനല്‍കാനാകണം. അതുവഴി ശരിയായ തീരുമാനമെടുക്കാനും ജനാധിപത്യത്തെ നേര്‍വഴിക്ക് നടത്താനും പൗരന്മാര്‍ക്കാകും. എന്നാല്‍, മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ഏകശിലാത്മകമായി മാത്രം ചിന്തിക്കാന്‍ പൗരന്മാരെ നിര്‍ബന്ധിക്കലാണെന്നും എന്നിങ്ങനെ പോവുന്നു സുപ്രിംകോടതിയുടെ നിരീക്ഷണങ്ങള്‍. ദേശ സുരക്ഷയുടെ പേരു പറഞ്ഞ് എതിരഭിപ്രായങ്ങളെ ഇല്ലായ്മ ചെയ്യുന്ന ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി കൂടിയാണിത്. മുദ്ര വച്ച കവര്‍ എന്ന പേരില്‍ പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഭരണകൂടനടപടിയെയും കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. ദേശസുരക്ഷയെന്ന വാദം ഉപയോഗപ്പെടുത്തി ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരേയും സുപ്രിംകോടതി നടത്തിയ പരാമര്‍ശം ശുഭപ്രതീക്ഷയേകുന്നതാണ്.
Next Story

RELATED STORIES

Share it