Editors Pick

സയണിസ്റ്റ് സൈന്യം ബുൾഡോസർ കയറ്റിക്കൊന്ന റേച്ചൽ കോറിയെ അറിയാമോ?

തറയില്‍ താഴ്ന്നെത്തിയ ബുള്‍ഡോസറിന്റെ ബ്ലേഡുകള്‍ ഇരയെ കൊല്ലാനുറച്ചു തന്നെ. റേച്ചലിന്റെ കൈകാലുകളും നട്ടെല്ലും പൊട്ടിത്തകര്‍ന്നു. ഒരു പാഴ്ച്ചെടിയെ ചവിട്ടിത്താഴ്ത്തുന്ന ലാഘവത്തോടെ ആ വാഹനം അവള്‍ക്കു മുകളിലൂടെ കയറിയിറങ്ങി.

സയണിസ്റ്റ് സൈന്യം ബുൾഡോസർ കയറ്റിക്കൊന്ന റേച്ചൽ കോറിയെ അറിയാമോ?
X

കോഴിക്കോട്: അമേരിക്കയിൽ ജനിച്ച് ലോകത്ത് ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്ന ജനതയായ ഫലസ്തീനികൾക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരയായ ആക്ടിവിസ്റ്റ് ആയിരുന്നു റേച്ചൽ കോറി. അമേരിക്കയിലെ വാഷിങ്ടണ്‍ സ്വദേശിയായ റേച്ചല്‍ ഫലസ്തീന്‍ അനുകൂല ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി മൂവ്‌മെന്റ് അംഗമായിരുന്നു. ഇരുപത്തിമൂന്നാം വയസിലാണ് ഈ ധീരവനിത ​ഗസയിൽ വച്ച് രക്തസാക്ഷിത്വം വരിച്ചത്.

2003 മാർച്ച് 16 ഗാസ ചീന്തിലെ റാഫയില്‍ ഫലസ്തീന്‍ അഭയാര്‍ഥി മേഖല. പതിറ്റാണ്ടുകളായി തുടരുന്ന ക്രൂരതയുടെ ഭീകര ഫണമുയര്‍ത്തി ഇസ്രായേലി ബുള്‍ഡോസറുകള്‍ പതിവുപോലെ ഇരമ്പിയെത്തുന്നു. മേഖലയില്‍ ശേഷിക്കുന്ന ഫലസ്തീന്‍ കെട്ടിടങ്ങള്‍കൂടി തകര്‍ത്തു തരിപ്പണമാക്കുന്നതിലെ ആവേശം ഇസ്രായേലി സൈനികരുടെ വാക്കിലും നോക്കിലും. പ്രതിരോധമല്ലാതെ പോംവഴിയില്ലാത്ത നൂറുകണക്കിന് മനുഷ്യർ അവയ്ക്കുമുന്നില്‍ പ്രതിരോധത്തിന്റെ ശബ്ദമുയര്‍ത്തി.

അവിടെ നിന്ന് സയണിസ്റ്റുകളുടെ കൊടുംക്രൂരതയ്ക്കെതിരേ ഒരു ഇരുപത്തിമൂന്നുകാരിയുടെ ഉറച്ച വാക്കുകള്‍ അവിടെ ഉയര്‍ന്നുകേട്ടു. "ഞാനും ഒരു അമേരിക്കക്കാരിയാണ്. നിങ്ങള്‍ കാട്ടുന്നത് നീതികേടാണ്. ഈ കാടത്തത്തില്‍ നിന്ന് പിന്മാറണം. ഈ പാവങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. ഇത് അവരുടെ മണ്ണാണ്..". റേച്ചല്‍ കോറിയെന്ന മനുഷ്യാവകാശ പ്രവര്‍ത്തക കൈവശമുണ്ടായിരുന്ന മെഗാഫോണിലൂടെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

ഒരു മണിക്കൂറോളം വാക്കുകള്‍ കൊണ്ടുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഏതാനും ദിവസങ്ങളായി മേഖലയിലെ ഫലസ്തീന്‍ വീടുകള്‍ ഇടിച്ചുനിരത്തുകയായിരുന്ന ഇസ്രായേലി സൈനികര്‍ക്ക് റേച്ചലിന്റെ ചെറുത്തുനില്‍പ്പ് അസഹനീയമായി. പലവട്ടം ആവശ്യപ്പെട്ടിട്ടും അവള്‍ പിന്മാറിയില്ല. ഒടുവില്‍ ഭീഷണിയായി. ഒട്ടും കുലുങ്ങാതെ സയണിസ്റ്റ് ഭീകരതക്കു മുന്നില്‍ ഒറ്റയാള്‍ പട്ടാളമായി നിന്ന റേച്ചലിന്റെ മുന്നിലേക്ക് ബുള്‍ഡോസര്‍ തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കോരിയിട്ടു. അവളുടെ ദേഹത്തേക്ക് മണ്ണും മണലുമിട്ടു. ആ കൂമ്പാരത്തിനു മുകളില്‍ കയറി നിന്നും അവള്‍ പൊരുതി.

അമേരിക്കന്‍ നിര്‍മിത ഡി-9 കാറ്റര്‍പില്ലര്‍ ബുള്‍ഡോസര്‍ മുന്നോട്ടുതന്നെ വന്നു. റേച്ചല്‍ പിന്‍മാറിയില്ല. അവളുടെ ഉറച്ച മനസിനു മുന്നില്‍ ഒരു നിമിഷം നിര്‍ത്തിയ ശേഷം ഡ്രൈവര്‍ വാഹനം ഓടിച്ചുകയറ്റി. തറയില്‍ താഴ്ന്നെത്തിയ ബുള്‍ഡോസറിന്റെ ബ്ലേഡുകള്‍ ഇരയെ കൊല്ലാനുറച്ചു തന്നെ. റേച്ചലിന്റെ കൈകാലുകളും നട്ടെല്ലും പൊട്ടിത്തകര്‍ന്നു. ഒരു പാഴ്ച്ചെടിയെ ചവിട്ടിത്താഴ്ത്തുന്ന ലാഘവത്തോടെ ആ വാഹനം അവള്‍ക്കു മുകളിലൂടെ കയറിയിറങ്ങി. ഒന്നു നിന്നശേഷം വീണ്ടും പിന്നോട്ടെടുത്തു. മണ്ണില്‍ പുതഞ്ഞുപോയ ആ പെണ്‍ശരീരം സഹപ്രവര്‍ത്തകര്‍ വാരിയെടുത്തു.

റാഫയിലെ നജ്ജാര്‍ ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തില്‍ ജീവച്ഛവമായി റേച്ചല്‍ കോറി. ശരീരം തകര്‍ന്നുപോയെങ്കിലും തോല്‍ക്കാത്ത മനസിന്റെ പ്രതീകമായി അവളുടെ ചുണ്ടുകള്‍ അപ്പോഴും ചലിച്ചിരുന്നു. എക്കാലവും ദുരിതത്തില്‍ തകര്‍ന്നടിയാന്‍ വിധിക്കപ്പെട്ട ഫലസ്തീനു വേണ്ടിയുള്ള വിതുമ്പല്‍. അന്ന് വാകീട്ട് 5.20 ഓടെ ആ ശരീരത്തിലെ അവസാന വിങ്ങലും നിലച്ചു. ഡോ. അലി മൂസ ചികിൽസാ റെക്കോര്‍ഡില്‍ എഴുതി: "തലയോട്ടിയും നെഞ്ചും തകര്‍ത്ത ക്ഷതങ്ങളാണ് മരണകാരണം."

മകളുടെ മരണത്തിന് ഉത്തരവാദികളെ ശിക്ഷിക്കാന്‍ മാതാപിതാക്കള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ ഇസ്രായേലി വിചാരണക്കോടതിയുടെ വിധി വന്നു: "റേച്ചലിന്റെ മരണത്തിന് ഒരു ഇസ്രായേലി സൈനികനും ഉത്തരവാദിയല്ല. ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു അത്. ഇര തന്നെയാണ് സ്വന്തം മരണത്തിന് ഉത്തരവാദി". പ്രതീകാത്മകമായും പ്രതിഷേധ സൂചകമായും വെറും ഒരു ഡോളര്‍ മാത്രം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റേച്ചലിന്റെ മാതാപിതാക്കള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍, നഷ്ടപരിഹാരത്തിന് കുടുംബം ഉത്തരവാദിയല്ലെന്ന് ജഡ്ജി ഓദദ് ഗര്‍ഷോണ്‍ വ്യക്തമാക്കി. നിരപരാധികളെ കൊന്നുതള്ളിയ തങ്ങളുടെ സൈനികരെ വെള്ളപൂശിയ ഇസ്രായേലിന്റെ അന്വേഷണ റിപോര്‍ട്ട് തന്നെ ജഡ്ജിയും ആവര്‍ത്തിച്ചപ്പോള്‍ വെളിപ്പെട്ടത് മാന്യതയില്ലാത്ത നീതിപീഠത്തിന്റെ മുഖമാണ്.

ലോകത്ത് ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്ന ജനതക്കായുള്ള രക്തസാക്ഷിത്വത്തിന് പതിനെട്ട് വർഷം പൂർത്തിയാകുമ്പോഴും റേച്ചല്‍ കോറി അത്രയൊന്നും അറിയപ്പെടാത്ത വ്യക്തിത്വമാണ്. വിദ്യാസമ്പന്നരായ അമേരിക്കന്‍ ജനതയില്‍ ഭൂരിപക്ഷത്തിനും ഇങ്ങനൊയൊരു പേരുപോലും അറിയില്ല. കൈയൂക്കുള്ളവന്‍ ചമയ്ക്കുന്ന ചരിത്ര പുസ്തകത്തില്‍ അവളുടെ പേര് ആരോ തന്ത്രപൂര്‍വം മറച്ചുവച്ചിരിക്കുന്നു. സാമ്രാജ്യത്വ-അധിനിവേശ താല്‍പര്യങ്ങള്‍ക്കായി അമേരിക്ക കാട്ടുന്ന ദാക്ഷിണ്യമില്ലായ്മയുടെയും നീതികേടിന്റെയും ഇര.

ഒരിക്കൽ റേച്ചൽ കോറി ഇങ്ങനെ എഴുതി......

എനിക്ക് പിക്കാസോയോ ക്രിസ്തുവോ ആകാന്‍ കഴിയില്ല.

ഈ ഗ്രഹത്തെ ഒറ്റയ്ക്ക് രക്ഷിക്കാനുമാകില്ല.

പക്ഷേ, എനിക്ക് പാത്രങ്ങള്‍ കഴുകാന്‍ കഴിയും.

നമ്മള്‍ തിരിച്ചറിയണം-

നമ്മുടെ സ്വപ്നങ്ങളാണ് അവരും കാണുന്നത്,

അവരുടെ സ്വപ്നങ്ങള്‍ നമ്മളും""


Next Story

RELATED STORIES

Share it