Economy

ഒമ്പതാം മാസവും വിദേശ വില്‍പന; ഇന്ത്യന്‍ വിപണിയെ കരകയറ്റി ആഭ്യന്തര നിക്ഷേപകര്‍

ഒമ്പതാം മാസവും വിദേശ വില്‍പന; ഇന്ത്യന്‍ വിപണിയെ കരകയറ്റി ആഭ്യന്തര നിക്ഷേപകര്‍
X

മുംബൈ: പുതുവര്‍ഷത്തിലും ഇന്ത്യന്‍ മൂലധന വിപണിയില്‍ വിദേശ നിക്ഷേപകരുടെ കനത്ത വില്‍പന തുടരുകയാണ്. ജനുവരി മാസത്തിലെ ആദ്യ രണ്ടു ദിവസങ്ങളില്‍ മാത്രം ഓഹരി, കടപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ആസ്തികളിലായി 5,349 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇതോടെ തുടര്‍ച്ചയായ ഒമ്പതാം മാസമാണ് അവര്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പന ശക്തമാക്കുന്നത്. നാഷണല്‍ സെക്യൂരിറ്റി ഡെപോസിറ്ററി ലിമിറ്റഡിന്റെ (എന്‍എസ്ഡിഎല്‍) കണക്കുകള്‍ പ്രകാരം, ജനുവരി ഒന്നിന് 2,167 കോടി രൂപയും രണ്ടിന് 3,182 കോടി രൂപയുമാണ് വിദേശികള്‍ പിന്‍വലിച്ചത്. ഓഹരി വിപണിയില്‍ നിന്നു മാത്രം വ്യാഴാഴ്ച 4,588 കോടി രൂപയും വെള്ളിയാഴ്ച 3,041 കോടി രൂപയുമാണ് വില്‍പന നടത്തിയത്. പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) മേഖലയില്‍ 20 കോടി രൂപ നിക്ഷേപിച്ചതൊഴിച്ചാല്‍, ഓഹരികള്‍ വിറ്റ് മൊത്തം 7,608 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ കൈവശപ്പെടുത്തിയത്.

ഡിസംബര്‍ മാസത്തില്‍ 30,333 കോടി രൂപയുടെ ഓഹരികള്‍ വിറ്റതിന് പിന്നാലെയാണ് പുതിയ വര്‍ഷത്തിലും വില്‍പന സമ്മര്‍ദം ശക്തമായത്. ഇതോടെ കഴിഞ്ഞ വര്‍ഷം മുഴുവന്‍ വിദേശ നിക്ഷേപകര്‍ നടത്തിയ മൊത്തം ഓഹരി വില്‍പന 2.40 ലക്ഷം കോടി രൂപയായി. അതേസമയം, ഐപിഒ മേഖലയിലേക്കുള്ള 73,909 കോടി രൂപയുടെ നിക്ഷേപമാണ് ഈ കാലയളവിലെ പ്രധാന ആശ്വാസമായി വിലയിരുത്തപ്പെടുന്നത്. 2025ല്‍ വിദേശ നിക്ഷേപകരുടെ റെക്കോര്‍ഡ് വില്‍പനയോടെയാണ് വര്‍ഷാവസാനം എത്തിയതെന്ന് ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപം ആരംഭിച്ച ശേഷം ഇത്ര ശക്തമായ വില്‍പന ആദ്യമായാണെന്നും, ഇതിന്റെ പ്രതിഫലനമായി ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഏകദേശം അഞ്ചു ശതമാനം ഇടിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വിപണിയുടെ ഈ വര്‍ഷത്തെ പ്രകടനത്തില്‍ ആത്മവിശ്വാസമുണ്ടെങ്കിലും നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതും കമ്പനികളുടെ വരുമാനം ഉയരുന്നതും മുന്നോട്ടുള്ള കാലത്ത് വിദേശ നിക്ഷേപകരെ വീണ്ടും ആകര്‍ഷിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

അതേസമയം, വിദേശ നിക്ഷേപകര്‍ പിന്മാറിയപ്പോഴും ആഭ്യന്തര നിക്ഷേപകരുടെ ശക്തമായ വാങ്ങല്‍ വിപണിയെ വലിയ ഇടിവില്‍ നിന്ന് രക്ഷപ്പെടുത്തി. ആഭ്യന്തര നിക്ഷേപകരുടെ പിന്തുണയോടെ സുപ്രധാന സൂചികയായ നിഫ്റ്റി വെള്ളിയാഴ്ച പുതിയ റെക്കോര്‍ഡ് ഉയരം കൈവരിച്ചു. 182 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി 26,328.55 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ പതിനൊന്നാമത്തെ ആഴ്ചയും വിദേശ നിക്ഷേപകര്‍ വില്‍പന തുടരുകയും 2,979 കോടി രൂപ പിന്‍വലിക്കുകയും ചെയ്തപ്പോള്‍, 2,203 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി ആഭ്യന്തര നിക്ഷേപകര്‍ വിപണിക്ക് ശക്തമായ പിന്തുണ നല്‍കിയതായി മാസ്റ്റര്‍ ക്യാപിറ്റല്‍ സര്‍വിസസ് ലിമിറ്റഡ് ചീഫ് റിസര്‍ച്ച് ഓഫീസര്‍ രവി സിങ് പറഞ്ഞു.

Next Story

RELATED STORIES

Share it