Economy

ബാങ്ക്: പണമിട്ടാലും പിന്‍വലിച്ചാലും ഭാരം ഉപഭോക്താവിന്

ബാങ്ക്: പണമിട്ടാലും പിന്‍വലിച്ചാലും ഭാരം ഉപഭോക്താവിന്
X

വിആര്‍ ഗോവിന്ദനുണ്ണി

കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്തെ വിവിധ ബാങ്കുകളില്‍ 41,000 കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് റിപോര്‍ട്ട് ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഒരു ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പുകള്‍ മാത്രമെടുക്കുമ്പോഴുള്ള കണക്കാണിത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 37000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായും എംപി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു മറുപടിയായി ധനമന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയില്‍ പറഞ്ഞു. 2015-16ല്‍ 18,698 കോടിയുടെയും അടുത്തവര്‍ഷം 23,933 കോടിയുടെയും തട്ടിപ്പാണ് രാജ്യത്തെ വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിപോര്‍ട്ട് ചെയ്തത്. ഈടുവച്ച വസ്തുക്കള്‍ തട്ടിപ്പു നടത്തി വില്‍ക്കുക, ഫണ്ട് വകമാറ്റുക, വ്യാജരേഖയുണ്ടാക്കുക, കണക്കില്‍ കൃത്രിമം കാണിക്കുക, അംഗീകൃതമല്ലാത്ത വായ്പ നല്‍കുക, നിയമപരമല്ലാത്ത വിദേശ ഫണ്ട് ഇടപാട് തുടങ്ങിയ ഒട്ടേറെ മാര്‍ഗങ്ങളിലൂടെയാണ് തട്ടിപ്പുകള്‍ നടക്കുന്നത്.

ബാങ്ക് കൊള്ളയല്ല, രാജ്യത്തെ വിന്‍കിട ബാങ്കുകള്‍ പാവപ്പെട്ട ഇടപാടുകാരായ ഉപഭോക്താക്കളെ ഇരുചെവി അറിയാതെ കൊള്ളയടിക്കുന്നത് ലോകത്തില്‍ മറ്റൊരിടത്തും ഇല്ലാത്തവിധം ഇന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ബാങ്കുകള്‍ നമ്മുടെ പോക്കറ്റടിക്കുന്നതിന് പല മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്്. പണം നിക്ഷേപിക്കല്‍, ലോക്കര്‍ സൗകര്യം ഉപയോഗിക്കല്‍, നോട്ടെണ്ണി തിട്ടപ്പെടുത്തല്‍ തുടങ്ങി എടിഎം സൗകര്യം ഉപയോഗിക്കുന്നതില്‍വരെയും ഈ കൊള്ള നിര്‍ബാധം തുടരുന്നു.

അങ്ങിനെ ഒരു നൂറുനൂരായിരം തരത്തില്‍

രാജ്യത്തെ 70 ശതമാനത്തിനടുത്ത് ജനങ്ങള്‍ പൊതുമേഖലാ ബാങ്കുകളെയാണ് ഇടപാടുകള്‍ക്കായി ആശ്രയിക്കുന്നത് (ഇരുപതു ശതമാനത്തിലധികം പേര്‍ സഹകരണ ബാങ്കുകളെയാണ് ആശ്രയിക്കുന്നതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു). ബാങ്കുകളില്‍ ഒരു അക്കൗണ്ട് ആരംഭിക്കുന്നതു മുതല്‍ നിങ്ങളെ കേന്ദ്രമാക്കിയുള്ള തട്ടിപ്പുകളും ആരംഭിക്കുന്നു. അതിങ്ങനെയൊക്കെ: ഫോട്ടോ, ഒപ്പ്, ബാലന്‍സ് തുടങ്ങിയവ തിട്ടപ്പെടുത്താന്‍ 150 രൂപ, സേവിങ്‌സ് അക്കൗണ്ടിലെ ചെക്ക് ബുക്കില്‍ 25 താളുകള്‍ മാത്രം, പുതിയ ഓരോ ചെക്ക് പുസ്തകത്തിനും 75 രൂപ അധികം നല്‍കണം, 25000 രൂപ ബാലന്‍സ് മൂന്നു മാസത്തില്‍ നിലനിര്‍ത്തിയില്ലെങ്കില്‍ ബാങ്ക് അയക്കുന്ന ഓരോ എസ്എംഎസിനും 15 രൂപ, നഗരങ്ങളുടെ നിലവാരമുസരിച്ച് ഓരോ അക്കൗണ്ടിലും മിനിമം തുക ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ സേവിങ്‌സ് അക്കൗണ്ടുകാര്‍ 100 രൂപ നികുതിയും ഒടുക്കണം. 25000 രൂപയ്ക്കു മുകളിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് 150 രൂപ നികുതി, മെട്രോ നഗരങ്ങളിലെ എടിഎമ്മുകളില്‍ നിന്നു മാസം മൂന്നുതവണ മാത്രം പണം പിന്‍വലിക്കാം. കൂടുതലായാല്‍ ഓരോ ഇടപാടിനും 10 രൂപ, മറ്റു ബാങ്കുകളിലെ എടിഎമ്മില്‍ നിന്നു ഒരു മാസം മൂന്നു മുതല്‍ അഞ്ചുവരെ പണം പിന്‍വലിക്കുന്നവര്‍ 20 രൂപ അധികം നല്‍കണം, ചെറിയ ലോക്കറുകള്‍ക്ക് പുതുക്കിയ ചാര്‍ജ് 1500 രൂപയും നികുതിയും. വലിയവയ്ക്ക് 9000 രൂപയും നികുതിയും, ഒരു മാസം മൂന്നു തവണയില്‍ കൂടുതല്‍ പണം പിന്‍വലിക്കുന്നതിന് തുകയ്ക്കനുസരിച്ച് 50 മുതല്‍ 150 രൂപവരെ പിടിച്ചെടുക്കും.

വ്യാപകമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് വിവാദപരമായ ഈ തീരുമാനങ്ങളില്‍ ചിലത് പിന്‍വലിക്കാനോ ഭേദഗതി ചെയ്യാനോ വന്‍കിട ബാങ്കുകള്‍ തയ്യാറായിട്ടുണ്ട്. അവയില്‍ പലതും പൊതുതിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ടുകൊണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴോ? ബാങ്കുകള്‍ 'തിരുട്ടുഗ്രാമം' ആയി തുടരുകതന്നെ ചെയ്യുന്നു.

പണ്ടൊരു കാലത്ത് ഡോക്ടറുടെ മക്കള്‍ക്ക് ഡോക്ടര്‍ വധു/വരന്‍, ഐഎഎസുകാര്‍ക്ക് ഐഎഎസ് വധു/വരന്‍ എന്നൊക്കെയുള്ള നിലപാടുകളോ, സംവിധാനമോ ഉണ്ടായിരുന്നു. ഇന്ന് വിവാഹക്കമ്പോളത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കാണ് പ്രിയം.

സാധാരണക്കാരെ വഞ്ചിച്ച് ബാങ്കുകള്‍ നടത്തുന്ന വന്‍കൊള്ളയുടെ പ്രധാന ഉപഭോക്താക്കള്‍ ബാങ്ക് ഉദ്യോഗസ്ഥന്മാര്‍ തന്നെയാണ്. സമാന തൊഴിലിടങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ വന്‍തുകയാണ് ബാങ്ക് ജീവനക്കാരുടെ പ്രതിമാസ ശമ്പളം എന്നു കാണാം. എന്നു മാത്രമല്ല, സമ്പന്നവര്‍ഗം നടത്തുന്ന ബാങ്ക് തട്ടിപ്പുകളിലും മറ്റും കൂട്ടുപ്രതികള്‍ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥന്മാരാണ്. ഇക്കാര്യത്തില്‍ സമീപകാലത്തെ, ഏറ്റവും പ്രമുഖ ഉദാഹരണമാണ് ചന്ദാ കൊച്ചാറിന്റേത്. ഇന്ത്യന്‍ സാമ്പത്തികരംഗത്തെ 'ഒരദ്ഭുത പ്രതിഭാസ'മായിട്ടാണ് ഐ.സി.ഐ.സി.ഐ ബാക്കിന്റെ ഈ മുന്‍ മേധാവി വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ 'വീഡിയോ കോണ്‍' മേധാവി വേണുഗോപാല്‍ ധൂതിന് ഐ.സി.ഐ.സി.ഐ ബാങ്ക് അവിഹിതമായി നല്‍കിയ വായ്പാ ഇടപാടില്‍ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവും പങ്കാളിയായിരുന്നുവെന്നും അതിന് അവര്‍ 'സഹായ സഹകരണങ്ങള്‍' നല്‍കിയിരുന്നതായും തെളിയിക്കപ്പെട്ടതോടെ ചന്ദയുടെ ഉദ്യോഗം തെറിക്കുന്നത് നാം അടുത്തകാലത്തു കണ്ട കാഴ്ചയാണ്.

നിക്ഷേപിക്കുന്ന പണം എണ്ണിയെടുക്കുന്നതിന് ഉപഭോക്താവില്‍ നിന്നു ബാങ്കുകള്‍ ഈടാക്കുന്ന കൂലി ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതല്‍ വര്‍ധിപ്പിച്ചത് ഉപഭോക്താക്കളുടെ മേല്‍ മറ്റൊരു ഇരുട്ടടിയാണ്. ഇതുവരെ നൂറു നോട്ടുകളില്‍ മുകളില്‍ എണ്ണാനാണ് 'കാഷ് ഹാന്‍ഡ്‌ലിങ് ചാര്‍ജ്' എന്ന പേരില്‍ കൂലി ഈടാക്കിയിരുന്നത്. ഫെബ്രുവരി മുതല്‍ ഇത് 50 നോട്ടുകള്‍ മുതല്‍ ബാധകമാക്കി. ഇതുകൂടാതെ നോട്ടെണ്ണല്‍ കൂലിക്ക് ജിഎസ്ടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്-18 ശതമാനം. ഇത് ചുമക്കേണ്ടതും ഉപഭോക്താവല്ലാതെ മറ്റാരുമല്ല.

അമ്പതു രൂപയുടെയും അതിനു താഴെയുമുള്ള നോട്ടുകള്‍ എണ്ണാനുള്ള കൂലിയും വര്‍ധനയുണ്ട്. 50 രൂപയുടെ 50 നോട്ടുകള്‍ക്ക് ഏഴുരൂപ എണ്ണല്‍ക്കൂലി നല്‍കണം.

കറന്റ് അക്കൗണ്ടില്‍ ദിവസത്തെ ശരാശരി ബാലന്‍സിന്റെ അടിസ്ഥാനത്തില്‍ മാസത്തെ ബാലന്‍സ് കണക്കാക്കി അതിന്റെ 20 ഇരട്ടിവരെ നിക്ഷേപിക്കാന്‍ എണ്ണല്‍ക്കൂലി ഈടാക്കേണ്ടെന്നായിരുന്നു ബാങ്കുകളുടെ നേരത്തെയുള്ള നിലപാട്. അതുമാറ്റി മാസത്തെ ബാലന്‍സ് കണക്കാക്കി അതിന്റെ പതിനഞ്ച് ഇരട്ടിയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ എണ്ണല്‍ക്കൂലി ഈടാക്കുന്നുണ്ട്. ഇതുവരെ ബാങ്കുകള്‍ സാധാരണ ഇടപാടുകാരില്‍ നിന്നു ദിവസം 100 നോട്ടുവരെയാണ് കൂലിയില്ലാതെ എണ്ണി എടുത്തിരുന്നത്. കൂടുതലുള്ള ഓരോ 100 എണ്ണം നോട്ടിനും 10 രൂപയാണ് ക്യാഷ് ഹാന്‍ഡ്‌ലിങ് ചാര്‍ജ് വാങ്ങിയിരുന്നത്. ഈ 'സൗജന്യ'വും ഇപ്പോള്‍ നമ്മില്‍ നിന്നു അപഹരിക്കപ്പെട്ടിരിക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ലയനം നടന്ന 2017-18 സാമ്പത്തികവര്‍ഷത്തില്‍ 1,55,585 കോടി രൂപ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ മൊത്തം ലാഭം ഉണ്ടാക്കി എന്ന് കണക്കുകള്‍ പറയുന്നു. അതേസമയം, കിട്ടാക്കടത്തിനായി മാറ്റിവച്ചത് 2,40,956 കോടി രൂപയാണ്. അതായത് മൊത്തം ലാഭം മുഴുവനും അതിനായി നീക്കിവെക്കേണ്ടിവന്നു എന്നും അതുംപോരാഞ്ഞ് മറ്റു ഇടങ്ങളില്‍ നിന്നു പണം കണ്ടെത്തേണ്ടിവന്നു എന്നും ഇതിനര്‍ത്ഥം. ഈ 'മറ്റ് ഇടം' സ്വന്തം ആസ്തിയല്ലാതെ മറ്റൊന്നും ആയിരുന്നില്ല. ആസ്തിയില്‍ നിന്നു 2,40,956 കോടി രൂപയാണ് 'കിട്ടാക്കടത്തിനായി' വകയിരുത്തിയത്.

ബാങ്ക് ഉപഭോക്താവിന് എന്നെങ്കിലും നീതി ലഭിക്കുമോ?

ഇത് ദിവാസ്വപ്‌നം മാത്രമാണ് എന്ന് ഇപ്പോള്‍ തന്നെ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. 'കിട്ടാക്കടവും വായ്പാത്തട്ടിപ്പും കുത്തനെ കൂടിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ കടുത്ത നടപടികളിലേക്ക്; സേവനങ്ങള്‍ക്കുള്ള ഫീസ് ഉയര്‍ത്താനാണ് നീക്കം' എന്ന് അടുത്തിടെ വന്ന മാധ്യമവാര്‍ത്തകള്‍ ഉപഭോക്താക്കളുടെ മേല്‍ ഇനിയുമൊരു ഇരുട്ടടിയാണ്. വാര്‍ത്ത തുടരുന്നതിങ്ങനെ: 'ഉയര്‍ത്തേണ്ട ഫീസുകളെക്കുറിച്ചും ബാങ്കുകള്‍ നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. മാസം മൂന്നു നിക്ഷേപത്തിനു മുകളില്‍ നടത്തിയാല്‍ വന്‍ചാര്‍ജ് ഈടാക്കുന്നതു മുതല്‍ വലിയ നോട്ടെണ്ണല്‍ ചാര്‍ജ് വരെ ഇതില്‍പ്പെടും. ഫലത്തില്‍ കിട്ടാക്കടവും വായ്പാതട്ടിപ്പും മൂലമുണ്ടായ പ്രതിസന്ധി ഉപഭോക്താവിലേക്കു വരും'. ആശ്വാസം പ്രതീക്ഷിച്ചിരിക്കുന്നതിനേക്കാള്‍ ഭേദം കോഴിക്ക് മുലവരുന്നതും കാത്തിരിക്കുകയാണ്!

സാധാരണക്കാരായ ബാങ്ക് ഇടപാടുകാര്‍ക്ക് സര്‍ക്കാരില്‍ നിന്നറിയാന്‍ രണ്ടു കാര്യങ്ങളാണുള്ളത്: 1) വായ്പാത്തട്ടിപ്പ് ഒഴിവാക്കാന്‍ നിയമത്തില്‍ മാര്‍ഗങ്ങളൊന്നും ഇല്ലേ? 2) കിട്ടാക്കടം പിടിച്ചെടുക്കാനുള്ള നടപടികള്‍ കൈക്കൊള്ളാത്തത് എന്തുകൊണ്ട്?

വിജയ് മല്യയെയും നീരവ് മോഡിയെയും പോലുള്ള വന്‍തോക്കുകള്‍ വിദേശങ്ങളില്‍ സുഖവാസം നടത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സര്‍ക്കാരില്‍ നിന്നുള്ള മറുപടി സാധാരണക്കാര്‍ക്ക് ലഭിക്കും-'ജലരേഖയായിട്ട്!'

Next Story

RELATED STORIES

Share it