Top

ബാങ്കുകളുടെ ലയനം ഇടപാടുകാരെ പ്രതികൂലമായി ബാധിക്കുമോ

നിങ്ങളുടെ ബാങ്ക് ലയനം, ഏറ്റെടുക്കല്‍ പ്രക്രിയക്ക് വിധേയമാവുകയാണെങ്കില്‍ എന്താണ് സംഭവിക്കുക? ദെനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ഇടപാടുകാര്‍ അത്തരമൊരു ആശങ്കയിലൂടെയാണ് ഇപ്പോള്‍ കടന്നു പോവുന്നത്.

ബാങ്കുകളുടെ ലയനം ഇടപാടുകാരെ  പ്രതികൂലമായി ബാധിക്കുമോ
X

കോര്‍പറേറ്റ് ലോകം ലയനം, ഏറ്റെടുക്കല്‍ എന്നിവയാല്‍ മുഖരിതമാണിന്ന്. ഇതില്‍ പലതും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തില്‍ ചെറിയ ഓളം പോലും സൃഷ്ടിക്കാറില്ല. എന്നാല്‍ നിങ്ങളുടെ ബാങ്ക് ലയനം, ഏറ്റെടുക്കല്‍ പ്രക്രിയക്ക് വിധേയമാവുകയാണെങ്കില്‍ എന്താണ് സംഭവിക്കുക? ദെനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ഇടപാടുകാര്‍ അത്തരമൊരു ആശങ്കയിലൂടെയാണ് ഇപ്പോള്‍ കടന്നു പോവുന്നത്.സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണത്തിലുള്ള ഈ മൂന്നു ബാങ്കുകള്‍ ലയിപ്പിക്കുന്നതിനുള്ള നിര്‍ദേശം സപ്തംബര്‍ 10നാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ലയനം പ്രാബല്യത്തിലാവുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ പണമിടപാട് സ്ഥാപനവും നിക്ഷേപ വ്യവസ്ഥകളില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാപനവുമായി ഇതു മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലയനം പൂര്‍ണമാവാന്‍ നാലു മുതല്‍ ആറു മാസം വരെ വേണ്ടിവരുമെന്നാണ് ബാങ്ക് ഓഫ് ബറോഡ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി എസ് ജയകുമാര്‍ പറയുന്നത്.

ബാങ്കുകള്‍ ലയിക്കുന്നത് ആദ്യമോ


രാജ്യത്ത് ബാങ്കുകളുടെ ലയനം ഇത് ആദ്യമായിട്ടല്ല. 2016ല്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകളുമായും ഭാരതീയ മഹിളാ ബാങ്കുമായും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ലയിച്ചിരുന്നു. കിട്ടാക്കടം കുത്തനെ ഉയര്‍ന്നു എന്നതായിരുന്നു ഈ ഏകീകരണത്തിലൂടെ എസ്ബിഐയ്ക്ക് ലഭിച്ച 'നേട്ടം'. ഇത് ബാങ്കിന്റെ ലാഭത്തേയും സാരമായി ബാധിച്ചിരുന്നു.

ബാങ്കിന്റെ ലയനം ഇടപാടുകാരെ മോശമായി ബാധിക്കുമോ

ബാങ്കുകളുടെ ലയനം ഇടപാടുകാരെ മോശമായി ബാധിക്കില്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ബാങ്കുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ ഇതില്‍നിന്നു കരകയറാനുള്ള എളുപ്പ വഴി ലയനമോ ഏറ്റെടുക്കലോ ആണെന്ന് സെറോദ സഹസ്ഥാപകന്‍ നിഖില്‍ കാമത്ത് പറയുന്നു. വലിയ സ്ഥാപനങ്ങളേക്കാല്‍ താരതമ്യേന ചെറു സ്ഥാപനങ്ങളിലാണ് നിങ്ങളുടെ പണം കൂടുതല്‍ സുരക്ഷിതമെന്നും അദ്ദേഹം പറയുന്നു.

എക്കൗണ്ട് ഹോള്‍ഡര്‍മാരെ ബാധിക്കുന്നതെങ്ങിനെ


ബാങ്കുകളുടെ ലയനം മൂലമുണ്ടാകുന്ന മിക്ക മാറ്റങ്ങളുടെയും ദൃക്‌സാക്ഷികള്‍ ഒരു പക്ഷെ എക്കൗണ്ട് ഹോള്‍ഡര്‍മാരായിക്കും. സ്ഥാപനങ്ങള്‍ ലയിച്ചാലും നിങ്ങള്‍ അവിടെ എക്കൗണ്ട് ഹോള്‍ഡറായി തുടരും. നിങ്ങള്‍ക്ക് പുതിയ ചെക്ക് ബുക്കും ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളും വിതരണം ചെയ്യും. നിങ്ങളുടെ അക്കൗണ്ട് നമ്പറുകളും കസ്റ്റമര്‍ ഐഡികളും ബാങ്കിന്റെ ഐഎഫ്എസ്‌സി കോഡുകളും ഒരു പക്ഷെ മാറിയേക്കാമെന്ന് ബാങ്ക് ബാസാര്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ആദില്‍ ഷെട്ടി പറയുന്നു. ഇത്തരം മാറ്റങ്ങള്‍ ആദായ നികുതി വകുപ്പിനെയും ഇന്‍ഷൂറന്‍സ് കമ്പനികളേയും മ്യൂചല്‍ ഫണ്ട് നിക്ഷേപ സ്ഥാപനങ്ങളെയും അറിയിക്കണം.


ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ഉണ്ടെങ്കില്‍


നിങ്ങള്‍ക്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് ഉണ്ടെങ്കില്‍ ബാങ്കിന്റെ പേര് ഒരു പക്ഷെ മാറ്റേണ്ടിവരും. എന്നാല്‍ പലിശ നിരക്കിനെ ചൊല്ലി നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഫിക്‌സ്ഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്കില്‍ നേരത്തേ ധാരണ നിലവിലുള്ളതിനാല്‍ പകുതിയില്‍വച്ച് മാറ്റം വരുത്താന്‍ ബാങ്കുകള്‍ക്ക് സാധ്യമല്ല.

വായ്പ തിരിച്ചടവുള്ളവര്‍

ലയന പാതയിലുള്ള ബാങ്കില്‍ നിന്ന് വായ്പ എടുത്തവരാണെങ്കില്‍ പലിശ നിരക്ക് കുത്തനെ ഉയരുമെന്ന ആശങ്ക വേണ്ടതില്ല. ഫിക്‌സ്ഡ് ഡെപ്പോസിറ്റ് പോലെ വായ്പയ്ക്ക യോഗ്യത നേടുമ്പോഴും ബാങ്കുമായി നാം ഒരു ധാരണ ഉണ്ടാവും. അതിനാല്‍ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും. എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പയുമായി ബന്ധപ്പെട്ട കേസുകളില്‍ വായ്പയെടുത്ത ആളിന് തിരഞ്ഞെടുത്ത റീസെറ്റ് കാലയളവിന്റെ അന്ത്യത്തില്‍ പലിശ പുതുക്കാവുന്നത്. ലയനത്തിനു ശേഷം എംസിഎല്‍ആറിലേക്ക് മാറ്റുന്നതിനുള്ള ഓപ്ഷന്‍ ഇടപാടുകാരന് ലഭിക്കും. അല്ലാത്ത പക്ഷം ലയിച്ച സ്ഥാപനം തീരുമാനിക്കുന്ന അടിസ്ഥാന നിരക്കില്‍ പലിശ പുതുക്കി നിശ്ചയിക്കാവുന്നതാണെന്നും ഷെട്ടി പറഞ്ഞു. ലയിച്ച സ്ഥാപനത്തിലേക്ക് നിങ്ങളുടെ വായ്പ വളരെ എളുപ്പത്തില്‍ മറ്റാവുന്നതും സാധാരണ പോലെ ഇഎംഐയിലൂടെ വായ്പ തിരിച്ചടക്കാവുന്നതുമാണ്.

ഓഹരി ഉടമകള്‍


ഓഹരി ഉടമകളെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.


Next Story

RELATED STORIES

Share it