Wayanad

എന്‍ എം വിജയന്റെ ആത്മഹത്യ; കുറ്റപത്രം സമര്‍പ്പിച്ചു

ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഒന്നാംപ്രതി, ഡിസിസി മുന്‍ പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രണ്ടാംപ്രതി

എന്‍ എം വിജയന്റെ ആത്മഹത്യ; കുറ്റപത്രം സമര്‍പ്പിച്ചു
X

വയനാട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഒന്നാംപ്രതി, ഡിസിസി മുന്‍ പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രണ്ടാംപ്രതി, കോണ്‍ഗ്രസ് മുന്‍ നേതാവ് കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവര്‍ മൂന്നും നാലും പ്രതികള്‍. എന്നിങ്ങനെയാണ് പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നല്‍കിയിട്ടുള്ളത്. ബാങ്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് എന്‍ എം വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലിസ് പറയുന്നു. കേസില്‍ നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

വിഷം കഴിച്ചു മരിക്കുന്നതിനു മുന്‍പ് മൂത്ത മകന്‍ വിജേഷിന് എഴുതിയ കത്തില്‍ എന്‍ എം വിജയന്‍ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാര്‍ട്ടി നേതാക്കളുടെ വഞ്ചനയെപ്പറ്റി അദ്ദേഹം പറയുന്നത്. ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തില്‍ പറയുന്നു. നിയമനത്തിന് പണം വാങ്ങിയത് എംഎല്‍എയാണെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്, ഈ വിവരങ്ങളെല്ലാം കെപിസിസി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡിസിസി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്നുനേതാക്കള്‍ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന വിവരമുള്ള കത്തുകള്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയില്‍ എന്‍ എം വിജയന്‍ എഴുതി സൂക്ഷിച്ചിരുന്നു.

ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷകസംഘം തലവന്‍ ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുള്‍ ഷെരീഫ് കുറ്റപത്രം സമര്‍പ്പിച്ചത്. നൂറോളം സാക്ഷിമൊഴികളുണ്ട്. ബാങ്ക് ഇടപാട് രേഖകള്‍, വിജയനുമായി നേതാക്കള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍, വിജയന്റെ ഡയറിയിലെ വിശദാംശങ്ങള്‍ എന്നിവയെല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നര കോടിയോളം രൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍.

അറസ്റ്റിലായ മൂന്നുപ്രതികളും ജാമ്യത്തിലാണ്. അപ്പച്ചന്റെ ശബ്ദസാമ്പിള്‍ തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചു. ഫലം കോടതിക്ക് കൈമാറും. നിയമനക്കോഴയിലുണ്ടായ കടബാധ്യതയെതുടര്‍ന്ന് വിജയന്‍ ആത്മഹത്യയുടെ വക്കിലായിരുന്നെന്ന് പ്രതികള്‍ നേരത്തെ മനസ്സിലാക്കിയിരുന്നു. ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനുമുള്‍പ്പെടെയുള്ളവരാണ് മരണത്തിന് ഉത്തരവാദികള്‍ എന്നാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പ്. വിജയനെയും മകനെയും മരണത്തിലേക്ക് തള്ളിവിട്ടതാണെന്നാണ് അന്വേഷകസംഘത്തിന്റെ കണ്ടെത്തല്‍.

2024 ഡിസംബര്‍ 24നാണ് വിജയനും മകനും വിഷംകഴിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ 27ന് മരിച്ചു. നിയമനക്കോഴയിലുള്ള വിജിലന്‍സ് കേസിലും ഐ സി ബാലകൃഷ്ണന്‍ ഒന്നാംപ്രതിയാണ്. കഴിഞ്ഞദിവസമാണ് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Next Story

RELATED STORIES

Share it