Wayanad

ലക്ഷങ്ങളുടെ ക്രമക്കേട്: മുന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബാബു അലക്‌സാണ്ടര്‍ അറസ്റ്റില്‍

ലക്ഷങ്ങളുടെ ക്രമക്കേട്: മുന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബാബു അലക്‌സാണ്ടര്‍ അറസ്റ്റില്‍
X

കല്‍പ്പറ്റ: മാനന്തവാടി മുന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ബാബു അലക്‌സാണ്ടര്‍ അറസ്റ്റിലായി. വയനാട് വിജിലന്‍സ് ഡിവൈഎസ്പി അബ്ദുര്‍ റഹീമും സംഘവുമാണ് അറസ്റ്റുചെയ്തത്. 2013 മുതല്‍ 2017 വരെ ഔദ്യോഗിക അക്കൗണ്ടില്‍നിന്നും കാഷ് ബുക്കില്‍ രേഖപ്പെടുത്താതെ 106 ചെക്കുകളിലൂടെ മുക്കാല്‍ കോടിയോളം രൂപ പിന്‍വലിച്ച് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതിനും, മറ്റ് ക്രമക്കേടുകള്‍ നടത്തിയതിനും 2019 ല്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നേരത്തെ ധനകാര്യവകുപ്പ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ ഇയാളെ സര്‍വീസില്‍നിന്നും പിരിച്ചുവിട്ടിരുന്നു. 2013 ജൂണ്‍ മുതല്‍ കാഷ് ബുക്കില്‍ രേഖപ്പെടുത്താതെയും, കണ്ടിജന്റ് ബില്ലുകള്‍ ഇല്ലാതെയും 81,92,075 രൂപ സ്വകാര്യാവശ്യത്തിനായി ഇയ്യാള്‍ പിന്‍വലിച്ചു. കൂടാതെ ഔദ്യോഗിക അക്കൗണ്ടില്‍നിന്നും 3,30,000 രൂപ മാതാപിതാക്കളുടേയും, കീഴ് ജീവനക്കാരിയുടേയു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ വ്യാജ ബില്ല് തയ്യാറാക്കി 1,10,000 തട്ടി. ആത്മ, പിഎംകെഎസ്‌വൈ സ്‌കീമുകളുടെ പേരില്‍ തട്ടിപ്പ് നടത്തി പണം തട്ടിച്ചു.

ഇത്തരത്തില്‍ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ ധനവിനിയോഗം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജില്ലാ ധനകാര്യവകുപ്പിനു നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വഴി നടപ്പാക്കിയ കൃഷിവകുപ്പിന്റെ പദ്ധതികളെപ്പറ്റി അന്വേഷണം നടത്തിയിരുന്നു. പ്രാഥമിക പരിശോധനയില്‍തന്നെ ക്രമക്കേട് വ്യക്തമായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കാര്‍ഷിക പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥനായിരുന്നു മാനന്തവാടി കൃഷി അസി. ഡയറക്ടര്‍.

Next Story

RELATED STORIES

Share it