Thrissur

പാലപ്പിള്ളിയെ ഭീതിയിലാക്കിയ കാട്ടാനക്കൂട്ടത്തെ കാടുകയറ്റി

പാലപ്പിള്ളിയെ ഭീതിയിലാക്കിയ കാട്ടാനക്കൂട്ടത്തെ കാടുകയറ്റി
X

തൃശൂര്‍: പാലപ്പിള്ളി എസ്റ്റേറ്റിലെ 89ാം ഫീല്‍ഡ് റബര്‍ തോട്ടത്തില്‍ വിവിധ ഭാഗങ്ങളില്‍ രണ്ടുദിവസമായി നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ ഒടുവില്‍ കാടുകയറ്റി. വനംവകുപ്പ് അധികൃതരും നാട്ടുകാരും പാലപ്പിള്ളി പുതുക്കാട് റബര്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളും മണിക്കൂറുകള്‍ പണിപ്പെട്ടാണ് ആനക്കൂട്ടത്തെ കാടുകയറ്റിയത്. കാടുകയറ്റിയെങ്കിലും ഇവ ഉള്‍ക്കാട്ടിലേക്ക് നീങ്ങിയിട്ടില്ല. ഞായറാഴ്ച രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം പാലപ്പിള്ളി സെന്ററിലും പരിസരത്തും നാശംവിതച്ചിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് കാട്ടാന ഓടിച്ചതിനെത്തുടര്‍ന്ന് ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. പിന്നീട് കൊച്ചിന്‍ മലബാറിന്റെ തോട്ടത്തിലേക്ക് കയറിയ ആനകള്‍ അവിടെത്തന്നെ തമ്പടിക്കുകയായിരുന്നു.

പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ആനകളെ ചിമ്മിനി ഡാമിന്റെ പരിസരത്തെ കാടുകളിലേക്ക് മാറ്റാനായിരുന്നു ശ്രമം. രാവിലെ മുതല്‍ പടക്കം പൊട്ടിച്ചും അലാറം മുഴക്കിയും ആനകളെ തുരത്താന്‍ ശ്രമം നടക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ ഇവ ജനവാസ കേന്ദ്രത്തിലേക്ക് കൂടുതല്‍ ഇറങ്ങിവന്നിരുന്നു. എസ്‌റ്റേറ്റിലെ കെട്ടിടത്തിന് സമീപം ഏറെ നേരം കാട്ടനക്കൂട്ടം നിലയുറപ്പിക്കുകയും ചെയ്തു.

ആനകള്‍ കാടുകയറിയെങ്കിലും വരും ദിവസങ്ങളിലും പ്രദേശത്ത് വനംവകുപ്പ് അധികൃതര്‍ നിരീക്ഷണം തുടരും. മൂന്ന് കൂട്ടങ്ങളിലായി ഏകദേശം 45 ഓളം ആനകളാണ് രണ്ടുദിവസമായി റബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്നത്. കൂട്ടമായി ആനകള്‍ തോട്ടത്തില്‍ നിലയുറപ്പിച്ചതിനാല്‍ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ ജോലിചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു. പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ കെ പി പ്രേം ഷമീറിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് ആനകളെ തുരത്താന്‍ രംഗത്തുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it