Thrissur

പോളക്കുളം ഇനി ശുദ്ധജലത്തിന്റെ സമൃദ്ധിയിലേക്ക്; 101 ലക്ഷത്തിന്റെ പദ്ധതി അവസാനഘട്ടത്തില്‍

കൊടുങ്ങല്ലൂര്‍ പൂപ്പത്തിഎരവത്തൂര്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ പാറപ്പുറത്താണ് മാള മേഖലയിലെ ഏറ്റവും വലിയ കുളമായ പോളക്കുളമുള്ളത്.

പോളക്കുളം ഇനി ശുദ്ധജലത്തിന്റെ സമൃദ്ധിയിലേക്ക്; 101 ലക്ഷത്തിന്റെ പദ്ധതി അവസാനഘട്ടത്തില്‍
X

മാള: പായലും പുല്ലും മാലിന്യങ്ങളും നിറഞ്ഞ് പാടശേഖരം പോലെ കിടന്നിരുന്ന പോളക്കുളം ഇനി ശുദ്ധജലത്തിന്റെ സമൃദ്ധിയിലേക്ക്. കൊടുങ്ങല്ലൂര്‍ പൂപ്പത്തിഎരവത്തൂര്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ പാറപ്പുറത്താണ് മാള മേഖലയിലെ ഏറ്റവും വലിയ കുളമായ പോളക്കുളമുള്ളത്. 2.68 ഏക്കറോളം വരുന്ന കുളം ഒരു കോടി ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് പുനഃരുദ്ധരിക്കുന്നത്. കെഎല്‍ഡിസി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണി. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമുള്ള പദ്ധതി ഒരു വര്‍ഷം മുമ്പാണ് തുടങ്ങിയത്. ഇപ്പോള്‍ കു ളത്തിലെ ചെളിയും മാലിന്യങ്ങളും നീക്കി ആഴംകൂട്ടി ചുറ്റും കരികല്ലുപയോഗിച്ച് കെട്ടുന്ന പണി അവസാന ഘട്ടത്തിലാണ്. ഇനി നടപ്പാതകള്‍ നിര്‍മ്മിച്ച് വശങ്ങളില്‍ സംരക്ഷണ സംവിധാനങ്ങളൊരുക്കി സൗന്ദര്യവത്കരിക്കണം. മാര്‍ച്ച് മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പൂത്തുരുത്തി ജലസേചന പദ്ധതിയില്‍നിന്നാണ് പോളക്കുളത്തിലേക്ക് വെള്ളമെത്തിക്കുന്നത്.

ഇവിടെനിന്ന് 40 എച്ച്പിയുടെ മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം കൊണ്ടുവരുന്നത്. കുഴൂര്‍ പഞ്ചായത്തിലെ വട്ടക്കുളം ജലസേചന പദ്ധതിയില്‍നിന്നാണ് പോളക്കുളത്തിലേക്ക് വെള്ളമെത്തിക്കുന്നത്. പോളക്കുളത്തില്‍നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരത്തിലുള്ള വട്ടക്കുളത്തില്‍ നിന്നുമുള്ള വെള്ളം ഏറെ ദൂരം കനാല്‍ വഴിയാണ്എത്തിക്കുന്നത്. എന്നാല്‍, പല ഭാഗത്തും കനാല്‍ തകര്‍ന്നതും ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ വെള്ളം എടുക്കുന്നതും കാരണം പോളക്കുളത്തിലേക്ക് വെള്ളം എത്തിക്കാന്‍ പ്രയാസമാകും. ഇതില്‍ 650 മീറ്റര്‍ മാത്രമാണ് ഇനി പൈപ്പ് സ്ഥാപിക്കാനുള്ളത്. വട്ടക്കുളത്തിലെ 100 എച്ച്പി മോട്ടോര്‍ പമ്പു ചെയ്യുന്ന വെള്ളം പൂര്‍ണമായി പൈപ്പിലൂടെ പോളക്കുളത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളവും ജലസേചനസൗകര്യവും ലഭിക്കും.

ഇപ്പോള്‍ 40 എച്ച്പി മോട്ടോര്‍ ഉപയോഗിച്ച് തെക്കന്‍ താണിശ്ശേരി പ്രദേശങ്ങളിലെ 250 കുടുംബങ്ങള്‍ക്ക് വെള്ളം നല്‍കുന്ന പദ്ധതി പോളക്കുളത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണതോതില്‍ പ്രയോജനം ലഭിക്കാത്ത അവസ്ഥയിലാണ്. വട്ടക്കുളം പദ്ധതിയില്‍ നിന്ന് നിലവില്‍ സ്ഥിരമായി വെള്ളമെ ത്തിക്കാന്‍ കഴിയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇനിയുള്ള 650 മീറ്റര്‍ കൂടി പൈപ്പ് സ്ഥാപിച്ച് 100 എച്ച് പി ശേഷിയില്‍ എത്തിച്ചാലേ അതിന് കഴിയുകയുള്ളൂ. ഇതിനായി ഏകദേശം 25 ലക്ഷം രൂപ ചെലവ് വരും. പോളക്കുളത്തില്‍നിന്ന് പൊയ്യ ഗ്രാമപഞ്ചായത്തിലെ കാടാംകുളത്തിലേക്ക് വെള്ളമെത്തിച്ച് നല്‍കുന്നതിന് 238 ലക്ഷം രൂപയുടെ പദ്ധ തി തയ്യാറാക്കി ജില്ലാ ആസൂത്രണ ഓഫീസര്‍ക്കും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും നല്‍കിയിട്ടുണ്ടെന്നാണ് ഗ്രാമപഞ്ചായത്തധികൃതര്‍ പറയുന്നത്.

ജില്ലയിലെ തന്നെ വിസ്തൃതിയില്‍ മുന്നില്‍ നില്‍ക്കുന്ന കുളം മാലിന്യങ്ങള്‍ തള്ളുന്നയിടമായും മാറിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശവാസികള്‍ അലക്കാനും കുളിക്കാനുമായി ഉപയോഗിച്ചിരുന്ന കുളത്തില്‍ മാലിന്യ നിക്ഷേപത്തിന് പുറമേ ആഫ്രീക്കന്‍ പായലും പുല്ലും കുളവാഴയും നിറഞ്ഞ് കിടക്കുന്ന അവസ്ഥയുമായിരുന്നു. കണ്ടാല്‍ പുല്ലും പായലും നിറഞ്ഞ് കിടക്കുന്ന പാടശേഖരമായേ ഈ കുളം തോന്നുകയുള്ളായിരുന്നു. നൂറുകണക്കിന് പേര്‍ നിത്യേന ഉപയോഗിച്ചിരുന്ന കുളം മനുഷ്യനോ മറ്റ് ജീവജാലങ്ങള്‍ക്കോ പ്രയോജനമില്ലാത്ത അവസ്ഥയിലുമായിരുന്നു. കുളത്തില്‍ ഇറങ്ങിയാല്‍ ചൊറിച്ചിലും മറ്റും ഉണ്ടായതോടെയാണ് പ്രദേശ വാസികള്‍ ഇവിടേക്ക് എത്താതായത്. കുളത്തിന്റെ നാല് വശവും കെട്ടി ഉയര്‍ത്തി ചുറ്റും നടപ്പാതകളും ഇരിപ്പിടങ്ങളും കൈവരികളും നിര്‍മ്മിക്കുകയും തണല്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുമ്പോള്‍ ഗ്രാമീണ ടൂറിസത്തിന് ഈ കുളം മുതല്‍ക്കൂട്ടാകും.

Next Story

RELATED STORIES

Share it