Thrissur

ചെറുകിട ജലസേചന വകുപ്പ് നീക്കംചെയ്ത പെട്ടിക്കട നാട്ടുകാര്‍ മാറ്റിസ്ഥാപിച്ചു

എഴുപതുകാരനായ ഓടാശ്ശേരി വീട്ടില്‍ പ്രഭാകരന്‍ 35 വര്‍ഷമായി ചെറുകിട ജലസേചന വകുപ്പിന്റെ കനാലിന്റെ മുകളിലാണ് പെട്ടിക്കട നടത്തിയിരുന്നത്.

ചെറുകിട ജലസേചന വകുപ്പ് നീക്കംചെയ്ത പെട്ടിക്കട നാട്ടുകാര്‍ മാറ്റിസ്ഥാപിച്ചു
X

മാള: ചെറുകിട ജല സേചന വകുപ്പ് ഒഴിപ്പിച്ച പെട്ടിക്കട ഒരുമണിക്കൂറിനുള്ളില്‍ നാട്ടുകാര്‍ തൊട്ടടുത്ത് സ്ഥാപിച്ച് മാതൃകയായി. കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുളത്തേരിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എഴുപതുകാരനായ ഓടാശ്ശേരി വീട്ടില്‍ പ്രഭാകരന്‍ 35 വര്‍ഷമായി ചെറുകിട ജലസേചന വകുപ്പിന്റെ കനാലിന്റെ മുകളിലാണ് പെട്ടിക്കട നടത്തിയിരുന്നത്. ഈ പെട്ടിക്കടക്കെതിരേ പരിസരവാസി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ചെറുകിട ജലസേചനവകുപ്പ് കനാലിന് മുകളിലെ പെട്ടിക്കട നീക്കം ചെയ്യുന്നതിന് നോട്ടിസ് നല്‍കുകയായിരുന്നു. നോട്ടീസ് പ്രകാരം സ്വയം നീക്കാതെവന്നപ്പോഴാണ് നടപടികളുമായി എത്തിയതെന്ന് ചെറു കിട ജലസേചനവകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിന്ധു ഉണ്ണി പറഞ്ഞു.

രാവിലെ എത്തിയ ഉദ്യോഗസ്ഥസംഘം കടയിലെ സാധനങ്ങള്‍ ഏതൊക്കെയെന്ന് തരംതിരിച്ച് എല്ലാം തിട്ടപ്പെടുത്തിയ ശേഷം പ്രഭാകരനെ ഏല്‍പ്പിച്ചു. ഇതിനിടെ പ്രധിഷേധവുമായി നാട്ടുകാര്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്രഭാകരന്‍ സാധനങ്ങളുമായി പോകാനൊരുങ്ങിയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് തൊട്ടടുത്ത സ്ഥലത്തേക്ക് പെട്ടിക്കട മാറ്റിസ്ഥാപിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പൊളിച്ച് നീക്കിയതിന്റെ എതിര്‍ഭാഗത്തായി 10 അടിയോളം മാറി പെട്ടിക്കട സ്ഥാപിച്ചത്. ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലുള്ള കനാലുകളിലെ അടക്കം കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി. പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it