Thrissur

കുഴൂര്‍ ഗവ. ഹൈസ്‌കൂളിന്റെ ചുറ്റുമതില്‍ പുനര്‍നിര്‍മാണത്തിന് നടപടികളായില്ല

മൂന്നരവര്‍ഷത്തോളം മുമ്പുണ്ടായ ശക്തമായ മഴയില്‍ തകര്‍ന്ന ഭാഗത്ത് നിന്നും കുറച്ചുനീങ്ങിയുള്ള ഭാഗത്ത് അടിത്തറ വെള്ളത്തോടൊപ്പം ഒലിച്ചുപോയതിനാല്‍ ചുറ്റുമതില്‍ ശൂന്യതയില്‍ നില്‍ക്കുകയാണ്.

കുഴൂര്‍ ഗവ. ഹൈസ്‌കൂളിന്റെ ചുറ്റുമതില്‍ പുനര്‍നിര്‍മാണത്തിന് നടപടികളായില്ല
X

മാള: കുഴൂര്‍ ഗവ. ഹൈസ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നിട്ട് രണ്ടുവര്‍ഷമാവാറായിട്ടും പുനര്‍നിര്‍മാണത്തിന് നടപടികളൊന്നുമായില്ല. 2018-19 അധ്യയനവര്‍ഷം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് സ്‌കൂള്‍ വളപ്പിന്റെ കിഴക്കേ അതിരിലുള്ള ചുറ്റുമതില്‍ തകര്‍ന്നത്. പെണ്‍കുട്ടികളുടെ അടക്കം ശുചിമുറികളുള്ള ഭാഗത്തെ ചുറ്റുമതിലാണ് പാടെ തകര്‍ന്നത്. സ്‌കൂള്‍ വളപ്പ് കഴിഞ്ഞാല്‍ താഴേയ്ക്ക് ഇറക്കമായതിനാല്‍ സ്‌കൂള്‍ വളപ്പിന് പുറത്തേക്ക് ചുറ്റുമതില്‍ ഇടിഞ്ഞുവീണതുകൊണ്ട് ആര്‍ക്കും പരിക്കേറ്റില്ല.

മൂന്നരവര്‍ഷത്തോളം മുമ്പുണ്ടായ ശക്തമായ മഴയില്‍ തകര്‍ന്ന ഭാഗത്ത് നിന്നും കുറച്ചുനീങ്ങിയുള്ള ഭാഗത്ത് അടിത്തറ വെള്ളത്തോടൊപ്പം ഒലിച്ചുപോയതിനാല്‍ ചുറ്റുമതില്‍ ശൂന്യതയില്‍ നില്‍ക്കുകയാണ്. ഈ ഭാഗവും തകരാന്‍ സാധ്യതയേറെയാണ്. ചുറ്റുമതിലിന്റെ ബാക്കി ഭാഗങ്ങളും തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്നത് വിദ്യാര്‍ഥികള്‍ക്കും റോഡിലൂടെ പോവുന്നവര്‍ക്കും ഒരുപോലെ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. റോഡില്‍നിന്നും എട്ടടി മുതല്‍ 10 അടിയോളം വരെ ഉയരത്തില്‍ വരെയാണ് തകര്‍ന്നുകൊണ്ടിരിക്കുന്നത്. റോഡിനഭിമുഖമായുള്ള മതിലിന്റെ ഒരുഭാഗം രണ്ടുവര്‍ഷത്തോളം മുമ്പ് തകര്‍ന്നുവീണിരുന്നു.

റോഡില്‍നിന്ന് കുറച്ച് മാറി മതില്‍ വളഞ്ഞുപോവുന്നിടത്താണ് തകര്‍ന്നതെന്നതിനാലും അവധി ദിനത്തിലായിരുന്നതിനാലും അന്ന് അപകടമൊന്നുമുണ്ടായില്ല. റോഡിനഭിമുഖമായുള്ള ബാക്കിഭാഗം തകര്‍ന്നാല്‍ ഇഷ്ടികയും മറ്റും റോഡിലൂടെ പോവുന്നവര്‍ക്കും സമീപത്തായി കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കും ഒരുപോലെ അപകടമുണ്ടാക്കും. രണ്ടുപതിറ്റാണ്ട് മുമ്പ് നിര്‍മിച്ച ചുറ്റുമതിലിന്റെ പലഭാഗങ്ങളും വിണ്ടുകീറിയും ചെരിഞ്ഞും നില്‍ക്കുകയാണ്. അറിയാതെ ഏതെങ്കിലും വിദ്യാര്‍ഥി മതിലില്‍ ചാരിനിന്നാല്‍ കുട്ടികളടക്കം മതില്‍ റോഡിലേക്ക് വീഴും. കൊടുങ്ങല്ലൂര്‍-എരവത്തൂര്‍-അത്താണി-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിനഭിമുഖമായുള്ള ഭാഗവുമുണ്ട് അപകടകരമായ അവസ്ഥയില്‍.

സ്‌കൂളിന്റ രണ്ടുവശങ്ങള്‍ സമതലത്തില്‍നിന്നും ആറടിയിലധികം വരെ ഉയരത്തിലാണ്. ഈ ഭാഗങ്ങളിലെ മതിലിന്റെ ഭാഗമാണ് 25 മീറ്ററിലധികം തകര്‍ന്നത്. ഇടറോഡിന് അഭിമുഖമായുള്ള മതിലിന്റെ പലഭാഗങ്ങളും സാമൂഹ്യവിരുദ്ധര്‍ പൊളിക്കുന്ന അവസ്ഥയുമുണ്ട്. സ്‌കൂളിലേക്ക് എളുപ്പത്തിലെത്താനും മദ്യപാനമടക്കമുള്ളവ നടത്താനുമാണ് പലയിടങ്ങളിലായി മതില്‍ പൊളിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് പരിഹാരമായി മതില്‍ പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്യുന്ന രീതിയില്‍ പണി നടത്തണമെന്നുമാണവര്‍ അഭിപ്രായപ്പെടുന്നത്. ആറുവര്‍ഷം മുമ്പ് പിടിഎ പ്രസിഡന്റായിരുന്ന സലിം എരവത്തൂര്‍ ചുറ്റുമതില്‍ പൂര്‍ണമായും പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തിന് നിവേദനം നല്‍കിയിരുന്നു.

സര്‍ക്കാര്‍ കൂളുകളില്‍ കെട്ടിടങ്ങള്‍ പണിതുകൂട്ടുമ്പോഴും ഇത്തരം കാര്യങ്ങളില്‍ ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധചെലുത്തുന്നില്ലെന്ന ആരോപണമാണ് നാട്ടുകാരില്‍നിന്നുണ്ടാവുന്നത്. 2018-19 അധ്യയനവര്‍ഷാരംഭത്തില്‍ തകര്‍ന്ന ചുറ്റുമതില്‍ നിലവിലെ അധ്യയനവര്‍ഷം കഴിയാറായിട്ടും പുനര്‍നിര്‍മാണം നടത്താത്തത് കുട്ടികളുടെയും സ്‌കൂളിന്റെയും സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ജില്ലാ പഞ്ചായത്തിന് ആശങ്കയില്ലാത്തതിന് തെളിവാണെന്നാണ് ആക്ഷേപം. അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് വേനലവധിയില്‍ ചുറ്റുമതില്‍ പൂര്‍ണമായും പുതുക്കിപ്പണിയണമെന്ന ആവശ്യമാണ് നാട്ടുകാരില്‍നിന്നും രക്ഷിതാക്കളില്‍നിന്നുമുയരുന്നത്.

Next Story

RELATED STORIES

Share it