Thiruvananthapuram

വലിയതുറ കടല്‍പ്പാലത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കും: മന്ത്രി ആന്റണി രാജു

കടല്‍പ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ജിയോ ടെക്‌നിക്കല്‍ സ്റ്റഡി നടത്താന്‍ ഐഐടിയെ ചുമതലപ്പടുത്തിയെന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

വലിയതുറ കടല്‍പ്പാലത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കും: മന്ത്രി ആന്റണി രാജു
X

തിരുവനന്തപുരം: വലിയതുറ കടല്‍പ്പാലത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കുമെന്നും നഗരവാസികള്‍ക്ക് ഒരു സായാഹ്ന വിശ്രമകേന്ദ്രം എന്ന നിലയിലും, മത്സ്യബന്ധനത്തിന് സൗകര്യപ്രദമായ രീതിയിലും വികസിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് നാശം നേരിട്ട വലിയതുറ കടല്‍പ്പാലം തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ പ്രമുഖ വാണിജ്യ കേന്ദവും ടൂറിസ ആകര്‍ഷണവുമായിരുന്നു ഒരു കാലത്ത് വലിയതുറ. എന്നാല്‍ നിരന്തര കടല്‍ക്ഷോഭം കാരണം പാലത്തിന്റെ പത്ത് തൂണുകള്‍ താഴ്ന്ന നിലയിലാണ്, അതിനാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. മൂന്ന് മാസത്തിനുള്ളില്‍ പ്രാഥമിക പണികള്‍ ആരംഭിച്ച് ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി മത്സ്യത്തൊഴിലാളികളുടെ അസൗകര്യങ്ങള്‍ പരിഹരിക്കണമെന്നും, സന്ദര്‍ശകരെ അനുവദിക്കണമെന്നും നഗരത്തിലെ ഒരു ആകര്‍ഷണ കേന്ദ്രമായി നിലനിര്‍ത്തണമെന്നും സ്ഥലം എംഎല്‍എ കൂടിയായ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചു. തീരമേഖലയിലെ തുടരെയുള്ള കടല്‍ക്ഷോഭത്തെക്കുറിച്ചും വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും തുറമുഖ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി. കടല്‍പ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ജിയോ ടെക്‌നിക്കല്‍ സ്റ്റഡി നടത്തുവാന്‍ ഐഐടിയെ ചുമതലപ്പടുത്തിയെന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ അറിയിച്ചു.

പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ തുറമുഖ വകുപ്പ് ചീഫ് എന്‍ജീനീയറെ ചുമതലപ്പെടുത്തി. കേരള മാരി ടൈം ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച് ദിനേശന്‍, തുറമുഖ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വള്ളക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ആന്റണി രാജു വിലയിരുത്തി. തീരപ്രദേശ മേഖലയെ തിരുവനന്തപുരം നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പാലം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കി സഞ്ചാരം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it