ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ മലബാറില്‍ സിറ്റിങ് നടത്തണം: മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റ്

പാലക്കാട്: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ പരിഷ്‌കരണം കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഡോ. ശ്യാം ബി മേനോന്‍ ചെയര്‍മാനായ പഠന കമ്മീഷന്‍ മലബാറില്‍ സിറ്റിങ് നടത്തണമെന്ന് മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റ്. കേരളത്തെ വിജ്ഞാനാധിഷ്ഠിത സമ്പദ് ശക്തിയാക്കി മാറ്റുന്നതിന് മുഖ്യമായും ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ മേഖലയിലെ സമൂലപരിഷ്‌കരണങ്ങളാണ് കമ്മീഷന്റെ അന്വേഷണ വിഷയം. സര്‍ക്കാരിന്റെ ഈ ദിശയിലുള്ള നീക്കം വളരെ അനിവാര്യമായതും ഏവരെയും സന്തോഷിപ്പിക്കുന്നതുമാണ്.
മനുഷ്യ വിഭവശേഷീ സൂചികകള്‍ ഉയര്‍ന്നുനില്‍ക്കുന്നുവെങ്കിലും കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ദേശീയ തലത്തില്‍ പരിശോധിച്ചാല്‍ ആശാവഹമല്ല. രാജ്യത്തെ മികച്ച കോളജുകളുടെ ലിസ്റ്റിലും സര്‍വകലാശാലകളുടെ എന്‍ഐആര്‍എഫ് റാങ്കിങ്ങിലും കേരളം പോലൊരു സംസ്ഥാനം നേടേണ്ട പദവിയില്‍ പല കാരണങ്ങള്‍ കൊണ്ട് നമുക്കെത്താനായിട്ടില്ല. ഉള്ളതില്‍തന്നെ മലബാര്‍ മേഖല, തിരുകൊച്ചി മേഖലയേക്കാള്‍ ഏറെ പിന്നിലാണെന്ന് കണക്കുകളും വ്യക്തമാക്കുന്നു. ഈ സ്ഥിതിവിശേഷം തുടര്‍പഠനക്കാരെയും തൊഴിലന്വേഷകരെയും ഒരേ പോലെ ബാധിക്കുന്നു.
പഠിക്കാനുള്ള അവസരങ്ങളുടെ കാര്യത്തില്‍ ഭീതിതമായ വിടവാണ് രണ്ട് മേഖലകള്‍ തമ്മില്‍ നിലനില്‍ക്കുന്നത്. ഇതിന്റെ ദോഷഫലങ്ങള്‍ മലബാറിന്റെ സാമൂഹിക, സാമ്പത്തിക വളര്‍ച്ചയെ ഭാവിയില്‍ പ്രതികൂലമായി ബാധിക്കുകയും ഒപ്പമെത്താന്‍ പറ്റാത്ത തരത്തില്‍ മലബാര്‍ മേഖല പിന്നാക്കം പോവുകയും ചെയ്യും. ഇതൊരു സാമൂഹിക നീതി നിഷേധത്തിന്റെ ഗൗരവതയാര്‍ന്ന വിഷയമായി കണ്ട് പരിഹാരം കാണേണ്ടതുണ്ട്. നിശ്ചയിക്കപ്പെട്ട കമ്മീഷനുകള്‍ ഈ വിഷയങ്ങള്‍ പ്രത്യേകം പരിഗണിച്ച് റിപോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ച് പരിഹാരം കാണാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് വേണ്ടത്.
വിദ്യാഭ്യാസ അവസരങ്ങളുടെയും ഗുണമേന്മയുടെയും കാര്യത്തില്‍ കടുത്ത വിവേചനം നേരിടുന്ന മലബാറിലെ രാഷ്ട്രീയ, സാമുദായിക, സംഘടനകള്‍ക്കും, തല്‍പരരായ പൊതുജനങ്ങള്‍ക്കും നേരിട്ട് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താന്‍ സാധിക്കുമാറ് കോഴിക്കോട്, കണ്ണൂര്‍, വയനാട് പ്രദേശങ്ങളില്‍ കമ്മീഷന്‍ സിറ്റിങ് നടത്തണം. നിലനില്‍ക്കുന്ന അസംതുലിതാവസ്ഥകള്‍ പഠിക്കാനും പരിഹരിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ റിപോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കണമെന്നും മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റ് വൈസ് ചെയര്‍മാന്‍ പ്രഫ:കെ എ നാസര്‍ കുനിയില്‍ ആവശ്യപ്പെട്ടു.
RELATED STORIES
റൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMT