Palakkad

ആദിവാസി യുവാവ് ശിവരാജന്റെ മരണം: പിന്നില്‍ ഡാമിലെ മല്‍സ്യത്തൊഴിലാളികള്‍- വിളയോടി ശിവന്‍കുട്ടി

ആദിവാസി യുവാവ് ശിവരാജന്റെ മരണം: പിന്നില്‍ ഡാമിലെ മല്‍സ്യത്തൊഴിലാളികള്‍- വിളയോടി ശിവന്‍കുട്ടി
X

പാലക്കാട്: ഗോവിന്ദാപുരം അബേദ്കര്‍ കോളനിയിലെ ആദിവാസി യുവാവ് ശിവരാജന്റെ മരണത്തെ സ്വാഭാവിക മരണമാക്കിത്തീര്‍ക്കാന്‍ പോലിസും പഞ്ചായത്ത് പ്രസിഡന്റും നടത്തുന്ന പ്രചാരണം പ്രതികളെ രക്ഷിക്കാനുള്ള തിരക്കഥയുടെ ഭാഗമാണെന്ന് സമരസമിതി രക്ഷാധികാരി വിളയോടി ശിവന്‍കുട്ടി. ശിവരാജന്റെ മരണത്തിനു പിന്നില്‍ മീങ്കര ഡാമിലെ അംഗീകൃത മല്‍സ്യത്തൊഴിലാളികളാണ്. ജൂലൈ 26നാണ് ശിവരാജന്റ മൃതദേഹം മീങ്കര ഡാമില്‍ കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ വിവരം പോലിസാണ് വീട്ടുകാരെ അറിയിച്ചത്.

25ന് പോലിസും ഫയര്‍ഫോഴ്‌സും ഡാമില്‍ തിരച്ചല്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല. മൃതദേഹം കണ്ടെത്തുമ്പോള്‍ ചെവിയുടെ ഭാഗത്തായി പങ്കായത്തിന്റെ അടിയേറ്റ പാടുണ്ടായിരുന്നു. എന്നാലിത് ആമ കടിച്ചതാണെന്നാണ് കൊല്ലങ്കോട് പോലിസ് പറഞ്ഞത്. മുങ്ങിമരണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രചരിപ്പിച്ചതെന്ന് വിളയോടി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. രണ്ടുദിവസം വെള്ളത്തില്‍ കിടന്നുവെന്ന് പറയുന്ന മൃതദേഹം ചീര്‍ക്കുകയോ മീന്‍ കൊത്തിയ പാടുകളോ ഉണ്ടായിരുന്നില്ല.

ചില മൃതദേഹങ്ങളില്‍ മീന്‍ കൊത്തില്ലെന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോള്‍ കൊല്ലങ്കോട് സിഐ പറഞ്ഞത്. പരാതിയെത്തുടര്‍ന്ന് കേസെടുത്തെന്ന് പറയുമ്പോഴും എഫ്‌ഐആറിന്റെ പകര്‍പ്പ് തരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് തിരുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. കൃത്യമായി അന്വേഷണം നടത്തി പ്രതികളെ പിടിച്ചില്ലങ്കില്‍ സമരത്തോടൊപ്പം കോടതിയെ സമീപിക്കുമെന്നും വിളയോടി ശിവന്‍കുട്ടി പറഞ്ഞു. ശിവരാജന്റ ഭാര്യ വിനിത, സഹോദരന്‍ തങ്കരാജ്, സമരസമിതി ഭാരവാഹികളായ മാരിയപ്പന്‍ നീലിപ്പാറ, കെ വാസുദേവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Next Story

RELATED STORIES

Share it