Malappuram

വഖഫ് ബോര്‍ഡ് സംഘടനാ താല്‍പര്യത്തിനുവേണ്ടി സമരം ചെയ്യരുത്: മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

വഖഫ് ബോര്‍ഡ് സംഘടനാ താല്‍പര്യത്തിനുവേണ്ടി സമരം ചെയ്യരുത്: മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍
X

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനകാര്യത്തില്‍ സങ്കുചിത സംഘടനാ താല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ല, സമുദായത്തിന്റെ പൊതുനന്‍മ ലാക്കാക്കിയായിരിക്കണം മുസ്‌ലിം സംഘടനകള്‍ സമരം നടത്തേണ്ടതെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ഉത്തര മേഖലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വഖഫില്‍ പുതിയ പരിഷ്‌കരണത്തിനിറങ്ങുന്ന സര്‍ക്കാര്‍ പവിത്രമായ വഖഫ് സ്വത്തുക്കളുടെ കൈകാര്യം നടത്തുന്ന വഖഫ് ബോര്‍ഡിന്റെ ഭരണം പാര്‍ട്ടി, മുന്നണി വിധേയരായ സംഘടനകളെ ഏല്‍പ്പിക്കുന്ന പതിവുരീതി മാറ്റി പൊതുസ്വീകാര്യതയും കാര്യബോധവും സൂക്ഷ്മതയുമുള്ള പണ്ഡിതരെ ഏല്‍പ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

സമുദായത്തിന്റെ പൊതുവികാരമായാണ് വഖഫ് പ്രശ്‌നത്തെ സമരം നടത്തുന്ന സംഘടനകള്‍ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്. സമരവേളകളില്‍ സ്വന്തം താല്‍പര്യത്തിനായി മാത്രം ഉപയോഗപ്പെടുത്താനുള്ളതല്ല സമുദായ വികാരമെന്ന് സംഘടനകള്‍ തിരിച്ചറിയണം. മുസ്‌ലിം മഹല്ലുകളിലും സമുദായത്തിനിടയിലും പ്രവര്‍ത്തിക്കുമ്പോഴാണ് ഈ വികാരം കൂടുതല്‍ വേണ്ടത്.

സമുദായത്തിലെ എല്ലാ വിഭാഗത്തിനും പങ്കാളിത്തമുള്ള മുസ്‌ലിം മഹല്ല് ജമാഅത്തുകളില്‍ സംഘടനയുടെ പേരില്‍ സര്‍വീസ് ബുക്ക് നടപ്പാക്കി അതുള്ളവരെ മാത്രമേ മദ്‌റസകളിലും പള്ളികളിലും ജോലിക്ക് നിര്‍ത്താകൂ എന്ന് വാശി പിടിക്കുകയും ഇതിന്റെ പേരില്‍ മുസ്‌ലിം മഹല്ലുകളില്‍ രൂക്ഷമായ വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ സംഘടനകള്‍ ആദ്യം തിരുത്തേണ്ടതെന്ന് ജമാഅത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഇത്തരം സംഘടനകള്‍ സമുദായത്തിന്റെ വഖഫ് സ്വത്തുക്കളുടെ ഭരണസാരഥ്യത്തിന് ഒട്ടും അര്‍ഹരല്ലെന്നും ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ജമാഅത്ത് കൗണ്‍സില്‍ നേതാക്കള്‍ പ്രസ്താവിച്ചു. ജനറല്‍ സെക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്തു. പി ഖാലിദ് മൗലവി അധ്യക്ഷത വഹിച്ചു. കെ കെ മുഫ്‌സില്‍, പി അബ്ദുല്ല മൗലവി, ചോലക്കല്‍ ഹംസ, കുരിക്കള്‍ മുഹമ്മദ്, പി ടി മുഹമ്മദ്, മുഹമ്മദ് അസ്‌ലം തെറ്റത്ത് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it