Malappuram

ചാലിയാര്‍ പാലവും പെരകമണ്ണ പാലവും നവീകരിക്കാന്‍ നടപടിയായി

ചാലിയാര്‍ പാലവും പെരകമണ്ണ പാലവും നവീകരിക്കാന്‍ നടപടിയായി
X

അരീക്കോട്: അരീക്കോട് ചാലിയാര്‍ പാലവും എടവണ്ണയിലെ പെരകമണ്ണ പാലവും നവീകരിക്കാന്‍ നടപടിയായി. കിഫ്ബിയിലൂടെയാണ് പദ്ധതിയൊരുക്കുന്നത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ ചാലിയാറില്‍ നിര്‍മിച്ച പാലത്തിന്റെ തൂണുകള്‍ക്ക് 2018 ലെ പ്രളയത്തിലാണ് ബലക്ഷയം സംഭവിച്ചത്. ഇരുവശവും നടപ്പാത ഇല്ലാത്തതും യാ ത്രക്കാരെ പ്രയാസത്തിലാക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തി അരീക്കോട് മേഖലാ റോഡ് സുരക്ഷ സമിതി സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് 2015 ലും പിന്നീട് 2018 വര്‍ഷത്തെ ബജറ്റിലും 70 ലക്ഷം രൂപ സര്‍ക്കാര്‍ വകയിരുത്തിയെങ്കിലും സാങ്കേതിക കാരണത്താല്‍ നിര്‍മാണം നടന്നില്ല. ഈ വര്‍ഷവും അരീക്കോട് മേഖല റോഡ് സുരക്ഷാ സമിതി പരാതി നല്‍കി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.

ചാലിയാര്‍ പാലം നവീകരണത്തിന്റെ ഭാഗമായി ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതകള്‍ നിര്‍മിക്കും. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാത നവീകരണത്തിന്റെ തുടര്‍ച്ചയായാണ് പാലങ്ങള്‍ നവീകരിക്കുന്നത്. അരീക്കോട്- എടവണ്ണ റൂട്ടിലെ പെരകമണ്ണ പാലവും പുനര്‍നിര്‍മിക്കും. ഈ മാസം അവസാനത്തോടെ പ്രവൃത്തി ആരംഭിക്കും. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 'പുതിയകാലം പുതിയ നിര്‍മാണം' ആശയത്തിലൂന്നിയാണ് സംസ്ഥാന പാതയില്‍ എരിഞ്ഞിമാവ് മുതല്‍ എടവണ്ണ വരെയും സൗത്ത് പുത്തലം മുതല്‍ മഞ്ചേരി നെല്ലിപ്പറമ്പ് വരെയുമുള്ള ഭാഗങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തി നടപ്പാക്കുന്നത്.

Next Story

RELATED STORIES

Share it