Malappuram

മംഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

മംഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്
X

മലപ്പുറം: മംഗലം പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ അവിശ്വാസ പ്രമേയത്തിന് പ്രമേയം നോട്ടീസ് നല്‍കി. രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാത്തതിലും സ്‌റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലം ഉണ്ടായിട്ടും അതൊന്നും നോക്കാതെ അഴിമതിക്ക് കളമൊരുക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയത്. മംഗലം പഞ്ചായത്തിലെ ഭൂരിഭാഗം പേരും അനുഭവിക്കുന്ന തീരാ ദുരിതമാണ് കുടിവെള്ള പ്രശ്‌നം. ചിലയിടങ്ങളില്‍ ഉപ്പുവെള്ളമാണെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ ചെളിവെള്ളമാണ് ലഭിക്കുന്നത്. തീരദേശ മേഖലയില്‍ തീരദേശ കോര്‍പറേഷന്‍ ഒരു കോടിയിലേറെ രൂപ ചെലവാക്കി പൈപ്പ് ലൈനുകളും മറ്റും സ്ഥാപിച്ച കുടിവെള്ള പദ്ധതി വര്‍ഷങ്ങളായി കമ്മീഷന്‍ ചെയ്യാതെ കിടക്കുകയാണ്. നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാവുന്ന പദ്ധതി നടപ്പാക്കാതിരിക്കാന്‍ പഞ്ചായത്ത് പലവിധ ന്യായങ്ങളും നിരത്തുകയാണ്. സങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ അത് മാറ്റി ജനങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ മുന്‍കൈയ്യെടുക്കേണ്ട പഞ്ചായത്ത് അതിന് ഒട്ടും താല്‍പര്യമെടുക്കാതെ തടസ്സങ്ങള്‍ പറഞ്ഞ് കുടിവെള്ളം മുടക്കുന്നുവെന്നാണ് പരാതി.

അഴിമതിക്ക് അവസരം ലഭിക്കുമെന്നു മനസ്സിലാക്കി വെള്ളം കയറുന്ന ചെളിക്കുണ്ട് സ്‌റ്റേഡിയത്തിനു വേണ്ടിയെടുക്കാന്‍ അമിത താല്‍പര്യം കാണിക്കുന്നതായും ആരോപണമുണ്ട്. പഞ്ചായത്തില്‍ മികച്ച സ്‌റ്റേഡിയമുണ്ടാവണമെന്നത് കായിക പ്രേമികളുടെ വലിയ ആഗ്രഹമാണ്. അത് പഞ്ചായത്തിന്റെ എല്ലാ ഭാഗത്തുള്ളവര്‍ക്കും ഉപകാരപ്പെടുന്നതും എല്ലാകാലത്തും ഉപയോഗിക്കാന്‍ കഴിയുന്നതുമാവണം. അങ്ങനെയുള്ള നിരവധി സ്ഥലങ്ങള്‍ പഞ്ചായത്തില്‍ ലഭ്യമാണ്. എന്നാല്‍, എല്ലാകാലത്തും ചെളിവെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലമാണ് പഞ്ചായത്ത് സ്‌റ്റേഡിയത്തിനായി കണ്ടെത്തിയിട്ടുള്ളത്. അത് മണ്ണിട്ടു നികത്താന്‍ തീരുമാനിച്ചാല്‍ ലക്ഷങ്ങള്‍ പിന്നെയും പൊടിക്കണം. മംഗലം പഞ്ചായത്തിന്റെ ഒരു മൂലയില്‍ കിടക്കുന്ന ഈ സ്ഥലം മഹാഭൂരിഭാഗം ജനങ്ങള്‍ക്കും ഉപയോഗിക്കാനുമാവില്ല. എല്ലാകാലത്തും ഉപയോഗിക്കാന്‍ കഴിയുന്ന സ്ഥലം സൗജന്യമായി തന്നെ പഞ്ചായത്ത് ശ്രമിച്ചാല്‍ കിട്ടുന്നതാണ്. ഫിഷറീസിന്റേത് ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ പഞ്ചായത്തിലുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ സര്‍ക്കാരില്‍ നിന്ന് 99 വര്‍ഷത്തേക്കും മറ്റും ലീസിനു വാങ്ങി സ്‌റ്റേഡിയം പണിത പഞ്ചായത്തുകളുണ്ട്. ഇനി പഞ്ചായത്തിന്റെ പണം തന്നെ ചെലവാക്കി സ്ഥലം വാങ്ങണമെന്ന് നിര്‍ബന്ധ ബുദ്ധിയുണ്ടെങ്കില്‍ ഇപ്പോള്‍ വാങ്ങാന്‍ തീരുമാനിച്ചതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇതിനേക്കാള്‍ നല്ല സ്ഥലം കിട്ടാനുമുണ്ട്. അതിനൊന്നും ശ്രമിക്കാതെ പഞ്ചായത്തംഗങ്ങള്‍ പോലും അറിയാതെ പ്രസിഡന്റും വൈസ് പ്രസിഡന്റും ചിലരും ചേര്‍ന്ന് രഹസ്യമായി സ്ഥലം വാങ്ങാന്‍ നീക്കം നടത്തിയെന്നാണ് ആരോപണം. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. ആര്‍ മുഹമ്മദ് ബഷീര്‍, കെ പി കൃഷ്ണന്‍, ടി സുധീഷ്, കെ നീത, ഇല്ലിക്കല്‍ സാവിത്രി, എം പി മജീദ്, വി വി കൗസല്യ, ഫാജിഷ അഷ്‌കര്‍, എം ഷിജു എന്നിവര്‍ ചേര്‍ന്നാണ് നോട്ടീസ് നല്‍കിയത്.




Next Story

RELATED STORIES

Share it