Malappuram

വെറ്റിലപ്പാറയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വേണമെന്ന ആവശ്യമുയരുന്നു

കൃഷ്ണന്‍ എരഞ്ഞിക്കല്‍

വെറ്റിലപ്പാറയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വേണമെന്ന ആവശ്യമുയരുന്നു
X

അരീക്കോട്: ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ അവഗണിക്കുന്നതായി ആക്ഷേപം. മലയോര മേഖലയായ വെറ്റിലപ്പാറയില്‍ ഹൈസ്‌കൂള്‍ സ്ഥാപിച്ചിട്ട് ഏറെ വര്‍ഷങ്ങളായിട്ടില്ല. 21 വാര്‍ഡുകളൂള്ള ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്‌കൂളാണ് വെറ്റിലപ്പാറയില്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തേ കിലോമീറ്ററുകള്‍ നടന്നും ബസിനെ ആശ്രയിച്ചുമാണ് മൂര്‍ക്കനാട്, തോട്ടുമുക്കം ഹൈസ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ എത്തിയിരുന്നത്. സര്‍ക്കാര്‍ ഹൈസ്‌കൂള്‍ സ്ഥാപിതമായതോടെ വിദ്യാര്‍ത്ഥികളുടെ ദുരിതത്തിന് പരിഹാരമാവുകയായിരുന്നു.

2013ലാണ് ഇവിടെ ഹൈസ്‌കൂള്‍ തുടങ്ങിയത്. 2021 അധ്യയന വര്‍ഷത്തില്‍ എല്‍പി വിഭാഗത്തില്‍ 281ഉം യുപി വിഭാഗത്തില്‍ 240 കുട്ടികളും എച്ച്എസ് വിഭാഗത്തില്‍ 271കുട്ടികളും ഉള്‍പ്പെടെ 792 കുട്ടികളാണ് പഠിക്കുന്നത്. എല്‍പിയില്‍ 8 അധ്യാപകരും യുപിയില്‍ 15 അധ്യാപകരും എച്ച്എസില്‍ 7 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്.

എന്നാല്‍ തുടര്‍പഠനത്തിന് ഇപ്പോഴും മറ്റു സ്ഥാപനങ്ങളെയാണ് ഈ ഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്. ഈ ഭാഗങ്ങളിലെ സ്ഥാപനങ്ങളില്‍ സീറ്റുകളുടെ പരിമിതിയും വിദ്യാര്‍ഥികളുടെ ഉപരിപഠനം എറെ പ്രതിസന്ധി തീര്‍ക്കുന്നുണ്ട്. വെറ്റിലപ്പാറയില്‍ ഹയര്‍ സെക്കന്‍ഡറി യാഥാര്‍ത്ഥ്യമായാല്‍ ഈ ഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കള്‍. വെറ്റിലപ്പാറ, ഓടക്കയം, എടക്കാട്ടുപറമ്പ്, കിണറടച്ച്, വടക്കുംമുറി, എടക്കാട്ടുപറമ്പ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി സ്ഥാപനം വന്നുകഴിഞാല്‍ തുടര്‍ വിദ്യാഭ്യാസത്തിന് പരിഹാരമാവും.

10 വര്‍ഷത്തിലേറെയായി ഏറനാട് മണ്ഡലത്തെ പ്രധിനിധികരിക്കുന്ന എറനാട് എംഎല്‍എ പി കെ ബഷീറിന് നിരവധി തവണ ആദിവാസികള്‍ ഉള്‍പ്പെടെ നിവേദനം സമര്‍പ്പിച്ചിട്ടും പരിഗണിക്കാത്തതില്‍ പ്രതിഷേധമുയരുകയാണ്. വിദ്യാഭ്യാസമന്ത്രിയെ നേരില്‍ക്കണ്ട് വിഷയം ശ്രദ്ധയില്‍പ്പെടുത്താനാണ് ആദിവാസികളുടെ തീരുമാനം. ആദിവാസികള്‍ ഏറെയുള്ള ഓടക്കയം വെറ്റിലപ്പാറയില്‍ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് വിദൂരസ്ഥലങ്ങളിലെ സ്‌കൂളുകളെയാണ്. ദൂരവും യാത്രാ സൗകര്യമില്ലായമയും മൂലം പല ആദിവാസി വിദ്യാര്‍ഥികളും ഉന്നതപഠനം ഉപേക്ഷിക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. വെറ്റിലപ്പാറ, ഓടക്കയം ഭാഗങ്ങളിലായി 200ഓളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഓടക്കയം പട്ടികവര്‍ഗ മേഖലയില്‍ തന്നെ ട്രൈബല്‍ ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നുണ്ട്. ഉന്നത പഠനത്തിന് വേണ്ടി ആദിവാസി മേഖലയോട് ചേര്‍ന്നുള്ള വെറ്റിലപ്പാറയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യാഥാര്‍ഥ്യമായാല്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് ആദിവാസികള്‍.

Need for a higher secondary school in Vetilappara

Next Story

RELATED STORIES

Share it