Malappuram

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 421 പേര്‍ക്ക് രോഗബാധ; 318 പേര്‍ക്ക് രോഗമുക്തി

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 421 പേര്‍ക്ക് രോഗബാധ; 318 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ ഇന്ന് 421 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 395 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ഒമ്പത് പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

318 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തരായി. ഇവരുള്‍പ്പെടെ 1,06,544 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലിപ്പോള്‍ 23,874 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,501 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 258 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 126 പേരും 93 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 546 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

കൊവിഡ് വ്യാപന സാധ്യതകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകളില്‍ ഏര്‍പ്പെടുന്നവരും വൈറസ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.




Next Story

RELATED STORIES

Share it