Malappuram

കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാത: പള്ളിപ്പടി മുതല്‍ തേക്കിന്‍ചുവട് വരെയുള്ള റോഡിന്റെ വീതി കൂട്ടണമെന്ന് ആവശ്യം

കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാത: പള്ളിപ്പടി മുതല്‍ തേക്കിന്‍ചുവട് വരെയുള്ള റോഡിന്റെ വീതി കൂട്ടണമെന്ന് ആവശ്യം
X

അരീക്കോട്: കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയുടെ ഭാഗമായ കിഴുപറമ്പ് പഞ്ചായത്തിന് കീഴിലുള്ള പള്ളിപ്പടി മുതല്‍ തേക്കിന്‍ചുവട് വരെയുള്ള ഭാഗത്തെ വീതി കുറവ് നികത്താന്‍ ബന്ധപ്പെട്ട പഞ്ചായത്ത് ഭാരവാഹികള്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപം. അരീക്കോട് ഭാഗത്തെ റോഡ് വികസനത്തിനുവേണ്ടി പൊന്നിന്‍വിലയുള്ള ഭൂമി വിട്ടുനല്‍കാന്‍ അരീക്കോട്ടെ മൂന്ന് മുസ്‌ലിം പള്ളികളുടെ കമ്മിറ്റികള്‍ തയ്യാറാവുമ്പോഴാണ് മേല്‍പ്പറഞ്ഞ റോഡ് വീതികൂട്ടുന്ന കാര്യത്തില്‍ പഞ്ചായത്ത് അധികാരികള്‍ നിസ്സംഗത പുലര്‍ത്തുന്നത്. ഇതുമൂലം സംസ്ഥാന പാതയുടെ നവീകരണം പൂര്‍ത്തിയാവുമ്പോള്‍ ഈ ഭാഗങ്ങളില്‍ വീതി കുറവ് സൃഷ്ടിക്കുമെന്ന് അരീക്കോട് മേഖലാ റോഡ് സുരക്ഷാ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴില്‍ സ്വകാര്യ സ്ഥലമുടമകളെ വിളിച്ചുചേര്‍ത്ത് ഏറനാട് എംഎല്‍എ പി കെ ബഷീറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചയ്ക്ക് അവസരമൊരുക്കാത്തതാണ് തടസ്സമായി നില്‍ക്കുന്നത്. മുമ്പ് പള്ളിപ്പടി മുതല്‍ തേക്കിന്‍ചുവട് വരെ റോഡ് വീതി വര്‍ധിപ്പിക്കാന്‍ 15 കോടി സ്ഥലമേറ്റെടുക്കുന്നതിന് അനുവദിച്ചെങ്കിലും പുതിയ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. സ്വകാര്യ ഉടമകള്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായാല്‍ മാത്രമേ ഈ ഭാഗത്ത് റോഡ് വീതി കൂട്ടാന്‍ കഴിയുകയുള്ളൂ. അരീക്കോട് ഭാഗത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ 150ല്‍പ്പരം വര്‍ഷത്തെ പഴക്കമുള്ള വാഴയില്‍പള്ളി അതിന്റെ സ്വന്തം കെട്ടിടം തന്നെ പൊളിച്ചുനീക്കിയാണ് റോഡിനുവേണ്ടി സ്ഥലം നല്‍കുന്നതിന് തയ്യാറാവുന്നത്.

100 വര്‍ഷത്തിലേറെ പഴക്കമുള്ള പുത്തലം ജുമാ മസ്ജിദ് കമ്മിറ്റിയും പരമാവധി സ്ഥലം വിട്ടുനല്‍കും. അരീക്കോട്- മഞ്ചേരി, അരീക്കോട്- കൊണ്ടോട്ടി റോഡുകള്‍ സംഗമിക്കുന്ന തിരക്കേറിയ കവലയിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. പള്ളിയുടെ ചെറിയമുറ്റം പൂര്‍ണമായും നഷ്ടപ്പെടുമെങ്കിലും നാടിനൊപ്പം നില്‍ക്കാനാണ് മഹല്ല് കമ്മിറ്റിയുടെ തീരുമാനം. 17 വര്‍ഷം മുമ്പ് മാത്രം പുതുക്കിപ്പണിത അരീക്കോട് ടൗണ്‍ ജുമാ മസ്ജിദിന്റെ കമ്മിറ്റിയും റോഡ് വികസനത്തിനാവശ്യമായ സ്ഥലം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു.

പള്ളി പുതുക്കിപ്പണിത ഘട്ടത്തില്‍ വരുമാനത്തിനുവേണ്ടി കച്ചവടസ്ഥാപനങ്ങളോ മറ്റോ നിര്‍മിക്കണമെന്ന അഭിപ്രായം മുന്‍നിര്‍ത്തി മുറ്റത്തിനുവേണ്ടി നീക്കിവച്ച സ്ഥലമാണ് ഇപ്പോള്‍ വിട്ടുകൊടുക്കുന്നത്. അങ്ങാടിയിലെ വിവിധ കെട്ടിട ഉടമകളും കച്ചവടക്കാരും വൈഎംഎ, വൈഎംബി തുടങ്ങിയ സാംസ്‌കാരിക സ്ഥാപന ഭാരവാഹികളും റോഡ് വികസനവുമായി സഹകരിക്കാന്‍ ഒരുങ്ങുമ്പോള്‍ സംസ്ഥാനപാത കടന്നുപോവുന്നകിഴുപറമ്പ് പഞ്ചായത്തിലെ പള്ളിപ്പടി തേക്കിന്‍ചുവട് ഭാഗത്തെ റോഡ് വീതികൂട്ടാന്‍ പഞ്ചായത്ത് ഭാരവാഹികള്‍ മുന്‍കൈയെടുക്കാത്തതാണ് പ്രതിസന്ധിയായി നില്‍ക്കുന്നതെന്ന് അരീക്കോട് റോഡ് സുരക്ഷാസമിതി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it