Malappuram

ഇ എം എസ് കമ്മ്യൂണിസ്റ്റ് ജീവിതം നയിക്കുന്നതിന് പ്രചോദനം: മുഖ്യമന്ത്രി

ഏലംകുളത്ത് ഇ എം എസിന്റെ ജന്മഗൃഹത്തിനു സമീപത്തായി ഇഎംഎസ് ട്രസ്റ്റ് നിര്‍മിച്ച ഇഎംഎസ് സ്മാരക സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ എം എസ് കമ്മ്യൂണിസ്റ്റ് ജീവിതം നയിക്കുന്നതിന് പ്രചോദനം: മുഖ്യമന്ത്രി
X

പെരിന്തല്‍മണ്ണ: ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായ നേതാവായിരുന്നു ഇ എം എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏലംകുളത്ത് ഇ എം എസിന്റെ ജന്മഗൃഹത്തിനു സമീപത്തായി ഇഎംഎസ് ട്രസ്റ്റ് നിര്‍മിച്ച ഇഎംഎസ് സ്മാരക സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് ജീവിതം നയിക്കുന്നതിന് എന്നും പ്രചോദനമാണ് ഇ എം എസിന്റെ സംശുദ്ധമായ ജീവിതം. ജീവിതകാലത്ത് ജനങ്ങളുമായി സംവദിക്കാനും സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടാനും പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട് പങ്കുവെക്കാനും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.

രാജ്യത്ത് മതനിരപേക്ഷത അങ്ങേയറ്റം അപകടത്തിലാണ്. വൈവിധ്യം നിറഞ്ഞ കാഴ്ചപ്പാടും വിശ്വാസവും ഉള്ളവരെ രാജ്യത്തിന് പുറത്താക്കുന്ന നിലപാടാണ് സംഘപരിവാറിന്റേത്. ഇത് രാജ്യത്തെ അപകടത്തിലാക്കും. മതനിരപേക്ഷതയുമായി യോജിപ്പില്ലാത്തവരാണ് ആര്‍എസ്എസ്സുകാര്‍.

മതാധിഷ്ഠിത രാഷ്ട്രം സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമര കാലത്തും അവര്‍ മതനിരപേക്ഷതക്ക് എതിരായിരുന്നു. അന്ന് അവര്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നവരാണ്. മതനിരപേക്ഷതക്കൊപ്പം നിന്നതുകൊണ്ടാണ് മഹാത്മാഗാന്ധിയെ ആര്‍എസ്എസ്സുകാര്‍ കൊന്നത്. രാജ്യത്ത് ഗോഡ്‌സെയെ പുകഴ്ത്താനും വാഴ്ത്താനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ ഇടതു പക്ഷത്തിനേ കഴിയൂ. രാജ്യത്തെ വിവിധ പ്രസ്ഥാനങ്ങള്‍ ഇടതുപക്ഷത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്.

കേരളത്തില്‍ വര്‍ഗ്ഗീയത യോട് യോജിച്ച് പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്സെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സിപിഎം സംസ്ഥാ ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം രാധാകൃഷ്ണന്‍, ഇ എം രാധ, പാലോളി മുഹമ്മദ് കുട്ടി, പി പി വാസുദേവന്‍. സി ദിവാകരന്‍, വി ശശികുമാര്‍, മലപ്പുറം ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി വി പി സാനു, പെരിന്തല്‍മണ്ണ മണ്ഡലം ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ പി എം മുസ്തഫ, മങ്കട മണ്ഡലം സ്ഥാനാര്‍ത്ഥി ടി കെ റഷീദലി ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസ് സംസാരിച്ചു.

Next Story

RELATED STORIES

Share it