Malappuram

പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മുക്തി: പുതുജീവന്‍ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അജിത്ത്

ഡല്‍ഹിയില്‍ പോലിസ് ഉദ്യോഗസ്ഥനായിരുന്ന നിലമ്പൂര്‍ ചോക്കാട് സ്വദേശി അജിത്ത് കുമാര്‍ (56) ജൂണ്‍ 12നാണ് നാട്ടിലെത്തിയത്.

പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മുക്തി: പുതുജീവന്‍ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അജിത്ത്
X

മലപ്പുറം: പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മുക്തനായ ആള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അജിത്താണ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടത്. കൊവിഡ് രോഗവിമുക്തരായ ഷാഹുല്‍ ഹമീദും അബ്ദുല്‍ ലത്തീഫുമാണ് അജിത്തിന് പ്ലാസ്മ നല്‍കിയത്. ഇരുവരും അജിത്തിനെ യാത്രയയക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു. തനിക്ക് പുതുജീവന്‍ നല്‍കിയ പ്ലാസ്മ ദാതാക്കള്‍ക്ക്് മധുരം നല്‍കി നന്ദി പറഞ്ഞുകൊണ്ടാണ് അജിത്തും കുടുംബാംഗങ്ങളും വീട്ടിലേക്ക് തിരിച്ചത്.

പ്ലാസ്മ തരാനുള്ള ഇവരുടെ സന്മനസ്സാണ് എന്റെ ജീവന്‍ തിരിച്ചുനല്‍കിയത്. ഇവരുടെ രക്തമാണ് എന്റെ ശരീരത്തിലൂടെ ഓടുന്നത്. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി - അജിത്ത് പ്രതികരിച്ചു. ഡല്‍ഹിയില്‍ പോലിസ് ഉദ്യോഗസ്ഥനായിരുന്ന നിലമ്പൂര്‍ ചോക്കാട് സ്വദേശി അജിത്ത് കുമാര്‍ (56) ജൂണ്‍ 12നാണ് നാട്ടിലെത്തിയത്. 17ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് സ്രവം പരിശോധനയ്ക്ക് നല്‍കി. ജൂണ്‍ 22നാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ബ്ലഡിലേക്ക് വൈറസ് ബാധിക്കുന്ന സെപ്റ്റിസീമിയ എന്നീ അവസ്ഥകള്‍ കണ്ടെത്തിയതോടെ സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം രണ്ട് തവണ പ്ലാസ്മ തെറാപ്പി നടത്തി. രോഗം ഭേദമായതോടെ സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെയും ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെയും ജില്ലാ മെഡിക്കല്‍ ഓഫിസറുടെയും അനുവാദത്തോടെ അജിത്തിനെ ജൂലൈ 9ന് സ്റ്റെപ് ഡൗണ്‍ വാര്‍ഡിലേക്ക് മാറ്റി.

പ്ലാസ്മ നല്‍കിയ ഷാഹുല്‍ ഹമീദിനും അബ്ദുല്‍ ലത്തീഫിനും ഇത് മനസ്സ് നിറഞ്ഞ നിമിഷമായിരുന്നു. കൊവിഡ് മഹാമാരിയില്‍ നിന്ന് അജിത്തിനെ രക്ഷിക്കാനായതില്‍ സന്തോഷമുണ്ടന്ന് ഇരുവരും പ്രതികരിച്ചു. അബുദാബിയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശിയായ ഷാഹുല്‍ ഹമീദിന് (34) മെയ് 10നാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 28ന് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശിയായ അബ്ദുല്‍ ലത്തീഫ് (45) മുംബൈയില്‍ നിന്നാണ് നാട്ടിലെത്തിയത്. ഏപ്രില്‍ 21ന് കൊവിഡ് സ്ഥിരീകരിച്ച് ജൂണ്‍ 15ന് രോഗവിമുക്തനായി ആശുപത്രി വിട്ടു.

ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന, ജില്ലാ മാസ് മീഡിയ ഓഫിസര്‍ രാജു, മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടും കൊവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫിസറുമായ ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫിസര്‍ ഡോ. പി. ഷിനാസ് ബാബു, എന്നിവര്‍ അജിത്തിനെ യാത്ര അയക്കാന്‍ എത്തിയിരുന്നു.




Next Story

RELATED STORIES

Share it