Malappuram

കൊവിഡ് 19: മലപ്പുറത്ത് തിരിച്ചെത്തിയ പ്രവാസിക്ക് വൈറസ് സ്ഥിരീകരിച്ചു

കൊവിഡ് 19: മലപ്പുറത്ത് തിരിച്ചെത്തിയ പ്രവാസിക്ക് വൈറസ് സ്ഥിരീകരിച്ചു
X

മലപ്പുറം: ജില്ലയില്‍ തിരിച്ചെത്തിയ പ്രവാസിയായ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഏഴിന് അബുദബിയില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ അങ്ങാടിപ്പുറം സ്വദേശിയായ 34 കാരനാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇയാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതോടെ സംസ്ഥാനത്ത് തിരിച്ചെത്തി കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എടപ്പാള്‍ നടുവട്ടം സ്വദേശി കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ തുടരുന്നുണ്ട്. ഇതില്‍ ചാപ്പനങ്ങാടി സ്വദേശി ദുബയില്‍ നിന്നും നടുവട്ടം സ്വദേശി അബുദബിയില്‍ നിന്നു മെയ് ഏഴിനുതന്നെ തിരിച്ചെത്തിയവരാണ്.

അബൂദബിയിലെ മുസഫയില്‍ സ്വകാര്യ കമ്പനിയിലെ ട്രാന്‍സ്‌പോര്‍ട്ട് കോ-ഓഡിനേറ്ററാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച അങ്ങാടിപ്പുറം സ്വദേശി. കഴിഞ്ഞ രണ്ട് മാസമായി മുസഫയിലെ ലേബര്‍ ക്യാംപിലായിരുന്നു താമസം. ഏപ്രില്‍ 27 മുതല്‍ ഇയാള്‍ക്ക് കഫക്കെട്ട് അനുഭവപ്പെട്ടിരുന്നു. മെയ് ഏഴിന് അബൂദബിയില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനത്തില്‍ രാത്രി നെടുമ്പാശ്ശേരിയിലെത്തി. വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം മെയ് എട്ടിന് പുലര്‍ച്ചെ ഒരു മണിക്കു മലപ്പുറം സ്വദേശികളായ മറ്റ് 13 പേര്‍ക്കൊപ്പം പ്രത്യേകം ഏര്‍പ്പെടുത്തിയ കെഎസ്ആര്‍ടിസി ബസില്‍ യാത്ര തിരിച്ച് പുലര്‍ച്ചെ 4.15ന് തേഞ്ഞിപ്പലത്തെ കോഴിക്കോട് സര്‍വകലാശാല ഇന്റര്‍നാഷനല്‍ ഹോസ്റ്റലിലെ കൊവിഡ് കെയര്‍ സെന്ററിലെത്തി. ഉച്ച തിരിഞ്ഞ് 2.30ന് മൂക്കടപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം 108 ആംബുലന്‍സില്‍ വൈകീട്ട് 7.05ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് സാംപിളെടുത്ത് പരിശോധനയ്ക്കയച്ചു. ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇയാള്‍ക്ക് വിദഗ്ധ ചികില്‍സ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.

ഇതോടെ മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി. മെയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളായ പ്രവാസികള്‍ കോഴിക്കോട്, കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ചികില്‍സയിലായതിനാല്‍ ഇവര്‍ മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്. 21 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം ഭേദമായത്. ഇതില്‍ കീഴാറ്റൂര്‍ പൂന്താനം സ്വദേശി തുടര്‍ ചികിത്സയിലിരിക്കെ മരിച്ചു. 20 പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായി ചികില്‍സയിലിരിക്കെ മരിച്ചത്.




Next Story

RELATED STORIES

Share it