Malappuram

വൃദ്ധ ദമ്പതികളുടെ വീട്ടിലേക്കുള്ള വഴി അയല്‍വാസി കൊട്ടിയടച്ചു; സഞ്ചാര യോഗ്യമാക്കി എസ്ഡിപിഐ(Video)

വളാഞ്ചേരി മുനിസിപ്പാലിറ്റി ഒന്നാം വാര്‍ഡ് കഞ്ഞിപ്പുരയില്‍ താമസിക്കുന്ന നെല്ലിക്കല്‍ കോയക്കുട്ടിയുടെ വീട്ടിലേക്കുള്ള വഴിയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സഞ്ചാര യോഗ്യമാക്കിയത്.

വൃദ്ധ ദമ്പതികളുടെ വീട്ടിലേക്കുള്ള വഴി അയല്‍വാസി കൊട്ടിയടച്ചു; സഞ്ചാര യോഗ്യമാക്കി എസ്ഡിപിഐ(Video)
X

വളാഞ്ചേരി: അയല്‍വാസി കൊട്ടിയടച്ച് മലിന ജലമൊഴുക്കിയ വൃദ്ധ ദമ്പതികളുടെ വീട്ടിലേക്കുള്ള വഴി എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഗതാഗത യോഗ്യമാക്കി. വളാഞ്ചേരി മുനിസിപ്പാലിറ്റി ഒന്നാം വാര്‍ഡ് കഞ്ഞിപ്പുരയില്‍ താമസിക്കുന്ന നെല്ലിക്കല്‍ കോയക്കുട്ടിയുടെ വീട്ടിലേക്കുള്ള വഴിയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സഞ്ചാര യോഗ്യമാക്കിയത്.

25 വര്‍ഷത്തോളമായി കോയക്കുട്ടിയുടെ കുടുംബവും സമീപത്തുള്ളവരും ഉപയോഗിച്ചിരുന്ന മൂന്നടി വീതിയുള്ള വഴി 15 വര്‍ഷം മുമ്പാണ് അയല്‍വാസി തടസ്സപ്പെടുത്താന്‍ തുടങ്ങിയത്. തുടക്കത്തില്‍ ബൈക്ക് ഉള്‍പ്പെടെ പോയിരുന്ന വഴിയില്‍ ഒരു ദിവസം പുലര്‍ച്ചെ അയല്‍വാസിയായ പുതുപ്പറമ്പന്‍ മുഹമ്മദ് മതില്‍ തട്ടി തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് കോയക്കുട്ടിയുടെ മകന്‍ പറഞ്ഞു. തുടര്‍ന്ന് കോയക്കുട്ടിയുടെ കുടുംബമാണ് മതില്‍ പൊളിച്ചതെന്ന് പോലിസില്‍ പരാതി നല്‍കി. ഇതുവഴി ഇടവഴിയില്ല എന്ന് പറഞ്ഞ് രണ്ട് സൈഡും കെട്ടിമുട്ടിച്ചു. പിന്നീട്, ഇതിലെ കല്ലുകള്‍ എടുത്തുമാറ്റിയാണ് നടവഴിയായി ഉപയോഗിച്ചിരുന്നത്. ആറു വര്‍ഷം മുമ്പ് ഈ വഴിയിലേക്ക് മലിന ജലം ഒഴുക്കിവിടുകയായിരുന്നു. ഒരാള്‍ക്ക് മാത്രം നടന്നു പോകാവുന്ന വഴി ഇതോടെ തീര്‍ത്തും സഞ്ചാര യോഗ്യമല്ലാത്ത സ്ഥിതിയായി. രോഗിയായ പിതാവിനെ ആശുപത്രിയിലേക്കും മറ്റും എടുത്തു കൊണ്ടു പോവേണ്ട സ്ഥിതിയായിരുന്നുവെന്ന് മകന്‍ പറയുന്നു. വിഷയത്തില്‍ പലരും ഇടപെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞു കേസുകൊടുത്തും ഭീഷണിപ്പെടുത്തിയും ഒതുക്കുകയായിരുന്നു മുഹമ്മദെന്ന് നാട്ടുകാര്‍ പറയുന്നു.


സ്‌കൂളിലും മദ്‌റസയിലും പോവുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വലിയ പ്രയാസമാണ് നേരിട്ടതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഒരു മാസം മുമ്പ് ഒരു പ്രാദേശിക ചാനല്‍ വിഷയം പുറത്തുവിട്ടതോടെയാണ് എസ്ഡിപിഐ ഇടപെട്ടത്. പ്രശ്‌നത്തിന്റെ നിയമവശങ്ങള്‍ പഠിച്ച എസ്ഡിപിഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റിയും വളാഞ്ചേരി മുനിസിപ്പില്‍ കമ്മറ്റിയും രമ്യമായ പരിഹാരമുണ്ടാക്കുന്നതിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍, ആര് ഇടപെട്ടാലും വഴി അനുവദിക്കാനാവില്ലെന്നും അങ്ങിനെ ഒരു വഴി അവിടെ ഇല്ലെന്നുമുള്ള ധാര്‍ഷ്ട്യത്തോടെയുള്ള നിലപാടാണ് മുഹമ്മദ് സ്വീകരിച്ചതെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. മൂന്നടി വഴി ആധാരത്തിലുള്ളതാണെന്നും നേതാക്കള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇന്ന് രാവിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി ജെസിബി ഉപയോഗിച്ച് വഴിയൊരുക്കുകയായിരുന്നു. നാട്ടുകാരും മഹല്ല് കമ്മിറ്റിയും തങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. എപ്പോള്‍ 60ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇത്രയും കാലം പലരും ഇടപെട്ടിട്ടും പരിഹരിക്കാന്‍ സാധിക്കാതിരുന്ന പ്രശ്‌നത്തിന് എസ്ഡിപിഐ ഇടപെട്ട് പരിഹാരം കണ്ടതില്‍ ബന്ധുക്കള്‍ നന്ദി അറിയിച്ചു.

Next Story

RELATED STORIES

Share it