Malappuram

വഴിക്കടവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി

വഴിക്കടവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി
X

എടക്കര: നാടുകാണി ചുരം വഴി സംസ്ഥാനത്തേക്ക് കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം വഴിക്കടവില്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. മണ്ണാര്‍ക്കാട് എളമ്പിലാശേരി പുള്ളിക്കാട്ടില്‍ പി എ ഷാജിയെയാണ് (50) നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവും കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രമാണിച്ച് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പോലിസ്, എക്‌സൈസ്, വനം വകുപ്പുകളുടെ സംയുക്ത പരിശോധന കര്‍ശനമാക്കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് കടത്തുന്ന അനധികൃത പണം, ആയുധം, മദ്യം എന്നിവ കണ്ടെത്തുന്നതിനാണ് പരിശോധന. ഇതിനിടെ ഉള്ളി കയറ്റിവന്ന ലോറി പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. 200 ചാക്കുകളിലായി മൂന്നുലക്ഷം ഹാന്‍സ്, ശംഭു എന്നിവയുടെ പാക്കറ്റുകളാണ് കണ്ടെടുത്തത്. വിപണിയില്‍ ഒന്നേകാല്‍ കോടി രൂപയുടെ സാധനങ്ങളാണിതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോന്‍ പറഞ്ഞു. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നും മണ്ണാര്‍ക്കാട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു ഇവ.

Next Story

RELATED STORIES

Share it