Kozhikode

വരുന്നു 'വിഷന്‍ മിഷന്‍'; കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വില്ലേജുകളും സ്മാര്‍ട്ടാവും

വരുന്നു വിഷന്‍ മിഷന്‍; കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വില്ലേജുകളും സ്മാര്‍ട്ടാവും
X

കോഴിക്കോട്: വില്ലേജ് ഓഫിസുകളടക്കമുള്ള ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ 'വിഷന്‍ മിഷന്‍ 2021-26' പദ്ധതിയുമായി റവന്യൂ വകുപ്പ്. കരമടക്കാനും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റുമായി ദിവസേന നിരവധി ജനങ്ങള്‍ ആശ്രയിക്കുന്ന വില്ലേജ് ഓഫിസുകള്‍ ജനസൗഹൃദമാക്കുന്നതിനൊപ്പം പട്ടയ വിതരണവും സര്‍വേ നടപടികളും വേഗത്തിലാക്കുക തുടങ്ങിയവയും കേന്ദ്രീകരിച്ചാണ് പദ്ധതി തയ്യാറാവുന്നത്. അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ നേരത്തേ തന്നെ ആവിഷ്‌കരിച്ച് ഇക്കാലയളവില്‍ തന്നെ നടപ്പാക്കുക എന്നതാണ് 'വിഷന്‍ മിഷന്‍ 2021-26'ലൂടെ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് റവന്യൂ മന്ത്രി കെ രാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരും എംഎല്‍എമാരും ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി വില്ലേജ് ഓഫിസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. കെട്ടിട നിര്‍മാണം ത്വരിതപ്പെടുത്തുന്നതോടൊപ്പം സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാക്കി മാറ്റാനുള്ള നടപടികളും സ്വീകരിക്കും. ഇതുവരെ ജില്ലയിലെ 15 വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാക്കിയിട്ടുണ്ട്. റീബില്‍ഡ് കേരളയിലും പ്ലാന്‍ ഫണ്ടിലും ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമായ 21 വില്ലേജ് ഒഫിസുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസുകള്‍ക്ക് പദ്ധതിയുടെ ഭാഗമായി പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിക്കും. ജില്ലയില്‍ 11 വില്ലേജ് ഓഫിസുകള്‍ക്കാണ് സ്വന്തമായി സ്ഥലമില്ലാത്തത്.

റവന്യൂ ഓഫിസുകള്‍ ഇ-ഓഫിസുകളാക്കി മാറ്റുന്നതോടെ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ സാധിക്കും. ജില്ലയിലെ നാല് താലൂക്ക് ഓഫിസുകള്‍, കലക്ടറേറ്റ്, രണ്ട് ആര്‍ഡി ഓഫിസുകള്‍, രണ്ട് റവന്യൂ റിക്കവറി ഓഫിസുകള്‍ എന്നിവ ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. മുഴുവന്‍ ആളുകളെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ലക്ഷ്യത്തോടെ ഭൂ പതിവ് നടപടികളും ലാന്റ് ട്രൈബ്യൂണല്‍ പട്ടയ വിതരണവും വേഗത്തിലാക്കുന്ന നപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. സര്‍വേ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും ഇതിനാവശ്യമായ സര്‍വേ മെഷീനുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസ് പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രതിമാസം റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേരണമെന്ന് എംഎല്‍എമാര്‍ നിര്‍ദേശിച്ചു.

വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് റവന്യൂ വകുപ്പിന്റെയും വനം വകുപ്പിന്റെയും സംയുക്ത യോഗം ചേരാനും തീരുമാനിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലെയും വില്ലേജ് ഓഫിസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും റവന്യൂ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തുന്ന ജില്ലാതല റവന്യൂ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫിസര്‍മാരുടെയും അടിയന്തര യോഗം ചേരാനും തീരുമാനിച്ചു.

മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, എംഎല്‍എ മാരായ ടി പി രാമകൃഷ്ണന്‍, എം കെ മുനീര്‍, ഇ കെ വിജയന്‍, കെ പി കുഞ്ഞമ്മദ് കുട്ടി, പിടിഎ റഹീം, കാനത്തില്‍ ജമീല, തോട്ടത്തില്‍ രവീന്ദ്രന്‍, ലിന്റോ ജോസഫ്, അഡ്വ. കെ എം സച്ചിന്‍ ദേവ്, കെ കെ രമ, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, എഡിഎം ഷാമിന്‍ സെബാസ്റ്റ്യന്‍, സബ് കലക്ടര്‍ ചെല്‍സ സിനി, വടകര ആര്‍ഡിഒ സി ബിജു എന്നിവരാണ് ജില്ലയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.

Coming 'Vision Mission'; All the villages in Kozhikode district will be smart

Next Story

RELATED STORIES

Share it