Kozhikode

താമരശേരിയിലെ ഫ്രഷ് കട്ട് തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ ഇന്ന് തീരുമാനം

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന കമ്മിറ്റിയാകും തീരുമാനമെടുക്കുക

താമരശേരിയിലെ ഫ്രഷ് കട്ട് തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ ഇന്ന് തീരുമാനം
X

കോഴിക്കോട്: സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച കോഴിക്കോട് അമ്പായത്തോടിലെ അറവുമാലിന്യ സംസ്‌കരണ ഫാക്ടറി ഫ്രഷ് കട്ട് തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ ഇന്ന് തീരുമാനം. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന ജില്ലാ തല ഫെസിലിറ്റേഷന്‍ കമ്മിറ്റിയാകും തീരുമാനമെടുക്കുക. ജില്ലയിലെ ഏക അറവുമാലിന്യ സംസ്‌കരണ ഫാക്ടറിയായ ഫ്രഷ് കട്ട് അടച്ചിടാന്‍ കഴിയില്ലെന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിന്. എത്ര ടണ്‍ സംസ്‌കരിക്കാന്‍ കഴിയുന്ന നിലയിലാണ് ഫാക്ടറിയെന്നതുള്‍പ്പെടെ പരിഗണിച്ചാകും തീരുമാനം. ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, ഫ്രഷ് കട്ട് അറവുമാലിന്യ പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രുപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാകും സമിതി. നിരപരാധികള്‍ക്കതിരെ പോലിസ് നടപടി ഉണ്ടാകില്ലെന്ന് കലക്ടര്‍ യോഗത്തില്‍ ഉറപ്പു നല്‍കിയിരുന്നു. താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറുവര്‍ഷമായി നാട്ടുകാര്‍ സമരം ചെയ്യുകയായിരുന്നു, എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സമരത്തില്‍ സംഘര്‍ഷം ഉണ്ടാവുകയും അതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 28ലധികം പേര്‍ക്കും കോഴിക്കോട് റൂറല്‍ എസ് പി ഉള്‍പ്പെടെ 16 പോലിസുകാര്‍ക്കും പരിക്കേറ്റിരുന്നു.

Next Story

RELATED STORIES

Share it