Kozhikode

കൊവിഡ്-19; കോഴിക്കോട് ജില്ലയില്‍ 31 കെയര്‍ സെന്ററുകള്‍ തുടങ്ങും

കൊവിഡ്-19; കോഴിക്കോട് ജില്ലയില്‍ 31 കെയര്‍ സെന്ററുകള്‍ തുടങ്ങും
X

കോഴിക്കോട്: കൊവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ കൂടുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ട സാഹചര്യത്തില്‍ വിവിധ സ്ഥാപനങ്ങളെ കൊറോണ കെയര്‍ സെന്ററുകളായി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യം നേരിടാനുള്ള വിപുലമായ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കൂടുതല്‍ സെന്ററുകള്‍ ഒരുക്കുന്നത്. ഈ സ്ഥാപനങ്ങളുടെ നിയന്ത്രണം ജില്ലാഭരണകൂടം ഏറ്റെടുക്കും. ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ ഓരോ മുറികളിലും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സെന്ററുകള്‍ നിശ്ചയിച്ചാണ് പ്രവേശനം ക്രമീകരിക്കുകയെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകള്‍, കോളജുകള്‍, സ്വകാര്യ ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, ഗവണ്‍മെന്റ് ട്രെയിനിങ് സ്ഥാപനങ്ങള്‍ തുടങ്ങി 31 സ്ഥാപനങ്ങളെയാണ് കെയര്‍ സെന്ററുകളാക്കി മാറ്റുക.

കോഴിക്കോട് താലൂക്കില്‍ കൊറോണ കെയര്‍ സെന്ററിന്റെ നോഡല്‍ ഓഫിസറായി റവന്യൂ ഡിവിഷനല്‍ മജിസ്‌ട്രേറ്റ് സബ്കലക്ടര്‍ ജി പ്രിയങ്കയെയും അസി. നോഡല്‍ ഓഫിസറായി ഡെപ്യൂട്ടി കലക്ടര്‍ സി ബിജുവിനെയും ചുമതലപ്പെടുത്തി. വടകര താലൂക്കില്‍ ഡെപ്യൂട്ടി കലക്ടര്‍ ജനില്‍ കുമാര്‍, കൊയിലാണ്ടി താലൂക്കില്‍ വടകര ആര്‍.ഡി.ഒ ആന്റ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വി അബ്ദുര്‍റഹ്മാന്‍, താമരശ്ശേരി താലൂക്കില്‍ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു എന്നിവര്‍ക്കാണ് ചുമതല.

കെയര്‍ സെന്ററുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ നോഡല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നോഡല്‍ ഓഫിസര്‍ ഉള്‍പ്പെടുന്ന 20അംഗ മാനേജ്‌മെന്റ് കമ്മിറ്റി കെയര്‍ സെന്ററുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി രൂപീകരിക്കും. കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ നടത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഏകോപനവും നോഡല്‍ ഓഫിസര്‍മാര്‍ ഉറപ്പുവരുത്തും.

മാനേജ്‌മെന്റ് കമ്മിറ്റി: മേയര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി മേയര്‍ അല്ലെങ്കില്‍ സ്റ്റാന്റഡിങ് കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍, വാര്‍ഡ് കൗണ്‍സിലര്‍ അല്ലെങ്കില്‍ ഗ്രാമപ്പപഞ്ചായത്തംഗം, തഹസില്‍ദാര്‍ അല്ലെങ്കില്‍ തഹസില്‍ദാര്‍(എല്‍ആര്‍) അല്ലെങ്കില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി അല്ലെങ്കില്‍ അസി. സെക്രട്ടറി അല്ലെങ്കില്‍ ജൂനിയര്‍ സൂപ്രണ്ട്, സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍, ഹെല്‍ത്ത് ഓഫിസര്‍ അല്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍, കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍, കേരള വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍, കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍, പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ അസി. എന്‍ജിനീയര്‍, പിഡബ്ല്യുഡി ബില്‍ഡിങ് അസി. എന്‍ജിനീയര്‍, സാമൂഹിക നീതി ഓഫിസര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍, വില്ലേജ് ഓഫിസര്‍, സ്ഥാപനമേധാവി, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധി എന്നിവരടങ്ങുന്നതാണ് മാനേജ്‌മെന്റ് കമ്മിറ്റി.




Next Story

RELATED STORIES

Share it