Kottayam

അലര്‍ജിയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന് പ്രത്യേക സംവിധാനം

അലര്‍ജിയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന് പ്രത്യേക സംവിധാനം
X

കോട്ടയം: ഭക്ഷണം, വിവിധ മരുന്നുകള്‍ എന്നിവയോട് മുമ്പ് അലര്‍ജി യുണ്ടായിട്ടുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന് പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ (സപ്തംബര്‍ 22, 23) പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി, കോട്ടയം, ചങ്ങനാശ്ശേരി, പാല, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പ്രത്യേക ക്രമീകരണം ഒരുക്കുന്നത്. പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മുമ്പ് അലര്‍ജികള്‍ ഉണ്ടായതുമൂലം വാക്‌സിന്‍ എടുക്കാന്‍ കഴിയാതിരുന്നവരെ പരിശോധിച്ച് വാക്‌സിന്‍ നല്‍കും.

വാക്‌സിനേഷനുശേഷം ഇവരുടെ ആരോഗ്യനില നിരീക്ഷിക്കാനും പ്രത്യേക സംവിധാനം ഇവിടങ്ങളില്‍ ഒരുക്കും. വിവിധ ഭക്ഷണ സാധനങ്ങളോട് ഏതെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ വാക്‌സിനേഷന് തടസമല്ല. മുമ്പ് പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള ചില മരുന്നുകള്‍ കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ചൊറിച്ചില്‍ തടിപ്പ് എന്നിവയും വാക്‌സിനേഷന് തടസ്സമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു. എന്നാല്‍, മരുന്നോ ഭക്ഷണമോ കഴിച്ചതിനെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയോ ആശുപത്രിയിലോ ഐസിയുവിലോ പ്രവേശിക്കപ്പെടുകയോ ചെയ്തവര്‍ വാക്‌സിനെടുക്കും മുമ്പ് ഡോക്ടറുടെ അനുമതി വാങ്ങണം.

Next Story

RELATED STORIES

Share it