Kottayam

കൊവിഡ് മുക്തര്‍ക്ക് വീടുകളില്‍ ചികില്‍സയ്ക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കും

കൊവിഡ് മുക്തര്‍ക്ക് വീടുകളില്‍ ചികില്‍സയ്ക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കും
X

കോട്ടയം: കൊവിഡ് ആശുപത്രികളിലെ ചികില്‍സയ്ക്ക് ശേഷം തുടര്‍ന്നും ഓക്‌സിജന്‍ ഉപയോഗിച്ചുള്ള ചികില്‍സ ആവശ്യമുള്ളവര്‍ക്ക് വീട്ടില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.പി കെ ജയശ്രീ അറിയിച്ചു. ഓക്‌സിജന്‍ നല്‍കുന്നതിനു പുറമെ മറ്റു ചികില്‍സകള്‍ ആവശ്യമില്ലാത്തവര്‍ക്കുവേണ്ടിയാണ് ഈ ക്രമീകരണം. ഇതിനായി 200ലധികം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ജില്ലയില്‍ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.

കൊവിഡ് മുക്തരായവരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഓക്‌സിജന്‍ തുടര്‍ന്നും നല്‍കേണ്ട സ്ഥിതിയാണെങ്കില്‍ ആശുപത്രിയില്‍നിന്ന് അതത് മേഖലകളിലെ ആരോഗ്യകേന്ദ്രത്തിലേക്ക് നിര്‍ദേശം നല്‍കും. ആരോഗ്യകേന്ദ്രത്തിലെ സാന്ത്വന പരിചരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോണ്‍സെന്‍ട്രേറ്ററും പള്‍സ് ഓക്‌സി മീറ്ററും രോഗിയുടെ വീട്ടിലെത്തിച്ച് നല്‍കും.

ഉപയോഗശേഷം വീടുകളില്‍നിന്ന് കോണ്‍സെന്‍ട്രേറ്ററുകള്‍ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ആശുപത്രികളിലെ കൂടുതല്‍ ഓക്‌സിജന്‍ കിടക്കകള്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി ഉപയോഗിക്കാനാവും.

നിലവില്‍ ലഭ്യമായ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കും സംസ്ഥാന സര്‍ക്കാരില്‍നിന്ന് ലഭിച്ച 130 എണ്ണത്തിനും പുറമെ അമേരിക്കന്‍ ഇന്ത്യ ഫൌണ്ടേഷനും(30),റൗണ്ട് ടേബിള്‍ ഇന്ത്യയും(10), സത്യസായി സേവാ സമിതിയും(1) സൗജന്യമായി നല്‍കിയവയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. റൗണ്ട് ടേബിള്‍ ഇന്ത്യ 500 പള്‍സ് ഓക്‌സിമീറ്ററുകളും ആരോഗ്യ വകുപ്പിന് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it